ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ ആമസോണിനെ കബളിപ്പിച്ച് 50 ലക്ഷത്തോളം രൂപ തട്ടിയെടുത്ത 21 കാരന്‍ പൊലീസിന്റെ പിടിയില്‍. ന്യൂഡല്‍ഹി സ്വദേശിയായ ശിവം ചോപ്രയാണ് ആമസോണിനെ പറ്റിച്ച് അറസ്റ്റിലായതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏപ്രില്‍, മെയ് മാസങ്ങളിലായി ആമസോണില്‍നിന്ന് 50 ലക്ഷത്തോളം രൂപയാണ് ശിവം ചോപ്ര പറ്റിച്ചത്. ആമസോണ്‍ വില കൂടിയ 166 ഫോണുകള്‍ ശിവം ഓര്‍ഡര്‍ ചെയ്തു. ഇവ കൈപ്പറ്റിയതിനു ശേഷം ഫോണുകള്‍ മറിച്ചു വില്‍ക്കുകയും പിന്നീട് തനിക്ക് മൊബൈലുകള്‍ ലഭിച്ചിട്ടില്ലെന്നും കാലിയായ കൂടുകള്‍ മാത്രമാണ് ലഭിച്ചതെന്നും കാണിച്ച് ആമസോണിന് പരാതി നല്‍കി പണം തിരികെ വാങ്ങുകയാണ് ഇയാളുടെ പതിവ് പരിപാടി.

ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദധാരിയായ ശിവം ചോപ്ര കോഴ്‌സ് കഴിഞ്ഞതിനു ശേഷം പല ജോലികളും ചെയ്യാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഒന്നിലും വിജയിക്കാനായില്ല. ഈ മാര്‍ച്ചിലാണ് പുതിയ ഉപായവുമായി ഇയാള്‍ രംഗത്തിറങ്ങിയത്. ആദ്യം രണ്ടു ഫോണുകള്‍ ഓര്‍ഡര്‍ ചെയ്ത പരീക്ഷിച്ച് വിജയിച്ചതിനു ശേഷമാണ് ഇത് തുടര്‍ന്നത്. പിന്നീടുള്ള രണ്ടു മാസം വളരെ വിലകൂടിയ ഫോണുകളായ ആപ്പിള്‍, സാംസങ്, വണ്‍ പ്ലസ് എന്നിവയിലായിരുന്നു ശിവം ചോപ്രയുടെ പരീക്ഷണങ്ങള്‍. ആമസോണ്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

ഫോണുകള്‍ കൈപ്പറ്റുകയും മറ്റ് ഓണ്‍ലൈന്‍ മാര്‍ക്കറ്റ് സൈറ്റുകളായ ഒഎല്‍എക്സ്, ഡല്‍ഹിയിലെ ഗഫര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ വില്‍ക്കുകയും ചെയ്തു. മൊബൈല്‍ ഓര്‍ഡര്‍ ചെയ്യാന്‍ വിവിധ വ്യാജപേരുകളാണ് ശിവം ഉപയോഗിച്ചത്. തെറ്റായ വിലാസമാണ് നല്‍കുക.

ഫോണ്‍ എത്തിക്കാന്‍ വരുമ്പോള്‍ വിലാസം കണ്ടെത്താന്‍ സാധിക്കാതിരിക്കുകയും മടങ്ങിപ്പോവുകയും ചെയ്യും. തുടര്‍ന്ന് ഫോണ്‍ വിതരണം ചെയ്യുന്ന ഏജന്റിനെ ഫോണില്‍ വിളിക്കുകയും മറ്റൊരിടത്ത് ഫോണ്‍ എത്തിക്കാന്‍ ആവശ്യപ്പെടുകയാണ് പതിവ്. ശേഷം മൊബൈല്‍ ഇയാള്‍ കൈപ്പറ്റും. 166 ഓര്‍ഡറിനും ഇതേരീതിയാണ് പിന്തുടര്‍ന്നതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മിലിന്ദ് മഹാദിയോ പറഞ്ഞു.

ഓര്‍ഡര്‍ ചെയ്യാനും ഫോണ്‍ വിതരണം ചെയ്യാന്‍ വരുന്നയാളെ വിളിക്കാനുമായി നിരവധി വ്യാജ സിമ്മുകളാണ് ഉപയോഗിച്ചിരുന്നത്. ഇയാള്‍ക്ക് 141 ല്‍ അധികം സിമ്മുകള്‍ നല്‍കിയ സച്ചിന്‍ ജെയിന്‍ എന്ന മൊബൈല്‍ കടയുടമയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

19 മൊബൈല്‍ ഫോണുകളും 12 ലക്ഷം രൂപയും 40 ബാങ്ക് പാസ് ബുക്കുകളും ചെക്കുകളും ഇയാളുടെ വീട്ടില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. ബാങ്കില്‍ സൂക്ഷിച്ചിരിക്കുന്ന തുക കൂടാതെ 10 ലക്ഷം രൂപ മറ്റൊളുടെ പക്കല്‍ സൂക്ഷിക്കാനും ഇയാള്‍ ഏല്‍പ്പിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook