ന്യൂഡല്‍ഹി: ബലാക്കോട്ടില്‍ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയതിന് പിന്നാലെ ജെയ്‌ഷെ മുഹമ്മദിന്റെ മദ്രസയില്‍ നിന്നും വിദ്യാര്‍ത്ഥികളെ മാറ്റി പാര്‍പ്പിച്ചതായി വെളിപ്പെടുത്തല്‍. ഇവരെ വീടുകളിലേക്ക് അയക്കുന്നതിന് മുമ്പ് മറ്റൊരിടത്ത് സുരക്ഷിതമായി പാര്‍പ്പിച്ചെന്നും ഇന്ത്യന്‍ എക്‌സ്പ്രസിനോട് വിദ്യാര്‍ത്ഥിയുടെ ബന്ധുക്കള്‍ പറഞ്ഞു.
ബലാക്കോട്ടിലെ പ്രമുഖ ജെയ്‌ഷെ മുഹമ്മദ് മദ്രസയായ തലീം ഉല്‍ ഖുറാനിലെ വിദ്യാര്‍ത്ഥികളെയാണ് മാറ്റി പാര്‍പ്പിച്ചത്. ഇതാദ്യമായാണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തലുണ്ടാകുന്നത്. ഫെബ്രുവരി 26 നായിരുന്നു വ്യോമസേനയുടെ ആക്രമണമുണ്ടാകുന്നത്. പാക് സൈന്യമാണ് വിദ്യാര്‍ത്ഥികളെ മാറ്റിയത്. ആക്രമണമുണ്ടാകുന്നതിന് ഒരാഴ്ച മുമ്പ് തന്നെ സൈന്യം മദ്രസയ്ക്ക് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.
ഫെബ്രുവരി 26 ന് അതിരാവിലെ വലിയൊരു പൊട്ടിത്തെറിയുടെ ശബ്ദം കേട്ടാണ് തങ്ങള്‍ ഉണര്‍ന്നതെന്ന് വിദ്യാര്‍ത്ഥികളിലൊരാള്‍ പറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു. വളരെ അടുത്തു നിന്നുമായിരുന്നു ശബ്ദം കേട്ടതും. ഉണര്‍ന്നെങ്കിലും പിന്നീട് ശബ്ദമൊന്നും കേള്‍ക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ വീണ്ടും ഉറക്കമായി. രാവിലെ ഉണര്‍ന്നപ്പോള്‍ സൈനികര്‍ അവരോട് അവിടെ നിന്നും മാറാന്‍ ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ എങ്ങോട്ടാണ് അവരെ മാറ്റിയതെന്ന് അറിയില്ലെന്നും രണ്ടോ മൂന്നോ ദിവസം മാറ്റി താമസിപ്പിച്ചെന്നും ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ എല്ലാ വിദ്യാര്‍ത്ഥികളും മാറ്റിപ്പാര്‍പ്പിക്കപ്പെട്ടിരുന്നില്ലെന്നും ചിലര്‍ മാത്രമേയുണ്ടായിരുന്നുള്ളുവെന്നും ചില ബന്ധുക്കള്‍ പറഞ്ഞു.