ഛണ്ഡിഗഡ്: മുൻ ക്രിക്കറ്റ് താരവും കോൺഗ്രസ് നേതാവുമായ നവ്ജ്യോത് സിങ് സിദ്ദു ഇന്ന് ജയിൽ മോചിതനായി. 1988-ൽ പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കത്തെയും അടിപിടിയെയും തുടർന്ന് ഒരാൾ കൊല്ലപ്പെട്ട കേസിലാണ് സിദ്ദുവിന് ഒരു വര്‍ഷത്ത് തടവുശിക്ഷ സുപ്രീം കോടതി വിധിച്ചത്.
സിദ്ദുവിനെ കാത്ത് പാട്ട്യാല ജയിലിന് പുറത്ത് നൂറുകണക്കിന് പേരാണ് ഉണ്ടായിരുന്നത്. ജയിലിലെ നല്ല നടപ്പാണ് സിദ്ദുവിനെ നേരത്തെ മോചിതനാകാന്‍ സഹായിച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞതായി വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ജനുവരി 26-ന് ജയിലില്‍ പുറത്തിറങ്ങാൻ അർഹതയുണ്ടായിട്ടും ആസാദി കാ അമൃത് മഹോത്സവിന് കീഴില്‍ സിദ്ദുവിന് സർക്കാർ പ്രത്യേക ഇളവ് നൽകിയിരുന്നില്ല.
ജലന്ധർ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകൾക്ക് മുന്‍പാണ് സിദ്ദു ജയില്‍ മോചിതനാകുന്നത്. മേയ് പത്താം തീയതിയാണ് ഉപതിരഞ്ഞെടുപ്പ്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കിടെ കോൺഗ്രസ് എംപി സന്തോഖ് സിങ് ചൗധരി അന്തരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. സീറ്റ് നിലനിര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസിനുള്ളത്. എന്നാല്‍ സിദ്ദുവിന് എന്ത് ചുമതല കൊടുക്കുമെന്നും കണ്ടറിയേണ്ടതുണ്ട്.
ജയിലിലായിരുന്നു കാലത്ത് അദ്ദേഹത്തിന്റെ പത്നി ഡോ. നവജോത് കൗര്‍ സിദ്ദുവിന് ക്യാന്‍സര്‍ ഗുരുതരമാകുകയും ശസ്ത്രക്രിയക്ക് വിധേയമാകേണ്ടിയും വന്നിരുന്നു. സിദ്ദുവൊരു പുതിയ മനുഷ്യനായെന്നും എല്ലാവര്‍ക്കും അത് കാണാന്‍ കഴിയുമെന്നും അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
1988-ലാണ് സിദ്ദുവിന്റെ കേസിനാസ്പദമായ സംഭവം. പാർക്കിങ് തർക്കത്തിന്റെ പേരിൽ സിദ്ദുവിന്റെ മർദനത്തെ തുടർന്ന് ഗുർനാം സിങ് (65) എന്നയാൾ മരിക്കുകയായിരുന്നു. റിപ്പബ്ലിക് ദിനത്തിൽ പ്രത്യേക ഇളവ് ലഭിച്ചതിനെ തുടർന്ന് ജനുവരി 26 ന് സിദ്ദുവിനെ മോചിപ്പിക്കുമെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നു. പക്ഷേ, ശക്തമായ പ്രതിഷേധത്തെ തുടർന്ന് അദ്ദേഹത്തെ വിട്ടയച്ചിരുന്നില്ല. 1980-കളിലെയും 1990-കളിലെയും ശ്രദ്ധേയനായ ക്രിക്കറ്റ് താരമായിരുന്നു സിദ്ദു.