ബെംഗളൂരു: ദിവസങ്ങളായി കര്‍ണാടകയിൽ തുടരുന്ന രാഷ്ട്രീയനാടകങ്ങളിൽ ബിജെപിക്കെതിരെ ആരോപണവുമായി മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. ഭരണകക്ഷിയായ ജനതാദൾ എസിൽനിന്ന് എംഎൽഎമാരെ തട്ടിയെടുക്കുന്നതിന് ബിജെപി ഇപ്പോഴും ശ്രമം തുടരുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. വൻതുകയാണ് എംഎൽഎമാർക്ക് സമ്മാനമായി ബിജെപി വാഗ്ദാനം ചെയ്തതെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു.

“ഓപറേഷൻ താമര ഇപ്പോഴും സജീവമാണ്. അവർ മോഷണ ശ്രമങ്ങൾ തുടരുകയാണ്. ഇന്നലെയും ഞങ്ങളുടെ ഒരു എംഎൽഎയ്ക്ക് വൻ തുകയാണ് വാഗ്ദാനമായി വന്നത്. ബിജെപി നൽകാമെന്ന് പറയുന്ന തുക കേട്ടാൽ നിങ്ങൾ ഞെട്ടും. ഇത്തരം സമ്മാനങ്ങള്‍ ആവശ്യമില്ലെന്നും വീണ്ടും ശ്രമിക്കരുതെന്നുമാണ് എംഎൽഎ മറുപടി നല്‍കിയത്,” കുമാരസ്വാമി പറഞ്ഞു.

2008-ലേതിന് സമാനമായി എം.എല്‍.എമാരെ വിലക്കെടുക്കാനാണ് യെദ്യൂരപ്പയുടെ നീക്കമെന്നും കര്‍ണാടക മുഖ്യമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

എന്നാൽ മുഖ്യമന്ത്രി കുമാരസ്വാമിയുടെ ആരോപണം തികച്ചും വസ്തുതാ വിരുദ്ധമാണെന്നും അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് മുഖ്യമന്ത്രി പറയുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ്.യെദ്യൂരപ്പ പറഞ്ഞു. എംഎൽഎമാരെ ഒപ്പം നിർത്തേണ്ടത് ഭരണകക്ഷിയുടെ ചുമതലയാണ്. സംസ്ഥാനത്ത് ഓപറേഷൻ താമരയില്ലെന്നും ആഭ്യന്തര തർക്കങ്ങളെ തുടർന്നാണ് ഭരണകക്ഷിയിൽ നിന്ന് എംഎൽഎമാർ വിട്ടുപോകുന്നതെന്നും യെദ്യൂരപ്പ കൂട്ടിച്ചേർത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ