ന്യൂ ഡല്‍ഹി: ഇന്നും തുടര്‍ന്നുള്ള ദിവസങ്ങളിലുമായി രാജ്യത്ത് പല സംസ്ഥാനങ്ങളിലും ശക്തമായ മഴയ്ക്ക്‌ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പശ്ചിമ ബംഗാള്‍, ഒഡിഷ, ബിഹാര്‍, ഉത്തര്‍ പ്രദേശ്‌ എന്നിവിടങ്ങളിലാണ് പ്രധാനമായും ശക്തമായ ഇടിയ്ക്കും മിന്നലിനും മഴയ്ക്കുമുള്ള മുന്നറിയിപ്പ് വെള്ളിയാഴ്ച നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഉണ്ടായ ശക്തമായ ഇടിയിലും മിന്നലിലും പെട്ട് ഉത്തര്‍ പ്രദേശിലും രാജസ്ഥാനിലും മരിച്ചവരുടെ എണ്ണം 124 ആയെന്നാണ്‌ ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. ഉത്തര്‍ പ്രദേശില്‍ 73പേരും ,രാജസ്ഥാനില്‍ 35പേരും ,തെലുങ്കാനയില്‍ 8 പേരും,ഉത്തരാഖണ്ടില്‍ 6 പേരും , പഞ്ചാബില്‍ 2 പേരുമാണ് മരിച്ചത്.

കേരളത്തിലെ വിവിധയിടങ്ങളിൽ ഇന്ന് രാത്രി ഒമ്പത് മണി വരെ ശക്തമായ മിന്നലിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.

rain forecast

മിന്നൽ ചിഹ്നമുളളയിടങ്ങളിൽ മിന്നലും കടുത്ത പച്ച നിറമുളളയിടങ്ങളിൽ കനത്ത മഴയുമാണ് പ്രവചിച്ചിട്ടുളളത്

മേയ് അഞ്ചിന് രാവിലെ വരെ കേരളത്തിൽ ഒന്നോ രണ്ടോയിടങ്ങളിൽ കനത്ത മഴയുണ്ടാകും. 24 മണിക്കൂറിനകം ഏഴു മുതൽ 11 സെന്റി മീറ്റർ വരെ മഴയായിരിക്കും പെയ്യുക. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ശക്തമായ കാറ്റോടുകൂടിയ ഇടിമിന്നലുണ്ടാകും. ചേർത്തല, കൊച്ചി, തൃശൂർ എന്നിവിടങ്ങളിലും ശക്തമായ ഇടിമിന്നൽ സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു വെള്ളിയാഴ്ച രാത്രി ഒൻപത് മണിവരെയാണ് ഈ മുന്നറിയിപ്പാണ് .

ഇടിമിന്നൽ സാധ്യതയുളളതിനാൽ ഇലക്ട്രിക് ഉപകരണങ്ങളെല്ലാം ഓഫ് ചെയ്യണം. മരങ്ങളുടെ അടിയിലും തുറസ്സായ സ്ഥലങ്ങളിലും നിൽക്കരുതെന്നും മുന്നറിയിപ്പുണ്ട്.

 

സ്ഥലത്തെ ന്യൂനമര്‍ദം കാരണം യു.പി യിലും രാജസ്ഥാനിലും മറ്റൊരു കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്നും നിരീക്ഷണ കേന്ദ്രം അറിയിച്ചു . മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ വരെയാണ് ഇതിന്റെ വേഗത. യു.പിയിലെ ആഗ്രയിലാണ് ഏറ്റവും കൂടുതല്‍ നാശ നഷ്ടം സംഭവിച്ചത്. ബിജ്നോര്‍, ബാരെലി, സഹാറാന്‍പുര്‍, പിലിബിറ്റ്, ഉന്നാവോ എന്നിവിടങ്ങളിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രാജസ്ഥാനിലെ ഭാരത്പുര്‍,അല്‍വാര്‍,ധോല്‍പുര്‍ എന്നിവിടങ്ങളില്‍ കൊടുങ്കാറ്റ് ആഞ്ഞടിച്ചു.

ബുധനാഴ്ച ഡല്‍ഹിയിലും മിന്നലും മഴയും അനുഭവപ്പെട്ടു. മഴയ്ക്ക്‌ മുന്‍പ് 36.4 ഡിഗ്രി സെല്‍ഷിയസ് ഉണ്ടായിരുന്ന ഡല്‍ഹിയുടെ താപനില മഴയ്ക്ക്‌ ശേഷം 31.4 ഡിഗ്രി സെല്‍ഷിയസ് ആയി കുറഞ്ഞു.നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ