നടി അമലാ പോളിനോട് അശ്ലീലസംഭാഷണം നടത്താന്‍ ശ്രമിച്ച വ്യവസായിയെ പൊലീസ് അറസ്റ്റു ചെയ്തു. ചെന്നൈയിലെ കൊട്ടിവാക്കത്തുള്ള അഴകേശന്‍ എന്നയാളെ ആണ് അമലയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ടി. നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ചെന്നൈ ടി. നഗറിലെ ശ്രീധര്‍ മാസ്റ്ററുടെ സ്റ്റുഡിയോയില്‍ നൃത്തപരിശീലനം നടത്തുന്നതിനിടെ തന്റെ അടുത്തെത്തിയ അഴകേശന്‍ അശ്ലീല സംഭാഷണം നടത്തി തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു അമലാ പോളിന്റെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ അഴകേശനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.
അമലയുടെ വാക്കുകള്‍:

‘മലേഷ്യയിലെ ഒരു പരിപാടിക്കായി നൃത്തപരിശീലനം നടത്തുകയായിരുന്നു ഞാന്‍. പരിശീലനത്തിനിടെ ഞാന്‍ തനിച്ചായിരുന്നപ്പോള്‍ ഇയാള്‍ എന്റെ അടുത്തുവന്നു. എന്നെ മറ്റൊരാള്‍ക്ക് വില്‍ക്കുമെന്ന രീതിയില്‍ സംസാരിച്ചു. സെക്ഷ്വല്‍ ഫേവേഴസ് ആവശ്യപ്പെട്ടു. ഞാന്‍ ശരിക്കും അപമാനിക്കപ്പെട്ടു. സുരക്ഷയില്‍ ഭയമുള്ളതുകൊണ്ടാണ് പൊലീസില്‍ പരാതിപ്പെട്ടത്. ശ്രീധര്‍ മാസ്റ്ററുടെ സ്റ്റുഡിയോയില്‍ വച്ചാണ് ഇത് സംഭവിച്ചത്. പക്ഷെ അദ്ദേഹത്തിന് ഇതേക്കുറിച്ച് ഒന്നും അറിയില്ല. പരിപാടിയുടെ നടത്തിപ്പുകാരില്‍ ആരെങ്കിലുമായിരിക്കും ഇയാള്‍ക്ക് എന്റെ പരിശീലനത്തിന്റെ സമയവിവരങ്ങള്‍ അറിയിച്ചുകൊടുത്തത് എന്നാണ് സംശയം.’ അമല പറഞ്ഞു.

സ്വന്തന്ത്രമായി ജോലി ചെയ്തു ജീവിക്കുന്ന ഒരു സ്ത്രീയാണ് താനെന്നും മറ്റു ശല്യങ്ങളില്ലാതെ തന്റെ ജോലി ചെയ്യാന്‍ തനിക്ക് സാഹചര്യമുണ്ടാകണമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അമല പോള്‍ വ്യക്തമാക്കി. ‘ഞാന്‍ മാത്രമല്ല, എന്നെപ്പോലെ ജോലി ചെയ്തു ജീവിക്കുന്ന ഒരുപാട് സ്ത്രീകളുണ്ട്. അവര്‍ക്കും ഇത്തരം ശല്യങ്ങളില്‍ നിന്നും സുരക്ഷ ലഭിക്കണം. പൊലീസ് വിഷയം വേണ്ട ഗൗരവത്തോടെ തന്നെ കൈകാര്യം ചെയ്യുമെന്നും ഞാന്‍ അര്‍ഹിക്കുന്ന നീതി എനിക്ക് ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.’ അമല പോള്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook