ഹൈദരബാദ്: രണ്ട് ദിവസത്തെ ഇടവേളയ്‌ക്കുശേഷം തെലങ്കാനയിൽ വീണ്ടും ശക്തമായ മഴ. ഹൈദരബാദിൽ മഴ അതിശക്തം. പലയിടത്തും വെള്ളപ്പൊക്കം. നേരത്തെ ശക്തമായ മഴയെ തുടർന്ന് ഹൈദരബാദിൽ അമ്പതിലേറെ പേർ മരിച്ചു.

മഴയെ തുടർന്ന് വെള്ളം ഉയർന്നതോടെ ഹൈദരാബാദ് ട്രാഫിക് പൊലീസ് ഫലക്‌നുമ പാലം അടച്ചു. എഞ്ചിൻ‌ബോളി, മഹ്ബൂബ് നഗർ ക്രോസ്റോഡിൽ നിന്ന് ഫലക്‌നുമയിലേക്കുള്ള റോഡ് അടച്ചു. പി‌വി‌എൻ‌ആർ എക്‌സ്‌പ്രസ് ഹൈവേയിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള പഴയ കർനൂൾ റോഡിലും വെള്ളപ്പൊക്കമുണ്ടായി.

മംഗൽഹട്ട് പ്രദേശത്ത് വീടിന്റെ ഭിത്തി ഇടിഞ്ഞ് ആറ് വയസുകാരി മരിച്ചു. ഉറങ്ങികിടക്കുകയായിരുന്ന കുട്ടിയാണ് ഭിത്തി ഇടിഞ്ഞുവീണു മരിച്ചത്.

റോഡുകളിൽ വെള്ളപ്പൊക്കമുണ്ടായതോടെ പലയിടത്തും വാഹനങ്ങൾ ഒഴുകിപ്പോയി. മിക്ക റോഡുകളിലും ഗതാഗതം പൂർണമായി സ്‌തംഭിച്ച നിലയിലാണ്. താഴ്‌ന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

ഒക്‌ടോബർ 15 വരെയുള്ള കണക്കനുസരിച്ച് ശക്തമായ മഴയും വെള്ളപ്പൊക്കവും മൂലം അമ്പതിലേറെ പേർ മരിച്ചതായും ഏകദേശം 5,000 കോടി രൂപയുടെ നഷ്ടങ്ങൾ സംഭവിച്ചതായും സംസ്ഥാന സർക്കാർ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook