മോസ്കോ: വ്യാജരേഖ ചമച്ച് ഡോക്ടറായി ജോലി ചെയ്തിരുന്ന റഷ്യക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പൂര്‍വകാലം അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. ഹൈസ്കൂളിലെ സഹപാഠിയെ കൊലപ്പെടുത്തി രക്തം കുടിച്ചയാളാണ് 36കാരനായ ബോറിസ് കൊന്ഡ്രാഷിന് എന്നാണ് തിരിച്ചറിഞ്ഞത്. കൊലപാതകത്തിന് ശേഷം പത്ത് വര്‍ഷക്കാലം ഇദ്ദേഹം മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു.
ഉറല്‍സ് സിറ്റിയില്‍ ഡോക്ടറായി ചമഞ്ഞ് തട്ടിപ്പ് നടത്തുന്നതിനിടയിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. 1998ലാണ് 16കാരന്റെ ദേഹത്ത് മയക്കുമരുന്ന് കുത്തി ബോധം കെടുത്തിയ ശേഷം വെട്ടിനുറുക്കി കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹത്തില്‍ നിന്നും രക്തം വേര്‍തിരിച്ച് കുടിക്കുകയും ചെയ്തു. താനൊരു ‘രക്തരക്ഷസ്സ്’ ആണെന്നാണ് ബോറിസ് അന്ന് പറഞ്ഞത്. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തെങ്കിലും 2000 ഓഗസ്റ്റില്‍ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
താന്‍ ചെയ്യുന്നത് എന്താണെന്ന് തിരിച്ചറിയാന്‍ ഇദ്ദേഹത്തിന് സാധിക്കുന്നില്ലെന്നും അതുകൊണ്ട് ചികിത്സ നല്‍കണം എന്നുമായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. 2010ന് ശേഷമാണ് അദ്ദേഹം ആശുപത്രി വിട്ടത്. പിന്നീട് കഴിഞ്ഞ വര്‍ഷമാണ് ചേല്യാബിന്സ്ക് സിറ്റി ഹോസ്പിറ്റലിൽ അദ്ദേഹം ഡോക്ടറായി നിയമിക്കപ്പെട്ടത്. വ്യാജ രേഖകളാണ് ഇദ്ദേഹം ആശുപത്രിയില്‍ സമര്‍പ്പിച്ചത്. പിന്നീട് ആശുപത്രി അധികൃതര്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ട് രേഖകള്‍ പരിശോധിച്ചപ്പോഴാണ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്.