കാബൂൾ: ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാനിസ്ഥാനിലെ തലവൻ അബു സാദ് എർഹാബി ശനിയാഴ്ച നടത്തിയ ഒരു സൈനികാക്രമണത്തിൽ കൊല്ലപ്പെട്ടു. നന്ദഘട്ട് പ്രവിശ്യയിൽ ഐ എസ്സിന്റെ ഒളിത്താവളത്തിന് നേരെയായിരുന്നു സൈനിക നടപടി. ഇതിലാണ് രാജ്യത്തെ ഐ എസ് തലവൻ​ കൊല്ലപ്പെട്ടതെന്ന് അധികൃതർ അവകാശപ്പെട്ടതായി ന്യൂസ് ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

അബുസാദിന് പുറമെ ഈ സംഘടനയിലെ പത്തംഗങ്ങൾ​കൂടെ കൊലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു. കരയിലൂടെയും വ്യോമമാർഗത്തിലും ഒരേസമയം ആണ് സൈനിക നടപടി ഉണ്ടായത്. അഫ്ഗാനിലെയും വിദേശത്തെയും സൈനിക ഏജൻസികൾ​ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് അഫ്ഗാനിലെ ഐ​​എസ് തലവൻ ഉൾപ്പടെ കൊല്ലപ്പെട്ടതെന്ന് അഫ്ഗാൻ ദേശീയ സുരക്ഷാ ഡയറക്ടറേറ്റ് കാബൂളിൽ പുറപ്പെടുവിച്ച് വാർത്താകുറിപ്പിൽ അറിയിച്ചു. ശക്തിയേറിയതും കുറഞ്ഞതുമായ നിരവധി ആയുധങ്ങൾ ഇസ്ലാമിക് സ്റ്റേറ്റിന്റെ രണ്ട് ഒളിത്താവളങ്ങളിൽ​നടന്ന സൈനിക നടപടിയ്ക്കിടെ നശിപ്പിച്ചു.

2017 ജൂലൈയ്ക്ക് ശേഷം കൊല്ലപ്പെടുന്ന നാലാമത്തെ ഇസ്‌ലാമിക് സ്റ്റേറ്റ് നേതാവാണ്  എർഹാബി എന്ന് നൻഗഡ് പ്രവിശ്യയുടെ ഗവർണർ അറിയിച്ചു. എന്നാൽ ഇത് സംബന്ധിച്ച് ഐ എസ്സുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന അമാക്യുസ് ന്യൂസ് എജൻസി ഈ സംഭവത്തെ കുറിച്ച് പ്രതികരണങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. അഫ്ഗാൻ സേനയെ പരിശീലിപ്പിക്കുകയും ഉപദേശങ്ങൾ നൽകുകയും ചെയ്യുന്ന നാറ്റോ നയിക്കുന്ന റെസല്യൂട്ട് സപ്പോട്ട് മിഷനും സംഭവത്തിൽ​പ്രതികരിച്ചിട്ടില്ലെന്ന് റോയിട്ടേഴ്സ് ഉൾപ്പെടയുളള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന കിഴക്കൻ പ്രദേശമായ നൻഗഡിൽ ഐ​​എസ് ശക്തിപ്രാപിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

ഐ എസ്സിന്റെ പ്രാദേശിക വിഭാഗമായ ഇവർ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസൻ ( ഐ എസ് ഐ​എസ് -കെ) എന്നും അറിയപ്പെട്ടിരുന്നു. ഇവരുടെ മുൻ നേതാവ് അബു സയിദ് നൻഗഡിലെ കിഴക്കൻ മേഖലയിലുണ്ടായ സൈനിക നടപടിയിൽ നേരത്തെ കൊല്ലപ്പെട്ടിരുന്നു. ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അണികളായി അഫ്ഗാനിസ്ഥാനിൽ എത്രപേരുണ്ടെന്ന് വ്യക്തമായ കണക്കുകളില്ല. എന്നാൽ യു എസ് സൈന്യം കണക്കാക്കുന്നത് പ്രകാരം രണ്ടായിരം പേരാണ് ഐ എസ്സിന് വേണ്ടി യുദ്ധ​സജ്ജരായിരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ