scorecardresearch
Latest News

‘അദ്ദേഹം നീതിയും മനുഷ്യത്വവും അർഹിച്ചിരുന്നു;’ സ്വാമിയുടെ നിര്യാണത്തിൽ അനുശോചിച്ച് രാഹുൽ ഗാന്ധി

സ്റ്റാൻ സ്വാമിയുടെ മരണത്തിൽ അദ്ദേഹത്തിന്റെ മരണത്തിൽ അതിയായ വേദനയുള്ളതായും രോഷമുള്ളതായും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു

Rahul Gandhi condole Stan Swamy demise, Stan swamy dead, father stan swamy death, elagaar parishad case, Rahul gandhi expresses condolences, Stan swamy death, India news, Indian express news

ന്യൂഡൽഹി: എൽഗാർ പരിഷത്ത് കേസിൽ കഴിഞ്ഞ വർഷം അറസ്റ്റിലായ സാമൂഹിക പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമിയുടെ നിര്യാണത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അനുശോചനം രേഖപ്പെടുത്തി. സ്വാമി “നീതിയും മനുഷ്യത്വവും അർഹിച്ചിരുന്നു” എന്ന് ഗാന്ധി ട്വിറ്ററിൽ പറഞ്ഞു.

മുംബൈ ഹോളിഫാമിലി ആശുപത്രിയിൽ രോഗബാധിതനായി ചികിത്സയിൽ കഴിയവേയാണ് ഫാദർ സ്റ്റാൻ സ്വാമി അന്തരിച്ചത്. 84 വയസ്സുകാരനായ സ്വാമിയുടെ ആരോഗ്യ നില മോശമായതിനെ തുടർന്ന് ഇന്നലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

Read More: ജാമ്യത്തിന് കാത്തുനിന്നില്ല, ഫാദർ സ്റ്റാൻ സ്വാമി വിടവാങ്ങി

ബോംബൈ ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്ന് മേയ് 28നാണ് സ്വാമിയെ ജയിലിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. അദ്ദേഹത്തിന്റെ മെഡിക്കൽ ജാമ്യാപേക്ഷയിൽ അടിയന്തര വാദം കേൾക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ തിങ്കളാഴ്ച രാവിലെ ബോംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇന്ന് ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിനിടയിൽ, ഉച്ചയ്ക്ക് 1:30ന് അദ്ദേഹം മരണപ്പെട്ടുവെന്ന് ആശുപത്രി അധികൃതർ കോടതിയെ അറിയിക്കുകയായിരുന്നു.

സ്വാമിയുടെ മരണത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അനുശോചനം രേഖപ്പെടുത്തി. ജെസ്യൂട്ട് പുരോഹിതനും പാർശ്വവൽകൃതർക്കായി പ്രവർത്തിച്ച സാമൂഹ്യപ്രവർത്തകനുമായ അദ്ദേഹത്തിന്റെ മരണത്തിൽ അതിയായ വേദനയുള്ളതായും രോഷമുള്ളതായും യെച്ചൂരി പറഞ്ഞു. “കസ്റ്റഡിയിൽ നടന്ന ഈ കൊലപാതകത്തിന് ഉത്തരവാദിത്തപ്പെട്ടവർ,” മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.

ഫാദർ സ്റ്റാൻ സ്വാമിയോട് നമ്മുടെ സർക്കാർ മനുഷ്യത്വപരമായി ഇടപെട്ടില്ലെന്ന് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ അഭിപ്രായപ്പെട്ടു. “ഫാദർ സ്റ്റാൻ‌സ്വാമിയുടെ വിയോഗം അറിഞ്ഞതിൽ ഖേദമുണ്ട്. മനുഷ്യസ്നേഹിയും ദൈവത്തിന്റെ മനുഷ്യനുമായ അദ്ദേഹത്തോട് നമ്മുടെ സർക്കാർ മനുഷ്യത്വപരമായി ഇടപെട്ടില്ല ഒരു ഇന്ത്യക്കാരനെന്ന നിലയിൽ വളരെ സങ്കടമുണ്ട്,” തരൂർ ട്വീറ്റ് ചെയ്തു.

ഇന്ത്യൻ ഭരണകൂടമാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. ഇന്ത്യൻ ഭരണ സംവിധാനത്തിലുള്ളവരാണ് ഈ ദുരന്ത സഭവത്തിന് ഉത്തരവാദികളെന്നും ജയറാം രമേശ് ട്വീറ്റ് ചെയ്തു.

ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും സ്റ്റാൻ സ്വാമിയുടെ വിയോഗത്തിൽ അനുശോചിച്ചു. “84 കാരനായ ആദിവാസി അവകാശ പ്രവർത്തകൻ സ്റ്റാൻ സ്വാമിയുടെ നിര്യാണം അഗാധമായി അസ്വസ്ഥമാക്കുന്നു. ക്രൂരവും നിഷ്‌ഠുരവുമായ ഒരു സർക്കാർ ജീവിച്ചിരിക്കുമ്പോഴും അദ്ദേഹത്തിന്റെ അന്തസിനെ ഹനിച്ചു. തികച്ചും ഞെട്ടിപ്പോയി. അവന്റെ ആത്മാവ് സമാധാനത്തോടെ ഇരിക്കട്ടെ,” മുഫ്തി ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഈ മരണത്തിൽ ഉത്തരവാദികളാണെന്ന് സി‌പി‌എം‌എൽ പൊളിറ്റ് ബ്യൂറോ അംഗം കവിത കൃഷ്ണൻ ആരോപിച്ചു.

“അത് കഴിഞ്ഞു. പീഡിതർക്കുവേണ്ടി ജീവിതം ചെലവഴിച്ച സൗമ്യനായ ജെസ്യൂട്ട് സാമൂഹ്യ പ്രവർത്തകൻ ഫാ സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി കൊലപാതകം മോദിയും ഷായും പൂർത്തിയാക്കി. ജാമ്യം നിഷേധിച്ച ജഡ്ജിമാർ ഒരിക്കലും രാത്രി ഉറങ്ങുകയില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു: അവരുടെ കൈകളിൽ രക്തമുണ്ട്,” കവിത കൃഷ്ണൻ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ വർഷം ഒക്ടോബർ എട്ടിന് റാഞ്ചിയിൽ നിന്ന് അറസ്റ്റിലായ സ്വാമിയെ തലോജ സെൻട്രൽ ജയിലിലായിരുന്നു പാർപ്പിച്ചിരുന്നത്.

Read More: ഭീമ കൊറേഗാവ് കേസ്: ആരാണ് ഫാ. സ്റ്റാന്‍ സ്വാമി?

പാർക്കിൻസൺസ് രോഗം, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയും കോവിഡ് മഹാമാരിയുടെ സാഹചര്യത്തിലും സ്വാമി ഇടക്കാല ജാമ്യം തേടിയിരുന്നു. “നക്സലുകൾ” എന്ന് മുദ്രകുത്തപ്പെട്ട ആയിരക്കണക്കിന് ആദിവാസി യുവാക്കളെ അറസ്റ്റുചെയ്തതിനെ ചോദ്യം ചെയ്തതിനാണ് അദ്ദേഹം അറസ്റ്റിലായതെന്നും കേന്ദ്ര ഏജൻസി ആരോപിക്കുന്നത് പോലെ നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റുമായി അദ്ദേഹത്തിനുള്ള ബന്ധത്തിന് തെളിവില്ലെന്നും പറഞ്ഞാണ് പ്രത്യേക കോടതിയിൽ ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നത്. എന്നാൽ അപേക്ഷ പ്രത്യേക കോടതി അനുവദിച്ചില്ല.

ബോംബെ ഹൈക്കോടതിയുടെ നിർദേശപ്രകാരം മെയ് 30 ന് ഹോളി ഫാമിലി ആശുപത്രിയിലേക്ക് മാറ്റുന്നതിനുമുമ്പ് സ്വാമി തലോജ ജയിലിൽ നിന്ന് വീഡിയോ കോൺഫറൻസിലൂടെ ഹൈക്കോടതിക്ക് മുൻപാകെ ഹാജരായിരുന്നു. ജയിലിലേക്ക് കൊണ്ടുവന്നപ്പോൾ അദ്ദേഹത്തിന്റെ ശാരീരിക പ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നെന്നും പിന്നീട് സ്ഥിരമായി പ്രശ്നമുണ്ടാവുകയുമായിരുന്നെന്ന് അപ്പോൾ അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു. ഭക്ഷണം കഴിക്കുന്നതും പരസഹായമില്ലാതെ നടക്കുന്നതുമടക്കമുള്ള ദിനചര്യകൾ ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയിലെത്തിയെന്നും അദ്ദേഹം അന്ന് കോടതിയെ അറിയിച്ചിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: He deserved justice and humaneness rahul gandhi sitaram yechuri shashi tharoor expresses condolences on stan swamys demise