മുംബൈ: മഹാരാഷ്ട്രയില്‍ കനത്ത മഴയെ തുടര്‍ന്ന് 12 മരണം. മഴയെ തുടര്‍ന്ന് മതില്‍ തകര്‍ന്നുവീണാണ് മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റു. മുംബൈ നഗരത്തില്‍ കനത്ത മഴയെ തുടര്‍ന്ന് ജനജീവിതം ദുസഹമായിരിക്കുകയാണ്. ഇന്നും നാളെയും മുംബൈയിലും സംസ്ഥാനത്ത് പലയിടത്തും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മണിക്കൂറുകളായി പലയിടത്തും നിര്‍ത്താതെ മഴ പെയ്യുകയാണ്. കഴിഞ്ഞ വര്‍ഷം ലഭിച്ച മഴയേക്കാള്‍ ഇരട്ടിയാണ് ഇതിനോടകം തന്നെ സംസ്ഥാനത്ത് പലയിടത്തും ലഭിച്ചിരിക്കുന്നത്. റെയില്‍വേ സ്റ്റേഷനുകളിലെല്ലാം വെള്ളം കയറിയ നിലയിലാണ്. മഴ ശക്തിപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. പലയിടത്തും വെള്ളക്കെട്ട് അതിരൂക്ഷമായിട്ടുണ്ട്.

മഹാരാഷ്ട്രയിലെ മലാദ് പ്രദേശത്താണ് ഇന്ന് മതില്‍ ഇടിഞ്ഞുവീണ് അപകടം ഉണ്ടായത്. മലാദയിലെ പിംപ്രിപാഡ മേഖലയില്‍ മതില്‍ തകര്‍ന്നുവീഴുകയായിരുന്നു. പരുക്കേറ്റവരെ ആശപുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി പേര്‍ മതില്‍ തകര്‍ന്നുവീണ അവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ടിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook