പാട്‌ന: കോവിഡ് മഹാമാരിക്കു പുറമേ രാജ്യത്തെ ഭീതിയിലാഴ്‌ത്തി കനത്ത മഴയും ഇടിമിന്നലും. കഴിഞ്ഞ രണ്ട് ദിവസമായി ബിഹാറിലും ഉത്തർപ്രദേശിലും ഇടിമിന്നലിലും പേമാരിയിലും നിരവധിപേർക്ക് ജീവൻ നഷ്‌ടപ്പെട്ടു.

ബിഹാറിൽ 83 പേർക്കും ഉത്തർപ്രദേശിൽ 24 പേർക്കും ജീവൻ നഷ്‌ടപ്പെട്ടതായാണ് ദുരന്ത നിവാരണ അതോറിറ്റി അറിയിക്കുന്നത്. മരണസംഖ്യ ഇനിയും വർധിച്ചേക്കും. അടുത്ത 72 മണിക്കൂറത്തേക്ക് കൂടി ഇരു സംസ്ഥാനങ്ങളിലും അതീവ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്.

Read Also: ബസ് ചാർജ് വർധന ഉടൻ; മിനിമം ചാർജ് പത്ത് രൂപയാക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ

ഇടിമിന്നലും പേമാരിയും തുടരാൻ സാധ്യതയുണ്ട്. അതിനാൽ ജനങ്ങൾ പരമാവധി വീടുകളിൽ തന്നെ ആയിരിക്കണമെന്നാണ് മുന്നറിയിപ്പ്. പുറത്തിറങ്ങുന്നത് പരമാവധി കുറയ്‌ക്കണമെന്നും അതീവ ജാഗ്രത പുലർത്തണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു.

ബിഹാറിൽ 23 ജില്ലകളിലായാണ് 83 പേർക്ക് ജീവൻ നഷ്‌ടമായത്. ഗോപാൽഗഞ്ച് ജില്ലയിൽ മാത്രം 13 പേർ ഇടിമിന്നലേറ്റ് മരിച്ചു. ജോലി സ്ഥലത്തുവച്ച് ഇടിമിന്നലേറ്റാണ് കൂടുതൽ പേരും മരിച്ചത്. ഇടിമിന്നലിലും പേമാരിയിലും മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ സമാശ്വാസമായി നൽകും. രാഷ്‌ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി.

Read Also: മലയാളത്തിന്റെ ആക്ഷൻ കിങ് സുരേഷ് ഗോപിയുടെ 61-ാം ജന്മദിനം ഇന്ന്; ആരാധകർക്ക് സർപ്രെെസ്

അടുത്ത മൂന്ന് ദിവസത്തേക്ക് ബിഹാറിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാറിൽ സ്ഥിതി ഗുരുതരമാണ്. നേപ്പാളിന്റെ അതിർത്തിയിൽ കനത്ത തോതിലുൾപ്പെടെ ഏതാനും ദിവസത്തേക്കു സംസ്ഥാനത്തെ 38 ജില്ലകളിലും ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook