ന്യൂഡൽഹി: രാജ്യത്ത് ലോക്ക്ഡൗൺ മെയ് മൂന്നുവരെ നീട്ടിയതിനു പിന്നാലെ ഇൻഷുറൻസ് പോളിസികൾ പുതുക്കാനുളള തീയതി നീട്ടി. ആരോഗ്യ, വാഹന ഇൻഷുറൻസ് പോളിസികൾ പുതുക്കാനുളള തീയതി മെയ് 15 വരെയാണ് നീട്ടിയത്. ലോക്ക്ഡൗൺ കാലയളവിൽ പ്രീമിയം അടക്കാൻ നേരിടുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് തീരുമാനം.

മാർച്ച് 25 നും മെയ് 3 നും ഇടയിൽ കാലാവധി തീരുന്ന ആരോഗ്യ, തേർഡ് പാർട്ടി മോട്ടോർവാഹന ഇൻഷുറൻസുകൾ 15 വരെ പുതുക്കാവുന്നതാണെന്ന് അറിയിച്ചു കൊണ്ടുളള സർക്കുലർ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ട്വീറ്റ് ചെയ്തു.

തേഡ് പാർട്ടി മോട്ടോർവാഹന ഇൻഷുറൻസിനും ആരോഗ്യ ഇൻഷുറൻസ് പോളിസികൾക്കുമാണ് ഇത് ബാധകം. മാർച്ച് 25നും മെയ് മൂന്നിനുമിടയിൽ കാലാവധി തീരുന്ന ആരോഗ്യ, മോട്ടോർ വാഹന തേർഡ് പാർട്ടി പോളിസി ഉടമകൾക്ക്, കോവിഡ് മൂലമുള്ള പ്രതിസന്ധി കാരണം പ്രീമിയം സമയത്തിന് പുതുക്കാൻ സാധിക്കുന്നില്ലെങ്കിൽ, മെയ്‌ 15 നുള്ളിൽ പ്രീമിയം അടച്ചാൽ മതി. ഈ കാലയളവിൽ, പുതുക്കേണ്ട സമയം കഴിഞ്ഞാലും പുതുക്കേണ്ട തീയതി മുതൽ പോളിസി നിലനിൽക്കുകയും തടസ്സമില്ലാതെ ക്ലെയിം ചെയ്യാനും സാധിക്കും.

സാധാരണയായി, നിശ്ചിത തീയതിക്ക് മുൻപ് പുതുക്കിയില്ലെങ്കിൽ ചില ഇൻഷുറൻസ് പോളിസികൾ നിലനിൽക്കില്ല. എന്നാൽ ചില ഇൻഷുറൻസ് കമ്പനികൾ ഉപഭോക്താവിൽനിന്നും പിഴ ഈടാക്കി നിശ്ചിത തീയതിക്ക് ശേഷം അത്തരം പോളിസികൾ പുതുക്കാൻ അനുവദിക്കാറുണ്ട്.

ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ കാലാവധി കഴിഞ്ഞാലും പ്രീമിയം അടച്ചു പുതുക്കുന്നതിന് ഒരു മാസംവരെ അധിക സമയം നൽകാറുണ്ട്. പക്ഷേ ഈ സമയത്ത് ക്ലെയിം ആവശ്യമായി വന്നാൽ പരിഗണിക്കില്ലെന്നു മാത്രം.

Read Also: ലോക്ക്ഡൗണ്‍ മാർഗനിർദേശങ്ങൾ: ഇളവുകൾ എന്തിനെല്ലാം?

ലോക്ക്ഡൗൺ നീട്ടിയെങ്കിലും നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചുളള പുതിയ മാർഗ നിർദേശം കേന്ദ്രസർക്കാർ ഇന്നലെ പുറത്തിറക്കി. ഏപ്രിൽ 20 മുതലാണ് ഇളവുകൾ പ്രാബല്യത്തിൽ വരിക. കാർഷിക മേഖലയ്ക്കും കോഴി, മത്സ്യ മേഖലയ്ക്കും ഇളവുണ്ട്. സാമൂഹിക അകലം പാലിച്ച് തൊഴിലുറപ്പ് പദ്ധതികൾ നടത്താനും അനുമതിയുണ്ട്. തൊഴിലുറപ്പ് പദ്ധതിയുടെ കീഴിലുളള ജലസേചന, ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് മുൻ‌ഗണന നൽകുമെന്ന് സർക്കാർ അറിയിച്ചു. ഇൻഷുറൻസ് കമ്പനികൾക്ക് പ്രവർത്തിക്കാനും സർക്കാർ അനുമതി നൽകിയിരുന്നു.

Read in English: Government extends health insurance, motor insurance renewal dates till May 15

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook