“ഉടല്‍ മണ്ണുക്ക്, ഉയിര്‍ തമിഴുക്ക്
അതൈ ഉറക്കച്ചോല്‍വോം ഉലകുക്ക്”

എംജിആര്‍ – കരുണാനിധി ദ്വയത്തെക്കുറിച്ച് മണിരത്നം സംവിധാനം ചെയ്ത ‘ഇരുവര്‍’ എന്ന സിനിമയിലെ ഒരു സംഭാഷണശകലമാണിത്. തമിഴക സിനിമാ-രാഷ്ട്രീയ പ്രമുഖരും ഒരു കാലത്ത് സുഹൃത്തുക്കളുമായിരുന്ന എം.ജി.രാമചന്ദ്രന്‍റെയും മുത്തുവേല്‍ കരുണാനിധിയുടേയും കഥാപാത്രങ്ങളെ തിരശീലയില്‍ അവതരിപ്പിച്ചത് മോഹന്‍ലാലും പ്രകാശ് രാജുമായിരുന്നു. മോഹന്‍ലാലിന്‍റെ കഥാപാത്രം ഒരു അഭിനേതാവാണ്. പ്രകാശ് രാജിന്‍റെ കഥാപാത്രം എഴുത്തുകാരനും.

അഭിനേതാവ് നായകനാകുന്ന ഒരു ചിത്രത്തിന് വേണ്ടി എഴുത്തുകാരന്‍ എഴുതുന്ന വരികളാണ് നടന്‍ അരവിന്ദ് സ്വാമിയുടെ ആലാപനത്തില്‍ പിന്നീട് ‘ഐക്കോണിക്ക്’ ആയി മാറിയ ഈ വരികള്‍. മണിരത്നം ചിത്രത്തിനായി ഈ വരികള്‍ കുറിച്ചത് കവിയും ഗാനരചയിതാവുമായ വൈരമുത്തു. കരുണാനിധിയുടെ രചനാ-പ്രസംഗ രീതി പിന്തുടര്‍ന്നാണ് ഈ വരികള്‍ അദ്ദേഹം എഴുതിയത്.

1924 ജൂണ്‍ 3ന് തമിഴ്നാട്ടിലെ തിരുവാരൂര്‍ ജില്ലയിലെ തിരുക്കുവലൈയില്‍ ജനിച്ച കരുണാനിധിയുടെ ശരിക്കുള്ള പേര് ദക്ഷിണാമൂര്‍ത്തി എന്നാണ്. കുഞ്ഞുനാള്‍ മുതലേ എഴുത്തിലും നാടകത്തിലും തത്പരനായിരുന്ന അദ്ദേഹം പതിനാല് വയസ്സ് മുതല്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി. ജസ്റ്റിസ്‌ പാര്‍ട്ടിയിലെ അളഗിരി സ്വാമിയുടെ പ്രസംഗത്തില്‍ ആകൃഷ്ടനായാണ് കരുണാനിധി രാഷ്ട്രീയത്തില്‍ ആദ്യ ചുവടു വയ്ക്കുന്നത്.

ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച അദ്ദേഹം തമിഴില്‍ ‘മാനവര്‍ നേസം’ എന്നൊരു കൈയെഴുത്ത് പത്രം ആരംഭിച്ചു. പിന്നീട് ദ്രാവിഡ രാഷ്ട്രീയത്തിലെ ആദ്യ വിദ്യാര്‍ഥി മൂവ്മെന്‍റ്  ആയ ‘തമിഴ്നാട് തമിഴ് മാനവര്‍ മണ്ട്ര’ത്തിന് തുടക്കമിട്ടു. ഇന്ന് ദ്രാവിഡ മുന്നേട്ര കഴക’ത്തിന്‍റെ മുഖപത്രമായ ‘മുരശൊലി’ പിറന്നതും കരുണാനിധിയുടെ ആദ്യ കാല പ്രവര്‍ത്തങ്ങളില്‍ നിന്നാണ്.

1953ലെ കല്ലക്കുടി സമരത്തിലൂടെയാണ് കരുണാനിധി സംസ്ഥാന രാഷ്ട്രീയത്തില്‍ എത്തുന്നത്‌. കല്ലക്കുടി എന്ന് പേരുള്ള നാടിനെ ദാല്‍മിയാപുരം എന്ന് പേര് മാറ്റാന്‍ ശ്രമിച്ച വ്യവസായ ശക്തികളെ എതിര്‍ത്ത് പോരാടിയ അദ്ദേഹം അന്ന് അറസ്റ്റ് ചെയ്യപ്പെട്ടു. ട്രെയിനുകള്‍ തടഞ്ഞ് കൊണ്ട് ഡിഎംകെ നടത്തിയ സമരത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും ചെയ്തു.

1957ല്‍ തിരുച്ചിരപ്പള്ളിയിലെ കുളിതലൈ സീറ്റില്‍ നിന്നാണ് കരുണാനിധി ആദ്യമായി തമിഴ്നാട് നിയമസഭയില്‍ എത്തുന്നത്‌. 1961ല്‍ ഡിഎംകെ ട്രഷററായ അദ്ദേഹം അടുത്ത വര്‍ഷം പ്രതിപക്ഷ ഉപനേതാവായി. 1967ല്‍ ഡിഎംകെ അധികാരത്തില്‍ വന്നപ്പോള്‍ പൊതുകാര്യ മന്ത്രിയായ കരുണാനിധി, 1969ല്‍ അണ്ണാദുരൈയുടെ മരണത്തിന് ശേഷം തമിഴ്നാട് മുഖ്യമന്ത്രിയായി.

ആറു ദശാബ്ദത്തോളം നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ പാര്‍ട്ടിയിലും അധികാരത്തിലുമായി പല പദവികളും അദ്ദേഹം കൈയ്യാളിയിട്ടുണ്ട്.

Quote 1

തെന്നലിനെ തഴുകിയിട്ടില്ല ഞാന്‍, പക്ഷേ തീക്കനല്‍ താണ്ടിയിട്ടുണ്ട്

Quote 3

മനഃസാക്ഷി ഉറങ്ങുന്ന നേരത്താണ് മനസെന്ന കുരങ്ങന്‍ ഊരു ചുറ്റാന്‍ പോകുന്നത്

കരുണാനിധിയുടെ തോല്‍വികള്‍ പലതും ഒരു കാലത്ത് അടുത്ത സുഹൃത്തായിരുന്ന എംജിആറിനോടായിരുന്നു. 1987ല്‍ മരിക്കുന്നത് വരെ തമിഴ് മക്കളുടെ മനസ്സില്‍ സൂര്യനായി വിളങ്ങിയ എംജിആറിന്‍റെ പ്രഭയില്‍ മങ്ങിത്തന്നെയിരുന്നു കരുണാനിധിയുടെ രാഷ്ട്രീയ ജീവിതം.

അതിന് ശേഷം 1996ലാണ് അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയാകുന്നത്. അഞ്ചു വര്‍ഷം തികച്ചു ഭരിച്ചെങ്കിലും 2001ലെ നിയമാസഭാ തിരഞ്ഞെടുപ്പില്‍ ജയലളിത നേതൃത്വം നല്‍കിയ എഐഎഡിഎംകെയോട് പരാജയം ഏറ്റുവാങ്ങി. 2006ല്‍ അവരെ തോല്‍പ്പിച്ച് സഖ്യ കക്ഷികളുമായി ചേര്‍ന്ന് കരുണാനിധി വീണ്ടും അധികാരത്തിലെത്തി.

Quote 2

പദവി എന്നത് മുള്‍കിരീടം പോലെയാണ്

Quote 4

പുസ്തകത്തിലൂടെ ലോകത്തെ പഠിച്ചാല്‍ അറിവ് ലഭിക്കും; ലോകമെന്ന പുസ്തകത്തെ പഠിച്ചാല്‍ അനുഭവവും.

മൊഴിയാല്‍ ജാലം ചെയ്തു ഇത് പോലെ ഒരു ജനതയെ കൈയ്യിലെടുത്ത ഒരു രാഷ്ട്രീയ പ്രവര്‍ത്തകനോ എഴുത്തുകാരനോ പബ്ലിക് ഫിഗറോ തമിഴ്നാട്ടില്‍ വേറെയില്ല എന്ന് തന്നെ പറയാം.

കത്തുകള്‍, കവിതകള്‍, തിരക്കഥകള്‍, ചരിത്രാഖ്യാനങ്ങള്‍, നാടകങ്ങള്‍, സംഭാഷണങ്ങള്‍, ചലച്ചിത്ര ഗാനങ്ങള്‍ എന്നിങ്ങനെ സാഹിത്യത്തില്‍ അദ്ദേഹം കൈവയ്ക്കാത്ത വിഭാഗങ്ങള്‍ ഒന്നും തന്നെയില്ല. മികച്ച പ്രാസംഗികനും കൂടിയായ കരുണാനിധിയുടെ പ്രസംഗം കേള്‍ക്കാനായി മാത്രം മറ്റു ദേശങ്ങളില്‍ നിന്ന് ആളുകള്‍ വരുമായിരുന്നവത്രേ.

‘സംഗ തമിഴ്’, ‘തിരുക്കുരല്‍ ഉരൈ’, ‘പോന്നാര്‍ ശങ്കര്‍’, ‘റോമപുരി പാണ്ട്യന്‍’, ‘തെന്‍പാണ്ടി സിംഗം’, ‘വെള്ളിക്കിഴമൈ’, ‘നെഞ്ചുക്ക് നീതി’, ‘ഇനിയവൈ ഇരുപതു കുരലോവിയം’ എന്നിവ ഉൾപ്പടെ നൂറോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ‘മണിമകുടം’, ‘ഒരേ രത്തം’, ‘പളനിയപ്പന്‍’, ‘തൂക്കു മേദൈ’, ‘കാഗിതപ്പൂ’, ‘നാനേ അറിവാളി’, ‘ഉദയസൂരിയന്‍’, സിലപ്പതികാരം’ എന്നിവ അദ്ദേഹം രചിച്ച നാടകങ്ങളാണ്.

ഇപ്പോള്‍ തമിഴ്‌നാട്ടിലെ തിരുവാരൂര്‍ മണ്ഡലത്തിന്‍റെ  നിയമസഭാ പ്രതിനിധിയായ കരുണാനിധിയ്ക്ക് പദ്മാവതി, ദയാലു അമ്മാള്‍, രാജാത്തി എന്നീ മൂന്ന് ഭാര്യമാരിലായി മുത്തു, അഴഗിരി, സ്റ്റാലിന്‍, തമിഴരസ്, സെല്‍വി, കനിമൊഴി എന്നിങ്ങനെ ആറു മക്കളുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook