scorecardresearch
Latest News

‘ഞാൻ എന്ത് കഴിക്കണമെന്ന് നിങ്ങള്‍ക്കെങ്ങനെ തീരുമാനിക്കാനാകും?’ അഹമ്മദാബാദ് കോര്‍പ്പറേഷനോട് ഹൈക്കോടതി

നോൺവെജ് ഭക്ഷണം വിൽക്കുന്ന തെരുവ് കച്ചവടക്കാരുടെ ഉന്തുവണ്ടികള്‍ അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പിടിച്ചെടുത്ത സംഭവത്തിലാണ് ഹൈക്കോടതിയുടെ വിമർശം

‘ഞാൻ എന്ത് കഴിക്കണമെന്ന് നിങ്ങള്‍ക്കെങ്ങനെ തീരുമാനിക്കാനാകും?’ അഹമ്മദാബാദ് കോര്‍പ്പറേഷനോട് ഹൈക്കോടതി

അഹമ്മദാബാദ്: നോണ്‍വെജ് വിഭവങ്ങള്‍ വില്‍പ്പന നടത്തുന്ന തെരുവ് കച്ചവടക്കാരുടെ ഉന്തുവണ്ടികള്‍ പിടിച്ചെടുത്ത സംഭവത്തില്‍ അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനെതിരെ രൂക്ഷ വിമര്‍ശവുമായി ഗുജാത്ത് ഹൈക്കോടതി. ‘ഞാന്‍ എന്ത് കഴിക്കണമെന്ന് നിങ്ങള്‍ക്ക് എങ്ങനെ തീരുമാനിക്കാനാകും?’ എന്ന് കോടതി ചോദിച്ചു.

നോണ്‍വെജ് വിഭവങ്ങളുടെ വില്‍പ്പനക്കെതിരായ കൗണ്‍സിലര്‍മാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തങ്ങളുടെ ഉന്തുവണ്ടികള്‍ പിടിച്ചെടുത്തുവെന്ന് ആരോപിച്ച് 25 തെരുവ് കച്ചവടക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനെ വ്രണപ്പെടുത്തിയത് എന്താണെന്നു ചോദിച്ച കോടതി ഹര്‍ജിക്കാര്‍ സമീപിച്ചാല്‍ അവരുടെ സാമഗ്രികള്‍ എത്രയും വേഗത്തില്‍ വിട്ടുനല്‍കാന്‍ നിര്‍ദേശിച്ചു.

”എന്താണ് നിങ്ങളുടെ പ്രശ്‌നം? നിങ്ങള്‍ക്ക് നോണ്‍-വെജ് ഭക്ഷണം ഇഷ്ടമല്ല, അതാണ് നിങ്ങള്‍ നോക്കുന്നത്. ഞാന്‍ പുറത്ത് എന്ത് കഴിക്കണമെന്നത് നിങ്ങള്‍ക്ക് എങ്ങനെ തീരുമാനിക്കാകും?. ഞാന്‍ വീടിനു പുറത്ത് എന്ത് കഴിക്കണമെന്ന് നാളെ നിങ്ങള്‍ തീരുമാനിക്കുമോ? കോര്‍പ്പറേഷന്‍ കമ്മിഷണറെ വിളിച്ച് എന്താണ് ചെയ്യുന്നതെന്ന് ചോദിക്കൂ. പ്രമേഹത്തിനു കാരണമാകുമെന്നതിനാല്‍ കരിമ്പ് ജ്യൂസ് കഴിക്കരുതെന്ന്് നാളെ അവര്‍ പറയുമോ? അല്ലെങ്കില്‍ കാപ്പി (കാരണം) ആരോഗ്യത്തിന് ഹാനികരമാണെന്ന്?”സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി ചോദിച്ചു.

Also Read: വിട, ജനറൽ റാവത്ത്

ഔദ്യോഗിക ഉത്തരവില്ലാതെയാണു വണ്ടികള്‍ പിടിച്ചെടുത്തതെന്നു ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ റോണിത് ജോയി കോടതിയെ ബോധിപ്പിച്ചു. വഡോദര, സൂറത്ത്, ഭാവ്നഗര്‍, ജുനഗഡ്, അഹമ്മദാബാദ് എന്നിവിടങ്ങളിലെ തദ്ദേശ സ്ഥാപനങ്ങള്‍ സ്വീകരിച്ച പ്രതികൂല നിലപാടുകള്‍ കാരണമാണിതെന്നും അഭിഭാഷകന്‍ പറഞ്ഞു. മാംസാഹാരം വില്‍ക്കുന്ന വണ്ടികള്‍ മതവികാരം വ്രണപ്പെടുത്തിയെന്ന രാജ്കോട്ട് മേയറുടെ പരാമര്‍ശം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ‘ചില തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ്’ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നതെന്നും എല്ലാ നോണ്‍-വെജ് വണ്ടികള്‍ നീക്കം ചെയ്യാനുള്ള ഒരു നീക്കവുമില്ലെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ സത്യം ഛായ വാദിച്ചു. പൊതുഗതാഗതത്തിനും കാല്‍നടയാത്രക്കാര്‍ക്കും തടസമായതാണു നീക്കം ചെയ്യാനുള്ള കാരണമെന്നും അഭിഭാഷകന്‍ ബോധിപ്പിച്ചു.

കയ്യേറ്റങ്ങളുണ്ടെങ്കില്‍ ഒഴിവാക്കാമെന്നും എന്നാല്‍ ജപ്തി ചെയ്യരുതെന്നും കോടതി പറഞ്ഞു. കാരണം ‘നാളെ മുതല്‍ എനിക്ക് ചുറ്റും മുട്ടഭക്ഷണശാലകള്‍ വേണ്ടെന്ന് ഇന്ന് രാവിലെ ഒരാള്‍ എന്ന് പ്രസ്താവന നടത്തുന്നു’ എന്ന് കോടതി പറഞ്ഞു. മാംസാഹാരം വില്‍ക്കുന്നവരെ ലക്ഷ്യമിട്ടാണോ കയ്യേറ്റം ഒഴിപ്പിക്കലെന്നും കോടതി ചോദിച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Hc on ahmedabad drive against non veg food carts