ന്യൂഡല്‍ഹി:രാജ്യത്ത് എച്ച് 3 എന്‍2 ഇന്‍ഫ്‌ലുവന്‍സ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ നിരീക്ഷണം ശക്തമാക്കി കേന്ദ്രം. രോഗാവസ്ഥയും മരണനിരക്കും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിന് ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വൈലന്‍സ് പ്രോഗ്രാം (ഐഡിഎസ്പി) ശൃംഖല വഴി സ്ഥിതി നിരീക്ഷിക്കുകയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കുട്ടികള്‍, പ്രായമായവര്‍, സമാനരോഗങ്ങളുള്ള ആളുകള്‍ തുടങ്ങിയ ദുര്‍ബല വിഭാഗങ്ങള്‍ക്കിടയില്‍ നിരീക്ഷണം ശക്തമാക്കാനാണ് നീക്കം. എച്ച് 3 എന്‍ 2 ഇന്‍ഫ്‌ലുവന്‍സ ബാധിച്ച് കര്‍ണാടകയിലും ഹരിയാനയിലും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വ്യാപിക്കുന്ന ഇന്‍ഫ്‌ലുവന്‍സ വൈറസുകള്‍ മൂലമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ അണുബാധയാണ് സീസണല്‍ ഇന്‍ഫ്‌ലുവന്‍സ. സാധാരണയായി ഇന്ത്യയില്‍ സീസണല്‍ ഇന്‍ഫ്‌ലുവന്‍സ കാണപ്പെടുന്നത് ജനുവരിക്കും മാര്‍ച്ചിനും ഇടയിലും മറ്റൊന്ന് മണ്‍സൂണിന് ശേഷമുള്ള സീസണിലുമാണ്.
സീസണല്‍ ഇന്‍ഫ്‌ലുവന്‍സയില്‍ നിന്ന് ഉണ്ടാകുന്ന കേസുകള്‍ മാര്‍ച്ച് അവസാനത്തോടെ കുറയുമെന്ന് പ്രതീക്ഷിക്കുന്നയായും ഈ പൊതുജനാരോഗ്യ വെല്ലുവിളിയെ നേരിടാന്‍ പൂര്‍ണ്ണമായും സജ്ജരാണെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കണക്കുകള്‍ പ്രകാരം മറ്റ് ഇന്‍ഫ്‌ലുവന്‍സ ഉപവിഭാഗങ്ങളെ അപേക്ഷിച്ച് ഈ ഉപവിഭാഗം കൂടുതല്‍ ആശുപത്രിവാസത്തിന് കാരണമാകുന്നതായി മന്ത്രാലയം കണ്ടെത്തി. ”ഏകദേശം 92 ശതമാനം രോഗികളില്‍ പനി, 86 ശതമാനം പേര്‍ക്ക് ചുമ, 27 ശതമാനം പേര്‍ക്ക് ശ്വാസതടസ്സം, 16 ശതമാനം പേര്‍ക്ക് ശ്വാസംമുട്ട്, 16 ശതമാനം പേര്‍ക്ക് ന്യുമോണിയ, ആറ് ശതമാനം പേരില്‍ അപസ്മാരം എന്നിവ അനുഭവപ്പെട്ടു. ഏകദേശം 10 ശതമാനം രോഗികള്‍ക്ക് ഓക്‌സിജനും ഏഴ് ശതമാനം പേര്‍ക്ക് ഐസിയു പരിചരണവും ആവശ്യമാണെന്നും” ആരോഗ്യമന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.