scorecardresearch
Latest News

കനത്ത മഴയില്‍ ഹൈദരാബാദില്‍ 19 മരണം; വീടുകളില്‍ വെള്ളം കയറി, വാഹനങ്ങൾ ഒഴുകിപ്പോയി

വളരെ അത്യാവശ്യമില്ലെങ്കില്‍ ജനം പുറത്തിറങ്ങരുതെന്ന് അധികൃതർ അഭ്യര്‍ഥിച്ചു

കനത്ത മഴയില്‍ ഹൈദരാബാദില്‍ 19 മരണം; വീടുകളില്‍ വെള്ളം കയറി, വാഹനങ്ങൾ ഒഴുകിപ്പോയി

ഹൈദരാബാദ്: കനത്ത മഴ നാശം വിതച്ച ഹൈദരാബാദില്‍ മരിച്ചവരുടെ എണ്ണം 19 ആയി. ചൊവ്വാഴ്ച രാത്രി മൈലാർദേവ്പള്ളിയിലെ അലിനഗർ കോളനിയിലെ ഒരു കുടുംബത്തിലെ ഒമ്പത് പേർ വെള്ളപ്പൊക്കത്തിൽ പെട്ടു. ഇവരിൽ ഒരാൾ രക്ഷപ്പെട്ടപ്പോൾ മറ്റ് രണ്ട് പേരുടെ മൃതദേഹങ്ങൾ ബുധനാഴ്ച ഉച്ചയോടെ കണ്ടെടുത്തു. അഞ്ചുപേരെ ഇപ്പോഴും കണ്ടെത്തിയിട്ടില്ല.

ആർ‌ജി‌ഐ എയർപോർട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ ഗഗൻ‌പഹാദ് പ്രദേശത്ത് നടന്ന മറ്റൊരു സംഭവത്തിൽ, ചൊവ്വാഴ്ച രാത്രി സമീപത്തെ ജലാശയം തകർന്നതിനെ തുടർന്ന് രണ്ട് വയസുള്ള ആൺകുട്ടി ഉൾപ്പെടെ മൂന്ന് പേർ മുങ്ങിമരിച്ചു. മറ്റൊരിടത്ത് പുലർച്ചെ മത്സ്യബന്ധനത്തിന് പോയ ഷംഷാബാദ് ഗ്രാമീണ പോലീസ് പരിധിയിലെ സുൽത്താൻപള്ളിയിൽ 45 കാരൻ മുങ്ങിമരിച്ചതായി റിപ്പോർട്ടുണ്ട്.

ബന്ദ്ലഗുഡയില്‍ പാറക്കല്ല് രണ്ടു വീടുകള്‍ക്കുമേല്‍ പതിച്ചതിനെത്തുടര്‍ന്ന് 19 ദിവസം പ്രായമായ കുഞ്ഞ് ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ചു. ഗഗന്‍പഹാദില്‍ മൂന്നുപേരും ഇബ്രാഹിംപട്ടണത്ത് രണ്ടു പേരും മരിച്ചു. മൈലാര്‍ദേവ്പള്ളിയില്‍ ഒലിച്ചുപോയ ഒൻപതു ​പേരില്‍ രണ്ടുപേരുടെ മൃതദേഹള്‍ കണ്ടെടുത്തു. ബഞ്ചാര ഹിൽസിൽ, മോട്ടോർ പമ്പ് സ്വിച്ച് ചെയ്യാനായി വീട്ടിൽ നിന്ന് ഇറങ്ങിയ ഡോക്ടർ മുങ്ങിമരിച്ചു.

ചൊവ്വാഴ്ച രാത്രി 40 കാരനായ ബി ഫാനി കുമാർ മല്ലാപൂരിനടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഉയർന്ന കേബിൾ വയർ തട്ടി ബൈക്കിൽ നിന്ന് വീണ് മരിച്ചു. ആംബർപേട്ടിൽ വിനയക് നഗറിലെ 33 കാരനായ രാജ് കുമാർ വൈദ്യുതാഘാതത്തെ തുടർന്ന് മരിച്ചു.

ദിൽ‌സുഖ്‌നഗറിലെ കോഡന്ദരംനഗറിൽ, ആദിത് സായ് എന്ന മൂന്ന് വയസുകാരൻ ചൊവ്വാഴ്ച രാവിലെ അബദ്ധത്തിൽ തന്റെ കെട്ടിടത്തിന്റെ നിലവറയിൽ വീണു. കുട്ടിയെ അമ്മ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചന്ദ്രയൻഗട്ടയിൽ മഴവെള്ളത്തിൽ ഒഴുകിപ്പോയതായി സംശയിക്കുന്ന അജ്ഞാത മൃതദേഹം അൽ ജുബൈൽ കോളനിയിൽ നിന്ന് ബുധനാഴ്ച ഉച്ചയോടെ കണ്ടെടുത്തു. മൃതദേഹം തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെത്തുടര്‍ന്ന് ഹൈദരാബാദില്‍ ഉള്‍പ്പെടെ തെലങ്കാനയില്‍ റെക്കോഡ് മഴയാണു ലഭിച്ചത്. ഹൈദരാബാദില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. കുളങ്ങളും തടാകങ്ങളും കവിഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി. വാഹനങ്ങള്‍ ഒഴുകിപ്പോയി. ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. നിരവധി പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം തകരാറിലായി. ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്തുള്ള ഹിമായത്ത് സാഗര്‍ തടാകം വക്കോളം നിറഞ്ഞതിനെത്തുടര്‍ന്ന് ഇന്നലെ അര്‍ധരാത്രിയോടെ വെള്ളം തുറന്നുവിട്ടു.

നഗരത്തിലും അനുബന്ധ പ്രദേശങ്ങളിലുമായി ഇന്നലെ വൈകിട്ടു മുതല്‍
എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ദുരന്തനിവാരണ സേനാ സംഘങ്ങള്‍, പൊലീസ്, അഗ്‌നിശമന സേനാംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ സേവനം ലഭ്യമാക്കി വരികയാണ്.താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ ഒഴിപ്പിച്ചു. അടുത്തുള്ള ഷാ ഹാതിം തലാബിലെ ടോളിചൗക്കിട നദീം കോളനിയിലെ വീടുകളില്‍നിന്ന് അറന്നൂറോാളം പേരെ എന്‍ഡിആര്‍എഫ് സംഘങ്ങള്‍ ബോട്ടുകള്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തി.

കഴിഞ്ഞ 12 മണിക്കൂറിലുണ്ടായ അഭൂതപൂര്‍വമായ മഴ കണക്കിലെടുത്ത്, വെള്ളപ്പൊക്ക സാഹചര്യം അവലോകനം ചെയ്ത ചീഫ് സെക്രട്ടറി സോമേഷ് കുമാര്‍ ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ജിഎച്ച്എംസി) പ്രദേശത്തെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കാനും വെള്ളപ്പൊക്ക പ്രദേശങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളിലെയും ജനങ്ങളെ മാറ്റാനും ചീഫ് സെക്രട്ടറി ജിഎച്ച്എംസിക്കും കലക്ടര്‍മാര്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി. വളരെ അത്യാവശ്യമില്ലെങ്കില്‍ ജനം പുറത്തിറങ്ങരുതെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്നവരോടും അവിടെനിന്ന് വരുന്നവരോടും നഗരവുമായി ബന്ധിപ്പിക്കുന്ന ഓള്‍ഡ് കര്‍നൂല്‍ റോഡിനു പകരം ഔട്ടര്‍ റിങ് റോഡ് ഉപയോഗിക്കാന്‍ ഷംഷാബാദ് ഡിസിപി എന്‍ പ്രകാശ് റെഡ്ഡി ആവശ്യപ്പെട്ടു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട അതി ന്യൂനമര്‍ദത്തെത്തുടര്‍ന്ന് ഹൈദരാബാദിലും തെലങ്കാനയിലുടനീളവും കനത്ത മഴയാണു പെയ്തത്. ആന്ധ്ര കടന്ന് തെലങ്കാനയിലെത്തിയതോടെ അതി ന്യൂനമര്‍ദം ന്യൂനമര്‍ദമായി ദുര്‍ബലമായി. ഇതിന്റെ മഹാരാഷ്ട്രയിലേക്കും കര്‍ണാടകയിലേക്കുമുള്ള പാതയില്‍ തെലങ്കാനയിലെ എല്ലാ ജില്ലകളിലും കനത്ത മഴ മുതല്‍ അതിതീവ്ര മഴ രേഖപ്പെടുത്തി.

ചൊവ്വാഴ്ച രാവിലെ ആരംഭിച്ച മഴ അര്‍ധരാത്രി വരെ നല്‍ഗൊണ്ട, ഭോംഗിര്‍, രംഗറെഡ്ഡി, ഹൈദരാബാദ്, മേഡല്‍-മല്‍ക്കാജ്ഗിരി, സംഗറെഡ്ഡി, വികാരാബാദ് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായി തുടര്‍ന്നു. മേഡ്ചല്‍ മാല്‍ക്കജ്ഗിരി ജില്ലയിലെ ഘട്‌കേസറിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. ഇവിടെ ബുധനാഴ്ച രാവിലെ ആറുവരെ 32.5 സെന്റിമീറ്റര്‍ മഴ രേഖപ്പെടുത്തി. മറ്റു 40 സ്ഥലങ്ങളില്‍ 20 മുതല്‍ 30 സെന്റിമീറ്റര്‍ വരെ മഴ രേഖപ്പെടുത്തി. ഗ്രേറ്റര്‍ ഹൈദരാബാദില്‍ ഹയാത്ത്‌നഗറില്‍ 29 സെന്റിമീറ്റര്‍ മഴ ലഭിച്ചു.

ന്യൂനമര്‍ദം തെലങ്കാനയില്‍നിന്ന് കൂടുതല്‍ വടക്കുപടിഞ്ഞാറോട്ട് നീങ്ങിയതിനാല്‍, മധ്യ മഹാരാഷ്ട്ര, തെക്കന്‍ കൊങ്കണ്‍, ഗോവ എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ കനത്ത മഴയ്ക്കും വടക്കന്‍ കൊങ്കണ്‍, കര്‍ണാടകയുടെ വടക്കുഭാഗത്തെ ഉള്‍പ്രദേശങ്ങള്‍, തീരദേശപ്രദേശങ്ങള്‍, തെക്കന്‍ കര്‍ണാടകയിലെ മലമേഖലകള്‍, മറാത്ത് വാഡ എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്കും അതിതീവ്ര മഴയ്ക്കും അടുത്ത 12 മണിക്കൂറിനുള്ളില്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു.

തെലങ്കാനയില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മുതല്‍ അതിതീവ്ര മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലിനും സാധ്യതയുണ്ട്. ഗുജറാത്ത്, പടിഞ്ഞാറന്‍ തീരം, മധ്യ, കിഴക്കന്‍ ഇന്ത്യ എന്നിവിടങ്ങളില്‍ നേരിയ മഴയുണ്ടാകും. കിഴക്കന്‍ രാജസ്ഥാന്‍, തെക്കന്‍ ഉത്തര്‍പ്രദേശ്, വടക്കുകിഴക്ക് മേഖല, തെക്കന്‍ മേഖഖല എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി.

Read in IE: 8 killed as heavy rains batter Hyderabad; water enters homes, vehicles washed away

 

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Heavy rains batter hyderabad flood