ബംഗളൂരു: കർണാടക മുഖ്യമന്ത്രിയായി മൂന്ന് ദിവസം പൂർത്തിയാക്കും മുൻപ് ബി.എസ്.യെഡിയൂരപ്പ രാജിവച്ചതോടെ ഗവര്‍ണര്‍ വാജുഭായ് വാല എച്ച്ഡി കുമാരസ്വാമിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചു. തിങ്കളാഴ്ച്ചയാണ് അദ്ദേഹം സത്യപ്രതിജ്ഞ നടത്തുകയെന്ന് ആദ്യം പറഞ്ഞെങ്കിലും ഇത് ബുധനാഴ്ച്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

തിങ്കളാഴ്ച്ച് രാജീവ് ഗാന്ധിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് സത്യപ്രതിജ്ഞ മാറ്റിയത്. കൂടാതെ ചടങ്ങിലേക്ക് ക്ഷണിക്കേണ്ടവരുടെ പട്ടികയും കുമാരസ്വാമിക്ക് തയ്യാറാക്കേണ്ടതുണ്ട്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ബിഎസ്പി അദ്ധ്യക്ഷ മായാവതി എന്നിവരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയേയും സോണിയ ഗാന്ധിയേയും ക്ഷണിക്കുമെന്ന് കുമാരസ്വാമി വ്യക്തമാക്കി. കോണ്‍ഗ്രസും ജെഡിഎസും ഒന്നിച്ച് സുഗമമായി സംസ്ഥാനം ഭരിക്കുമെന്ന് കുമാരസ്വാമി പറഞ്ഞു.

വിധാൻ സൗധയിൽ നടത്തിയ വൈകാരികമായ പ്രസംഗത്തിനൊടുവിലാണ് യെഡിയൂരപ്പ രാജിപ്രഖ്യാപനം നടത്തിയത്. വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കുമെന്ന ഉറച്ച ആത്മവിശ്വാസം ഇന്നലെ രാവിലെയും ബിജെപി കേന്ദ്രങ്ങൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ബിജെപി നേതാക്കൾ എംഎൽഎമാരെ പണം വാഗ്ദാനം ചെയ്ത് ഒപ്പം കൂട്ടാൻ ശ്രമിക്കുന്നതിന്റെ നാല് ശബ്ദരേഖകൾ കോൺഗ്രസ് പുറത്തുവിട്ടിരുന്നു.

വിശ്വാസ വോട്ടെടുപ്പിൽ വിജയം കാണാനാവില്ലെന്ന് ഉറപ്പായതോടെയാണ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ഒഴിയാൻ യെഡിയൂരപ്പ തീരുമാനിച്ചത്. മുഖ്യമന്ത്രിയായ യെഡിയൂരപ്പയും മകൻ വിജയേന്ദ്രയും തങ്ങളുടെ എം എൽ എ മാരെ പണവും മന്ത്രിസ്ഥാനവും നൽകി സ്വാധിക്കാൻ ശ്രമിച്ചുവെന്ന് രാവിലെ കോൺഗ്രസ് ആരോപിച്ചിരുന്നു.
യെഡിയൂരപ്പ മന്ത്രിസ്ഥാന വാഗ്‌ദാനം ചെയ്തുവെന്നും  മുഖ്യമന്ത്രിയുടെ മകൻ വിജയേന്ദ്ര കോൺഗ്രസ് എം എൽ എ മാർക്ക് മന്ത്രി പദവും പണവും വാഗ്‌ദാനം ചെയ്തുവെന്നാണ് കോൺഗ്രസിന്റെ ആരോപണം. കഴിഞ്ഞ ദിവസം ജനാർദൻ റെഡ്ഡി കോഴ വാഗ്ദാനം ചെയ്തുവെന്ന് കാണിച്ച് കോൺഗ്രസ് ശബ്ദരേഖയുമായി രംഗത്ത് എത്തിയിരുന്നു. മുൻ ബി ജെ പിക്കാരനായിരുന്ന നിലവിലെ കോൺഗ്രസ് എം എൽ എ യായ ബസനഗൗഡ ദഡ്ഡല്ലുമായുളള​ ഫോൺ​സംഭാഷണമാണ് ഇന്നലെ കോൺഗ്രസ് നേതാക്കൾ പുറത്തുവിട്ടത്.

വ്യാഴാഴ്‌ചയാണ് ബി.എസ്.യെഡിയൂരപ്പ കർണാടക മുഖ്യമന്ത്രിയായി അധികാരമേറ്റത്. അധികാരമേറ്റ യെഡിയൂരപ്പയ്ക്കു ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ വാജുഭായി വാല 15 ദിവസത്തെ സമയവും അനുവദിച്ചിരുന്നു. എന്നാൽ സുപ്രീം കോടതി ഇത് വെട്ടിച്ചുരുക്കുകയും ഇന്നലെ നാല് മണിക്ക് ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.

കർണാടക നിയമസഭയിൽ ആകെ 224 സീറ്റാണുളളത്. ഇതിൽ 222 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. നിലവിലെ അംഗബലം 221 ആണ്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 111. തിരഞ്ഞെടുപ്പിൽ ബിജെപി 104 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. കോൺഗ്രസ് 78 ഉം, ജെഡിഎസ് 36 ഉം, കോൺഗ്രസ് സ്വതന്ത്രൻ ഒരു സീറ്റും ബിഎസ്‌പി ഒരു സീറ്റും കെപിജെപി ഒരു സീറ്റും നേടി. എന്നാൽ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷം കിട്ടിയില്ല. ഇതോടെയാണ് കർണാടകയിൽ രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ