രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളം അടക്കം ആറ് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തെ 515 ജില്ലകളിൽ അഞ്ച് ശതമാനത്തിലധികം കോവിഡ് പോസിറ്റീവ് നിരക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ കോവിഡ് -19 കേസുകളുടെ കുത്തനെ വർദ്ധനവ് തുടരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് ഏകദേശം 16 ശതമാനം എന്ന നിലയിൽ എത്തി.
“കോവിഡ് സാഹചര്യം കാണിക്കുന്നത് മൂന്നാമത്തെ കുതിച്ചുചാട്ടം ഇപ്പോൾ രാജ്യത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും പടരുകയാണ് എന്നാണ്. മരണനിരക്ക് കുറവാണെന്നും വ്യക്തമാണ്. വാക്സിനേഷൻ ഒരു കവചമായി പ്രവർത്തിച്ചിട്ടുണ്ട്…മരണനിരക്ക് വളരെ കുറവാണ്… എന്നിരുന്നാലും, മൊത്തത്തിലുള്ള പോസിറ്റീവ് 16 ശതമാനമാണ്. അത് വളരെ ഉയർന്നതാണ്. 50 ശതമാനം പോസിറ്റീവ് (ഗോവ) ഉള്ള ചില സംസ്ഥാനങ്ങളുണ്ട്…. വൈറസ് അതിവേഗം പടരുകയാണ്. വാക്സിനേഷൻ സ്വീകരിക്കുകയും മാസ്ക് ധരിക്കുകയും വേണം,”ഇന്ത്യയുടെ കോവിഡ് -19 ടാസ്‌ക് ഫോഴ്‌സിന്റെ തലവൻ ഡോ വി കെ പോൾ പറഞ്ഞു.
ജനുവരി 12 ന് അവസാനിച്ച ആഴ്ചയിൽ 335 ജില്ലകളിലാണ് അപേക്ഷിച്ച് ജനുവരി 19 ന് അവസാനിക്കുന്ന ആഴ്ചയിൽ രാജ്യത്തുടനീളമുള്ള 515 ജില്ലകളിൽ പോസിറ്റീവ് നിരക്ക് റിപ്പോർട്ട് ചെയ്തതായി മന്ത്രാലയം അറിയിച്ചു.
Also Read: കോവിഡ് വ്യാപനം: ജില്ലകളെ മൂന്ന് വിഭാഗമായി തിരിച്ചുള്ള നിയന്ത്രണങ്ങൾ ഇങ്ങനെ
ജനുവരി 13-ന് അവസാനിച്ച ആഴ്ചയിൽ റിപ്പോർട്ട് ചെയ്ത പ്രതിവാര പോസിറ്റീവ് നിരക്കിനെ അപേക്ഷിച്ച് ജനുവരി 20-ന് അവസാനിക്കുന്ന ആഴ്‌ചയിലെ പ്രതിവാര പോസിറ്റീവ് നിരക്കിലെ വർദ്ധനവ് കാരണം ആറ് സംസ്ഥാനങ്ങൾ ആശങ്കാജനകമായ മേഖലകളായി തുടരുന്നുവെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര (20.35 ശതമാനത്തിൽ നിന്ന് 22.12 ശതമാനത്തിലേക്ക് ); കർണാടക (6.78 ശതമാനത്തിൽ നിന്ന് 15.12 ശതമാനത്തിലേക്ക്); തമിഴ്നാട് (10.70 ശതമാനത്തിൽ നിന്ന് 20.50 ശതമാനത്തിലേക്ക്); കേരളം (12.28 ശതമാനത്തിൽ നിന്ന് 32.34 ശതമാനത്തിലേക്ക്); ഡൽഹി (21.70ശതമാനത്തിൽ നിന്ന് 30.53 ശതമാനത്തിലേക്ക്), ഉത്തർപ്രദേശ് (3.32 ശതമാനത്തിൽ നിന്ന് 6.33 ശതമാനത്തിലേക്ക്) എന്നിങ്ങനെയാണ് വർധനവ്. “ഞങ്ങൾ തുടർച്ചയായി ബന്ധപ്പെടുന്ന സംസ്ഥാനങ്ങളാണിവ, ഞങ്ങൾ സ്ഥിതിഗതികൾ അവലോകനം ചെയ്യുകയാണ്. വിവിധ ജില്ലകൾ സന്ദർശിച്ച കേന്ദ്ര സംഘത്തെ ഈ സംസ്ഥാനങ്ങളിലേക്ക് അയച്ചിട്ടുണ്ട്. സംസ്ഥാനങ്ങളുടെ ആരോഗ്യ ഭരണസംവിധാനത്തെ അറിയിച്ചിട്ടുണ്ട്,” മന്ത്രാലയം ചൂണ്ടിക്കാട്ടി.