പനാജി: ഇന്ത്യയിലെ ആദ്യ അത്യാഡംബര ട്രെയിനായ തേജസിന് ആദ്യ യാത്രക്കിടെ തന്നെ സാരമായ പരുക്കുകൾ. ട്രെയിനിലെ യാത്രക്കാർ തന്നെയാണ് ആഡംബര ട്രെയിനിനെ ശോചനീയീവസ്ഥയിലാക്കിയത്. മുംബൈയിൽ നിന്നും പുറപ്പെട്ട് ഗോവയിലെത്തിയപ്പോഴേക്കും ട്രെയിനിലെ പല എൽഇഡി സ്ക്രീനുകളും ഇളക്കി മാറ്റിയിരുന്ന നിലയിലായിരുന്നു. യാത്രക്കാർക്കായി ഒരുക്കിയിരുന്ന ഹെഡ്ഫോണുകളിൽ പലതും മോഷ്ടിക്കപ്പെട്ടതായും കണ്ടെത്തി. ശുചിമുറികളെല്ലാം വൃത്തിഹീനമാക്കിയിരുന്നു. യാത്രക്കൊടുവിൽ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ഇതെല്ലാം കണ്ടെത്തിയതെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ആദ്യ യാത്രയുടെ ദുരനുഭവത്തിന്റെ പശ്ചാത്തലത്തില്‍ യാത്രയ്ക്ക് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണ് റയില്‍വെ. ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ സ്വന്തം ആസ്തിയായി ട്രെയിനിനെ കാണണമെന്നും ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിച്ചു.

സീറ്റുകളില്‍ പിടിപ്പിച്ചിട്ടുള്ള എല്‍സിഡി സ്ക്രീനുകള്‍ ചില യാത്രക്കാർ ഊരിയെടുത്ത് വീട്ടില്‍ കൊണ്ട് പോകാന്‍ ശ്രമിച്ചതിനാലാണ് സ്ക്രീനുകൾക്ക് കേടുപാടുകൾ സംഭവിച്ചത്. ശുചിമുറികളിലെ ഫ്ലഷ് ഉപയോഗിക്കാന്‍ പോലും യാത്രക്കാര്‍ തയ്യാറായില്ല. ബയോ-വാക്കം ശുചിമുറികളില്‍ നിന്നും യാത്ര തുടങ്ങി അരമണിക്കൂറിനുള്ളില്‍ തന്നെ ദുര്‍ഗന്ധം വമിച്ച് തുടങ്ങിയെന്ന് ചില യാത്രക്കാർ മാധ്യമങ്ങളോട് പറഞ്ഞു. ട്രെയിനിന്റെ തറ മുഴുവന്‍ കപ്പുകളും പേപ്പറുകളും കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നെന്ന് ട്രെയിനിലെ ജീവനക്കാരും അറിയിച്ചു.

മുംബൈയില്‍ നിന്നും ഉച്ചയ്ക്ക് 2.30ന് പുറപ്പെട്ട ട്രെയിന്‍ രാത്രി 11 മണിക്കാണ് ഗോവയിലെത്തിയത്. നാശനഷ്ടങ്ങളൊക്ക നികത്തി വെള്ളിയാഴ്ച യാത്ര പുനഃരാംഭിക്കാനാകുമെന്നാണ് റയില്‍വെ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. തേജസിന്റെ ചില്ല് കന്നിയാത്രയ്ക്ക് മുമ്പേ തന്നെ തകര്‍ത്ത നിലയില്‍ കണ്ടെത്തിയിരുന്നു. കന്നിയോട്ടത്തിന് മുമ്പായി മുംബൈയിലെത്തിച്ചപ്പോഴാണ് ട്രയിനിന്റെ ജനല്‍ പാളികളുടെ ചില്ല് തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. സാധാരണ ട്രയിനുകളിലേക്കാള്‍ മൂന്നിരട്ടി തുകയാണ് തേജസ് ട്രയിനില്‍ ഈടാക്കുന്നത്. ഒന്നാം ക്ലാസ് എസി യാത്രയ്ക്ക് 2,680 രൂപയും ചെയര്‍ സീറ്റുകള്‍ക്ക് 1,680 രൂപയുമാണ് ഏറ്റവും കുറഞ്ഞ നിരക്ക്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ