ശ്രീനഗര്‍: ചെന്നൈയില്‍ നിന്നുളള വിനോദസഞ്ചാരി കശ്മീരില്‍ കല്ലേറില്‍ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി മെഹബൂബ മുഫ്തി. കശ്മീര്‍ സന്ദര്‍ശിക്കണമെന്ന കാലങ്ങളായുളള ആഗ്രഹത്തോടെ എത്തിയ അതിഥികള്‍ക്ക് ഇത്തരമൊരു അനുഭവമുണ്ടായത് ഹൃദയഭേദകമാണെന്ന് മുഫ്തി പറഞ്ഞു. കൊല്ലപ്പെട്ട 22കാരനായ ആര്‍.തിരുമണിയുടെ കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം പങ്കു ചേരുന്നതായി മുഫ്തി പറഞ്ഞു. സംഭവത്തിന് പിന്നാലെ തിരുമണിയുടെ കുടുംബത്തെ മുഫ്തി സന്ദര്‍ശിച്ചു.
ഗുല്‍മാര്‍ഗിലുളള റിസോര്‍ട്ടിലേക്ക് പോകും വഴിയാണ് തിരുമണിയും കുടുംബവും സഞ്ചരിച്ച കാറിന് നേരെ ജനക്കൂട്ടം കല്ലെറിഞ്ഞത്. കശ്മീരിൽ കല്ലേറു നടത്തുന്ന പ്രതിഷേധക്കാർ ടൂറിസ്റ്റുകളെ ലക്ഷ്യം വയ്ക്കുന്നത് ഈ മാസം ഇത് രണ്ടാം തവണയാണ്. സംഭവത്തെ പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനും അപലപിച്ചു. സംഭവം ബിജെപി-പിഡിപി സഖ്യത്തിന്റെ പരാജയത്തെ കാണിക്കുന്നതായി നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി പ്രസിഡന്റ് ഒമര്‍ അബ്ദുളള കുറ്റപ്പെടുത്തി. വിനോദസഞ്ചാരിയായ ഒരു അതിഥിയെ ആണ് നമ്മള്‍ കല്ലെറിഞ്ഞ് കൊന്നത് എന്ന യാഥാര്‍ത്ഥ്യം ലജ്ജിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധം നടത്തിയ അക്രമികളെ ഇതുവരെയും പിടികൂടിയിട്ടില്ല.
ഒരു വിഭാഗം നാട്ടുകാരുടെ കല്ലേറിൽ ചെന്നൈ സ്വദേശിയായ തിരുമണിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. തുടർന്ന് ഇയാളെ ശ്രീനഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞദിവസം മരണപ്പെട്ടു. നർബാലിന് പുറമേ കശ്മീർ താഴ്‌വരയിലെ മറ്റു മേഖലകളിലും വിനോദസഞ്ചാരികൾക്ക് നേരെ കല്ലേറുണ്ടായി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള കേരളത്തിൽ നിന്നുള്ള വിനോദയാത്ര സംഘവും ആക്രമണത്തിനിരയായി. സംഘത്തിലെ ഏഴ് പേർക്കാണ് കല്ലേറിൽ പരുക്കേറ്റത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 47 പേരായിരുന്നു യാത്രാ സംഘത്തിലുണ്ടായിരുന്നത്. അനന്തനാഗ് ജില്ലയിലെ പഹൽഗാമിന് സമീപം അഷ്മുഖിലായിരുന്നു സംഭവം.