ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗം നടത്തിയെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എംപി, ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജിയില്‍ നിലപാട് തേടി ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു.

എഐഎംഐഎം നേതാക്കളായ വാരിസ് പത്താനും അക്ബറുദ്ദീന്‍ ഒവൈസിക്കുമെതിരെ വിദ്വേഷ പ്രസംഗത്തിന് കേസെടുക്കണമെന്ന ഹിന്ദു സേനയുടെ പരാതിയിന്‍മേലും ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിദ്വേഷ പ്രസംഗം നടത്തിയെന്നും അതാണ് അക്രമങ്ങളിലേക്ക് നയിച്ചതെന്നും കഴിഞ്ഞ ദിവസങ്ങളിൽ ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു.

പൊലീസ് നായ മണംപിടിച്ചെത്തിയത് പുഴയോരത്ത്; തലമുടി മുള്ളിലുടക്കി കിടന്നു

അതിനിടെ, 39 പേരുടെ ജീവനെടുത്ത അക്രമങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയിൽ പുതിയ പൊലീസ് കമ്മിഷണറെ നിയോഗിച്ചു. ക്രമസമാധാനച്ചുമതലയുള്ള സ്‌പെഷ്യല്‍ കമ്മീഷണറായി തിങ്കളാഴ്ച നിയമിതനായ എസ്എന്‍ ശ്രീവാസ്തവയ്ക്ക് കമ്മീഷണറുടെ അധിക ചുമതല നല്‍കി. നിലവിലെ കമ്മീഷണർ അമുല്യ പട്‌നായിക് ശനിയാഴ്ച വിരമിക്കും.

കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ രണ്ട് പ്രത്യേക സംഘങ്ങളെ ക്രൈം ബ്രാഞ്ച് നിയോഗിച്ചിട്ടുണ്ട്. ഇതുവരെ 48 എഫ്ഐആർ റജിസ്റ്റർ ചെയ്തു. അഞ്ഞൂറിലധികം പേരെ അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തു. 7000 അര്‍ധ സൈനിക വിഭാഗത്തെയാണ് സമാധാനം പുനസ്ഥാപിക്കാന്‍ ഡല്‍ഹിയില്‍ വിന്യസിച്ചിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ അക്രമങ്ങളില്‍ 82 പേര്‍ക്ക് വെടിയേറ്റിരുന്നു. ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥൻ അങ്കിത് ശര്‍മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടി കൗണ്‍സിലറായ താഹിര്‍ ഹുസൈന്റെ പേരില്‍ കേസെടുത്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook