ന്യൂഡൽഹി: രാജ്യസേവനത്തിനിടെ ഭീകരരുടെയും ശത്രുരാജ്യങ്ങളുടെയും ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ പേരിന് മുന്നിൽ ഷഹീദെന്നോ രക്തസാക്ഷിയെന്നോ ചേർക്കണമെന്ന ഹർജി കോടതി തളളി. രാജ്യത്തെ സൈനിക-അർദ്ധസൈനിക ജവാന്മാരുടെ പേരുകൾക്ക് മുന്നിൽ അവർ കൊല്ലപ്പെട്ടാൽ ഈ വാക്ക് കൂടി ചേർക്കണം എന്നായിരുന്നു ഹർജി.

അഭിഷേക് ചൗധരിയെന്ന അഭിഭാഷകനാണ് ഈ ആവശ്യം ഉന്നയിച്ച് ന്യൂഡൽഹിയിൽ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ചീഫ് ജസ്റ്റിസ് രാജേന്ദ്രമേനോന്‍, ജസ്റ്റിസ് വികെ റാവോ എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ചാണ് പരിഗണിച്ചത്. ഇരുവരും ആവശ്യം നിരാകരിക്കുകയായിരുന്നു.

മുൻപും സമാനമായ ആവശ്യം ഉന്നയിച്ച് ഇതേ അഭിഭാഷകൻ കോടതിയെ സമീപിച്ചിട്ടുണ്ട്. 2016 ല്‍ സമർപ്പിച്ച ഹർജിയിൽ ജോലിക്കിടെ കൊല്ലപ്പെടുന്ന അര്‍ധസൈനികര്‍ക്ക് രക്തസാക്ഷി പദവി നല്‍കണം എന്നായിരുന്നു ആവശ്യം.

അന്ന് ഹർജി തെറ്റിദ്ധാരണ പരത്തുന്നതെന്നായിരുന്നു കോടതിയുടെ വാദം. ഒരു തവണ ഇതേ ഹർജി തളളിയിട്ടും വീണ്ടും ഉപഹർജി സമർപ്പിച്ചത് ദൗർഭാഗ്യകരം എന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook