ചണ്ഡീഗഡ്: വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങിന്റെ അനുയായികൾ സൃഷ്ടിച്ച കലാപത്തിൽ ഹരിയാന കത്തുമ്പോള്‍ കയ്യുംകെട്ടി നോക്കിനില്‍ക്കുന്ന കേന്ദ്രത്തിലേയും സംസ്ഥാനത്തേയും ബിജെപി സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. മോദി ബിജെപിയുടെ പ്രധാനമന്ത്രിയല്ല, അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്നായിരുന്നു ഹൈക്കോടതി കടുത്ത ഭാഷയില്‍ ഓര്‍മ്മിപ്പിച്ചു. ഇന്നലെ ഹരിയാനയില്‍ നടന്ന അക്രമസംഭവങ്ങള്‍ സംസ്ഥാനത്തിന്റെ മാത്രം കാര്യമാണെന്ന കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്റെ പരാമര്‍ശമാണ് ഹൈക്കോടതിയെ കൊണ്ട് ഇങ്ങനെ പറയിച്ചതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

കലാപത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് പ്രധാമന്ത്രിക്ക് ഒഴിഞ്ഞ് മാറാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഹരിയാന ഇന്ത്യയുടെ ഭാഗമല്ലെ എന്നും എന്തു കൊണ്ടാണ് പഞ്ചാബിനെയും ഹരിയാനയെയും രണ്ടാനമ്മയുടെ മക്കളോടെന്ന പോലെ പെരുമാറുന്നതെന്നും ഹൈക്കോടതി ചോദിച്ചു.

കലാപവുമായി ബന്ധപ്പെട്ട് ഹരിയാന മുഖ്യമന്ത്രിക്കും ഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനം ഏറ്റിരുന്നു. നാട് കത്തുന്പോൾ മുഖ്യമന്ത്രി കൈയ്യും കെട്ടി നോക്കിയിരുന്നുവെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി പറഞ്ഞു. ആക്രമണങ്ങൾ നിയന്ത്രിക്കുന്നതിൽ മുഖ്യമന്ത്രി പരാജയപ്പെട്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ഇതോടെ മുഖ്യമന്ത്രി മനോഹർലാൽ ഘട്ടർ കൂടുതൽ പ്രതിസന്ധിയിലായി. കലാപം ഉടലെടുത്തപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ രാജിക്കായി സംസ്ഥാന ബിജെപിക്ക് അകത്തും പുറത്തും ആവശ്യം ശക്തമായിരുന്നു. ഇവർക്ക് ശക്തിയേകുന്ന വിധത്തിലാണ് മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതി വിമർശനവും ഉണ്ടായിരിക്കുന്നത്.

“മുഖ്യമന്ത്രിക്ക് എങ്ങിനെയാണ് കാര്യങ്ങളെക്കുറിച്ച് ബോധ്യമില്ലാതിരിക്കുക? അക്രമികൾക്ക് മുന്നിൽ ഹരിയാന സർക്കാർ കീഴടങ്ങിയോ?” എന്നും ഹൈക്കോടതി ചോദിച്ചു.

അതേസമയം ദേര സച്ച സൗദ ഹരിയാന ആസ്ഥാനത്തിൻ്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. ഇതിന് പുറമേ സംഘർഷം ആദ്യം പൊട്ടിപ്പുറപ്പെട്ട സിർസയും ഇപ്പോൾ സൈന്യത്തിൻ്റെ നിയന്ത്രണത്തിലാണ്. കുരുക്ഷേത്രയിൽ ആശ്രമങ്ങൾ അടച്ചുപൂട്ടിയ സൈന്യം പതിയെ സംഘർഷബാധിത മേഖലകളുടെയെല്ലാം നിയന്ത്രണം ഏറ്റെടുക്കുകയാണ്.

അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിൽ ദേശീയ സുരക്ഷ ഉപദേഷ്ടാവും കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലിയും പങ്കെടുത്ത യോഗത്തിൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തി. കാര്യങ്ങൾ പൊതുവേ സമാധാനപരമാണെന്ന വിലയിരുത്തലാണ് യോഗം നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ