ബംഗളൂരു: കോണ്‍ഗ്രസ് എംഎല്‍എയുടെ ഭാര്യയെ യെഡിയൂരപ്പയുടെ മകന്‍ ഫോണ്‍വിളിച്ച് 15 കോടി രൂപ വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖ കോണ്‍ഗ്രസ് പുറത്തുവിട്ടു. കൂറുമാറിയ ഉടനെ പണം എത്തിക്കാമെന്ന് ബിവൈ വിജയേന്ദ്ര വാഗ്ദാനം ചെയ്തതായി കോണ്‍ഗ്രസ് നേതാവ് വിഎസ് ഉഗ്രപ്പ വെളിപ്പെടുത്തി. ഒരു മന്ത്രിസ്ഥാനമോ അല്ലെങ്കില്‍ 15 കോടി രൂപയോ തരാമെന്നും പകരം അച്ഛന് വോട്ട് ചെയ്യണമെന്നുമാണ് വിജയേന്ദ്ര ആവശ്യപ്പെട്ടത്.

കൂടാതെ മുഖ്യമന്ത്രി യെഡിയൂരപ്പയും പണം വാഗ്ദാനം ചെയ്യുന്നതെന്ന അവകാശവാദത്തോടെ കോണ്‍ഗ്രസ് ഒരു ശബ്ദരേഖ കൂടി പുറത്തുവിട്ടു. കോണ്‍ഗ്രസ് എംഎല്‍എ ബിസി പാട്ടീലിനോടാണ് സംസാരിക്കുന്നത്. താന്‍ കൊച്ചിയിലേക്ക് പോകുകയാണെന്ന് പാട്ടീല്‍ പറയുമ്പോള്‍ തിരിച്ചു വന്നാല്‍ മന്ത്രിസ്ഥാനം തരമെന്നാണ് ശബ്ദരേഖയില്‍ പറയുന്നത്. തന്റെ കൂടെ 3 എംഎല്‍എമാര്‍ ഉണ്ടെന്ന് പാട്ടീലും പറയുന്നുണ്ട്.

അതേസമയം നിയമസഭയിൽ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ കോൺഗ്രസിന്റെ രണ്ട് എം.എൽ.എമാർ ഇതുവരെയും എത്തിയിട്ടില്ല. ബെല്ലാരിയിലെ വിജയനഗരത്തിൽ നിന്നുള്ള എം.എൽ.എയായ ആനന്ദ് സിംഗ്,​ മസ്കിയിൽ നിന്നുള്ള പ്രതാപ് ഗൗഡ പാട്ടീൽ​ എന്നിവരാണ് എത്താതിരുന്നത്. ശേഷിക്കുന്ന 76 എം.എൽ.എമാരും സത്യപ്രതിജ്ഞ ചെയ്തു. ഇതിൽ ആനന്ദ് സിംഗ് ബി.ജെ.പി പക്ഷത്തേക്ക് കൂറുമാറിയെന്ന് നേരത്തെ തന്നെ വാർത്തകളുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം സിംഗുമായി ബന്ധപ്പെടാൻ ആർക്കും കഴിഞ്ഞിട്ടില്ല.

ഇവർ രണ്ട് പേരും വിട്ടുനിൽക്കുന്നതോടെ സഭയിലെ അംഗസംഖ്യ 219 ആയി കുറയും. ഇതോടെ കേവല ഭൂരിപക്ഷത്തിന് 110 സീറ്റ് മതിയാകും. അഞ്ച് അംഗങ്ങൾ വീതം ഒരുമിച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. അതിനിടെ രണ്ട് സ്വതന്ത്രന്മാർ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ ബി.ജെ.പിയുടെ അംഗസംഖ്യ 106 ആയി.
രാവിലെ 11 മണിക്ക് പ്രോട്ടെ സ്പീക്കർ കെ.ജി ബൊപ്പയ്യയുടെ അദ്ധ്യക്ഷതയിലാണ് സഭ സമ്മേളിച്ചത്. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും കെ.ജെ ജോർജ്ജും അടക്കമുള്ളവർ പത്തു മണിയോടെ സഭയിലെത്തി. പിന്നാലെ ബസുകളിൽ കോൺഗ്രസ്, ജെ.ഡി.എസ് എം.എൽ.എമാരെ സഭയിലെത്തിച്ചു. വൈകിട്ട് നാലിനാണ് വിശ്വാസ വോട്ടെടുപ്പ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ