ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ വീണ്ടും വ്യക്തിപരമായി അധിക്ഷേപിച്ച് ബിജെപി. ഇത്തവണ കേന്ദ്രമന്ത്രി മന്‍സുക് മന്ദാവിയയാണ് പ്രിയങ്കയ്ക്കെതിരെ രംഗത്തെത്തിയത്. ഇന്ദിര ഗാന്ധിയുടേതിന് സമാനമായ ശരീരപ്രകൃതി ഉണ്ടായത് കൊണ്ട് ഭരണം ലഭിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

‘പ്രിയങ്കയ്ക്ക് അവരുടെ അമ്മൂമ്മയെ പോലെ മൂക്ക് ഉണ്ടെന്നാണ് കോണ്‍ഗ്രസിലെ സംസാരം. അമ്മൂമ്മയെ പോലുളള മൂക്ക് ഉളളവര്‍ക്ക് അധികാരം ലഭിക്കുമെങ്കില്‍ ചൈനയിലെ ഓരോ വീടുകളിലും ഓരോ പ്രസിഡന്റുമാര്‍ ഉണ്ടാവില്ലേ?,’ ബിജെപി നേതാവ് ഗുജറാത്തിലെ ഒരു റാലിയില്‍ ചോദിച്ചു.

Read: യുപിഎ ഭരണകാലത്ത് പ്രിയങ്ക ഗംഗാജലം കുടിക്കുമായിരുന്നോ? ഗംഗാപര്യടനത്തെ പരിഹസിച്ച് നിതിൻ ഗഡ്കരി

ഇത് ആദ്യമായല്ല ബിജെപി നേതാക്കള്‍ പ്രിയങ്കയ്ക്കെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തുന്നത്. ഔദ്യോഗികമായി രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത് മുതല്‍ ബിജെപി നേതാക്കള്‍ പ്രിയങ്കയെ ലക്ഷ്യം വയ്ക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയെ പപ്പുവെന്നും പ്രിയങ്കയെ പപ്പിയെന്നും വിളിച്ച് ഈയടുത്ത് കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മയും പ്രസ്താവന നടത്തിയിരുന്നു.

Read: ‘പപ്പുവിന്റെ പപ്പി’; പ്രിയങ്കാ ഗാന്ധിയെ അധിക്ഷേപിച്ച് കേന്ദ്ര മന്ത്രി

നേരത്തെ ജനുവരിയില്‍ താനോ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ രാജ്യത്തിന്റെ പെണ്‍മക്കള്‍ക്കെതിരെയുള്ള അധിക്ഷേപം പ്രോത്സാഹിപ്പിക്കില്ലെന്ന് പറഞ്ഞ വ്യക്തിയാണ് മഹേഷ് ശര്‍മ്മ.”പപ്പു പറയുന്നു, തനിക്ക് പ്രധാനമന്ത്രിയാവണമെന്ന്. മായാവതിയും അഖിലേഷും പപ്പുവും ഇപ്പോഴിതാ പപ്പുവിന്റെ പപ്പിയും വന്നിരിക്കുന്നു. ആ പ്രിയങ്ക, നേരത്തെ രാജ്യത്തിന്റെ മകളായിരുന്നില്ലേ? കോണ്‍ഗ്രസിന്റെ മകളായിരുന്നില്ലേ? സോണിയ ഗാന്ധിയുടെ മകളല്ലേ? എന്ത് പുതുമയാണ് അവര്‍ കൊണ്ടു വരുന്നത്?” മഹേഷ് പറയുന്നു.

ജനുവരിയില്‍ പ്രിയങ്കയെ ശൂര്‍പ്പണഖയോട് ബിജെപി നേതാവ് ഉപമിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ പരസ്യമായി തന്നെ രംഗത്തെത്തിയ വ്യക്തിയാണ് മഹേഷ്. ബിജെപി അച്ചടക്കമുള്ള പാര്‍ട്ടിയാണെന്നും ഒരു വ്യക്തിക്കുമെതിരായ അധിക്ഷേപത്തെ ബിജെപി പിന്തുണയ്ക്കില്ലെന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook