വാഷിങ്ടണ്‍: ഭാര്യയുമായി അകന്ന് കഴിയുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ‘ഒരാളെ ശരിയാക്കി കൊടുക്കാം’ എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞതായി വിവരം. അമേരിക്കന്‍ മാധ്യമമായ പൊളിറ്റിക്കോ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2017 ജൂണില്‍ മോദി അമേരിക്കയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. വൈറ്റ് ഹൗസില്‍ വച്ച് ഇരുവരും തമ്മില്‍ നടന്ന കൂടിക്കാഴ്ചക്കിടയിലാണ് ട്രംപ് തമാശയെന്ന രീതിയില്‍ ഇപ്രകാരം പറഞ്ഞത്.

മോദി ഭാര്യയുമായി അകന്ന് കഴിയുകയാണെന്ന വിവരം ഉപദേഷ്ടാക്കളില്‍ നിന്നാണ് ട്രംപ് അറിഞ്ഞത്. ‘അയാള്‍ക്ക് ഒരാളെ ശരിയാക്കി കൊടുക്കാന്‍ എനിക്ക് കഴിയുമെന്ന് തോന്നുന്നു’, ട്രംപ് പറഞ്ഞതായി പൊളിറ്റിക്കോ റിപ്പോര്‍ട്ട് ചെയ്യുന്നു. കൗമാരപ്രായത്തില്‍ വിവാഹിതനായ മോദി താമസിയാതെ തന്നെ ഭാര്യയേയും ഗ്രാമവും ഉപേക്ഷിച്ച് പോവുകയായിരുന്നു. നരേന്ദ്ര മോദി തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ഏണിപ്പടികളില്‍ പതിറ്റാണ്ടുകളോളം ഈ ശൈശവവിവാഹം മറച്ചുവച്ചു. 2014ല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുമ്പോള്‍ മാത്രമാണ് താന്‍ വിവാഹിതനാണെന്ന വിവരം മോദി ഔദ്യോഗികമായി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്.

മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ തമാശ രൂപേണ മറ്റ് ചില പരാമര്‍ശങ്ങളും ട്രംപ് നടത്തി. നേപ്പാളിനെ ‘നിപ്പിള്‍’ എന്നാണ് അദ്ദേഹം ഉച്ചരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ ഭൂട്ടാനെ ‘ബട്ടണ്‍’ എന്നും പറഞ്ഞതായി പൊളിറ്റിക്കോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ആദ്യമായല്ല മോദിയെ കുറിച്ച് തമാശ രൂപേണ അദ്ദേഹം സംസാരിക്കുന്നത്. നേരത്തേ ഇന്ത്യയിലെ ഇറക്കുമതി തീരുവ കൂടുതലാണെന്ന കാര്യത്തില്‍ മോദിയെ ട്രംപ് പരിഹസിച്ചിരുന്നു.

ഇറക്കുമതി ചെയ്യുന്ന വലിയ ബ്രാന്റ് മോട്ടോര്‍ സൈക്കിളിന് 50 ശതമാനം വരെ തീരുവ കുറച്ചിട്ടും ഇത്രയും ചെലവാകുന്നത് അന്യായമാണെന്ന് ട്രംപ് പറഞ്ഞു. സ്റ്റീല്‍ വ്യവസായത്തെ കുറിച്ചുളള ചര്‍ച്ചയ്ക്കിടെയാണ് ട്രംപ് രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. പല രാജ്യങ്ങളിലും ഇറക്കുമതിയും കയറ്റുമതിയും ചെയ്തിട്ടുണ്ടെങ്കിലും ഇന്ത്യയിലേത് അന്യായമാണെന്ന് അദ്ദേഹം തുറന്നടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം നടത്തിയ സംഭാഷണത്തേയും ട്രംപ് പേര് പരാമര്‍ശിക്കാതെ പരിഹസിച്ചു.

‘മാന്യനായ ഒരാള്‍ എന്നെ ഇന്ത്യയില്‍ നിന്നും വിളിച്ചിരുന്നു. 75 ശതമാനം ആയിരുന്ന ഇറക്കുമതി ചുങ്കം 50 ആക്കി കുറച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ഇവിടെ അമേരിക്കയില്‍ ഇന്ത്യയുടെ പല മോട്ടോര്‍സൈക്കിളും ഇറക്കുമതി ചെയ്യുന്നുണ്ട്. ഞങ്ങള്‍ എത്രയാണ് തീരുവ ചുമത്തുന്നതെന്ന് അറിയാമോ? ഒന്നും ചുമത്തുന്നില്ല’, ട്രംപ് പറഞ്ഞു.

1968ലാണ് മോദിയും യശോദയും വിവാഹിതരായത്. സമുദായാചാരപ്രകാരം കൗമാരത്തില്‍ത്തന്നെ മോദിയുടെയും യശോദ ബെന്നിന്റെയും വിവാഹം തീരുമാനിച്ചിരുന്നു. യശോദക്ക് 17ഉം മോദിക്ക് 18ഉം വയസ്സുള്ളപ്പോള്‍ അവരുടെ വിവാഹം ഒരു ചെറിയ ചടങ്ങായി നടത്തുകയും ചെയ്തു. അദ്ധ്യാപികയായിരുന്ന യശോദ വിരമിച്ചശേഷം തന്റെ സഹോദരന്മാര്‍ക്കൊപ്പം ഉഞ്ജയിലാണ് താമസം. മോദിയുടെ താമസസ്ഥലമായ വാഡ്‌നഗറില്‍ നിന്നും 32 കിമീ അകലെയാണ് ഉഞ്ജ. വര്‍ഷങ്ങളായി അദ്ദേഹം വിളിച്ചിട്ടില്ലെങ്കിലും തലസ്ഥാനത്ത് ഒരു ദിവസം മോദിയുടെ ഭാര്യയായി കഴിയാം എന്ന പ്രതീക്ഷ ഇപ്പോഴുമുണ്ടെന്നാണ് അവര്‍ പറയുന്നത്.

‘അദ്ദേഹം വിളിച്ചാല്‍ ഞാന്‍ പോകും,’ ഒരഭിമുഖത്തില്‍ അവര്‍ പറഞ്ഞു. ‘ടിവിയില്‍ കാണിക്കുന്ന അദ്ദേഹത്തിന്റെ എല്ലാ പ്രസംഗങ്ങളും ഞാന്‍ കേള്‍ക്കാറുണ്ട്. അദ്ദേഹം സംസാരിക്കുന്നതു കേള്‍ക്കാന്‍ എനിക്കിഷ്ടമാണ്. ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്‌ദാനങ്ങളും നിറവേറ്റും എന്നാണ് കരുതുന്നത്. അതാണ് ദൈവത്തോടുള്ള എന്റെ പ്രാര്‍ത്ഥനയും.’ താഴ്ന്നവര്‍ എന്ന് മുദ്രകുത്തിയിരുന്ന ഘാഞ്ചി സമുദായത്തില്‍പ്പെട്ട ഒരു ചായക്കടക്കാരന്റെ മകനായിരുന്നു നരേന്ദ്ര മോദി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook