ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തനിക്ക് പാര്‍ട്ടിയിലെ ഉന്നത സ്ഥാനം വാഗ്ദാനം ചെയ്തു എന്ന വാര്‍ത്തകള്‍ തള്ളി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. തനിക്ക് ഇത് സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഗെഹ്‌ലോട്ട് വ്യക്തമാക്കി.
“എനിക്കിതിനെക്കുറിച്ച് ഒന്നും അറിയില്ല. എനിക്ക് തന്നിരിക്കുന്ന ജോലി ഞാന്‍ ചെയ്യുകയാണ്,” ഗെഹ്‌ലോട്ടിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എൻ ഐ റിപ്പോര്‍ട്ട് ചെയ്തു.
സോണിയയും ഗെഹ്‌ലോട്ടും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കുന്നതിനെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പിന്തുണയ്ക്കുന്നെന്ന് ഗെഹ്‌ലോട്ട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും സോണിയയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിവരങ്ങള്‍ ഗെഹ്‌ലോട്ട് വെളിപ്പെടുത്തിയിട്ടില്ല.
സോണിയ ചികിത്സ സംബന്ധമായി വിദേശത്തേക്കു യാത്ര ചെയ്യുകയാണെന്നും മക്കളും പാര്‍ട്ടി നേതാക്കളുമായ പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഒപ്പമുണ്ടാകുമെന്നും കോണ്‍ഗ്രസ് ഇന്നലെ രാത്രി അറിയിച്ചിരുന്നു.
പാർട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള തീയതി ഏതാനും ദിവസങ്ങൾക്കകം കോൺഗ്രസ് പ്രഖ്യാപിച്ചേക്കും.
നേതൃത്വം ഏറ്റെടുക്കാന്‍ രാഹുല്‍ തായാറാവാത്ത സാഹചര്യത്തില്‍ 2024 ലോക്സഭ തിരഞ്ഞെടുപ്പ് വരെ സോണിയ പാര്‍ട്ടിയെ നയിക്കണമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. എന്നാൽ കുടുംബത്തിൽ നിന്ന് ആരും പാർട്ടിയെ നയിക്കേണ്ടതില്ലെന്ന നിലപാടിലാണ് രാഹുലെന്നാണ് സൂചന.
രാഹുൽ ഗാന്ധിയെ പാർട്ടി അധ്യക്ഷനാക്കിയില്ലെങ്കിൽ അത് രാജ്യത്തെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ നിരാശയുണ്ടാക്കുമെന്ന് ഗെഹ്‌ലോട്ട് തിങ്കളാഴ്ച പറഞ്ഞിരുന്നു. സാധരണക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തരുടെ വികാരം രാഹുല്‍ മനസിലാക്കണമെന്നും പദവി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.