കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ രഥയാത്രയ്ക്ക് കൊൽക്കത്ത ഹൈക്കോടതി അനുമതി നല്‍കി. പൊതുതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് പശ്ചിമബംഗാളില്‍ ബിജെപി രഥയാത്ര നടത്തുന്നത്. വര്‍ഗീയ പ്രശ്നങ്ങളുണ്ടാകാമെന്ന് മമത സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് അമിത് ഷായുടെ നേതൃത്വത്തിലുളള രഥയാത്രയ്ക്ക് ഏകാംഗ ബെഞ്ച് അനുമതി നിഷേധിച്ചു.

എന്നാല്‍ ബിജെപി നല്‍കിയ അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബെഞ്ചാണ് രഥയാത്രയ്ക്ക് അനുമതി നല്‍കിയത്. യാത്രകള്‍ സമാധാനപരമായിരിക്കുമെന്നും അതിനാല്‍ അനുമതി നല്‍കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും ബിജെപി കോടതിയില്‍ ആവശ്യപ്പെട്ടു. ബിജെപിയുടെ വാദം ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചാണ് അനുമതി നല്‍കിയത്. ക്രമസമാധാനം പാലിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണെന്നും കോടതി വ്യക്തമാക്കി.

നേരത്തെ കൂച്ച് ബെഹഹാര്‍ എസ്‌പിയും യാത്രയ്ക്ക് അനുമതി നിഷേധിച്ചിരുന്നു. മതപരമായി ഏറെ പ്രശ്‌നബാധിത മേഖല ആയതിനാല്‍ സംഘര്‍ഷത്തിന് സാധ്യത മുന്നില്‍ കണ്ടാണ് നടപടി. ഏറെ വൈകാരിക വിഷയമായതിനാല്‍ തുറന്ന കോടതിയില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും മുദ്രവച്ച കവറില്‍ വിവരങ്ങള്‍ സമര്‍പ്പിക്കാമെന്നും എജി അറിയിച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ