ബെംഗളൂരു: കര്‍ണാടകത്തില്‍ രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഇന്നോ നാളെയോ അവസാനമാകും. നിയമസഭയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. സ്പീക്കര്‍ കെ.ആര്‍.രമേഷ് കുമാര്‍ ഇന്ന് വൈകിട്ട് ആറിന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാഗ്ദാന ലംഘനം നടത്തുന്ന ആളായി തന്നെ മാറ്റരുതെന്നും വിശ്വാസ വോട്ടെടുപ്പ് ആറിന് തന്നെ നടത്തണമെന്നും സ്പീക്കര്‍ പറഞ്ഞതായാണ് വിവരം. എന്നാല്‍, കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് നീട്ടാനുള്ള നീക്കങ്ങളാണ് നടത്തുന്നത്.
15 വിമത എംഎല്‍എമാരുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ കോടതി വിധി വന്ന ശേഷം മാത്രം വിശ്വാസ വോട്ടെടുപ്പ് നടത്തിയാല്‍ മതിയെന്നാണ് കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ വാദിക്കുന്നത്. എന്നാല്‍, സ്പീക്കര്‍ ഇതിനു തയ്യാറല്ല. സഭയില്‍ വാക്ക് നല്‍കിയ പോലെ വിശ്വാസ വോട്ടെടുപ്പ് പൂര്‍ത്തിയാക്കണമെന്നാണ് സ്പീക്കര്‍ വ്യക്തമാക്കുന്നത്.
വിശ്വാസ വോട്ടെടുപ്പ് നടക്കും മുന്‍പ് കുമാരസ്വാമി രാജിവയ്ക്കാനുള്ള സാധ്യതകളും കാണുന്നു. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കില്ലെന്ന് സഖ്യ സര്‍ക്കാരിന് വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് അവസാന പ്രസംഗം നടത്തി കുമാരസ്വാമി രാജി വയ്ക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇപ്പോള്‍ വിശ്വാസ വോട്ടെടുപ്പ് നടന്നാല്‍ സഖ്യ സര്‍ക്കാരിന് കേവലം 100 എംഎല്‍എമാരുടെ പിന്തുണ മാത്രമാണ് ഉണ്ടാകുക. എന്നാല്‍, ബിജെപിക്കാകട്ടെ 105 എംഎല്‍എമാരുടെ പിന്തുണയുണ്ടാകും. വിമത എംഎല്‍എമാര്‍ സഭയില്‍ എത്താത്തതാണ് സഖ്യ സര്‍ക്കാരിന് തിരിച്ചടിയായത്.
നിയമസഭയിൽ കുമാരസ്വാമി സർക്കാരിന് ഭൂരിപക്ഷം നഷ്ടമായിരിക്കുകയാണെന്നും വിശ്വാസ വോട്ടെടുപ്പിൽ അവർ പരാജയപ്പെടുമെന്നുമാണ് ബിജെപി പറയുന്നത്. വിശ്വാസ വോട്ടെടുപ്പിൽ സഖ്യ സർക്കാർ പരാജയപ്പെട്ടാൽ ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ സാധിക്കും. അങ്ങനെ വന്നാൽ ബി.എസ്.യെഡിയൂരപ്പ മുഖ്യമന്ത്രിയാകും. മുൻ മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമാണ് ബി.എസ്.യെഡിയൂരപ്പ.