വാഷിങ്ടൺ: കൊറോണ വൈറസ് ആഗോളതലത്തിൽ നാശം വിതയ്ക്കുന്ന പശ്ചാത്തലത്തിൽ പ്രതിരോധ നടപടികളുമായി രാജ്യങ്ങൾ. ആഴ്ചകളായി താൻ സ്വന്തം മുഖത്ത് പോലും തൊട്ടിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കോവിഡ് -19 വൈറസ് പടരുന്നത് തടയാൻ സ്വീകരിച്ച ശുചിത്വ നടപടികളെക്കുറിച്ച് എയർലൈൻ എക്സിക്യൂട്ടീവുകളുമായും അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥരുമായും ട്രംപ് സംസാരിച്ചു.
യാത്രാ വിമാനങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങളെ കുറിച്ച് ഉദ്യോഗസ്ഥർ വിശദീകരിച്ചു. വൈറ്റ് ഹൗസിലെ കൊറോണ വൈറസ് പ്രതികരണ കോർഡിനേറ്ററായ ഡെബോറ ബിർക്സ് കൈ കഴുകുകയും മുഖം തൊടാതിരിക്കുകയും ചെയ്യുന്നതിന്റെ ഉപകാരങ്ങളെ കുറിച്ച് ഓർമിപ്പിച്ചു.
Read More: കൊറോണ: മരണ സംഖ്യ 3,285, ഇറ്റലിയിൽ വൈറസ് ബാധിച്ച് 107 പേർ മരിച്ചു
അതേസമയം ആഗോള തലത്തിൽ കൊറോണ വൈറസ് ബാധിച്ച് മരണം 3,285 ആയി. ഇതുവരെ 95,481 പേരിലാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിൽ തന്നെയാണ്. ഇറ്റലി, ഇറാൻ, അമേരിക്ക എന്നിവിടങ്ങളിലും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇറ്റലിയിൽ വൈറസ് ബാധിച്ച് 107 പേർ മരിച്ചു. ഇതുവരെ 3,089 പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പ്രൊഫഷണൽ ഫുട്ബോൾ മത്സരങ്ങളും മറ്റ് വലിയ കായിക മത്സരങ്ങളും ഏപ്രിൽ മൂന്ന് വരെ ആരാധകർ ഇല്ലാതെ നടത്തുമന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ പറഞ്ഞു. വൈറസ് വീണ്ടും പടരില്ലെന്ന പ്രതീക്ഷയിൽ സർക്കാർ പുറപ്പെടുവിച്ച പുതിയ ഉത്തരവിന്റെ ഭാഗമായാണ് പ്രതിരോധ നടപടി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പത്ത് ദിവസത്തേക്ക് അടച്ചിടാനും സർക്കാർ ഉത്തരവിറക്കി.
ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ രണ്ടാമത്തെ കൊറോണ വൈറസ് മരണം റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം സ്റ്റേറ്റ് വാർത്താ ഏജൻസി പ്രസിദ്ധീകരിച്ചു. രോഗിക്ക് നിരവധി രോഗങ്ങളുണ്ടായിരുന്നെന്ന് ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു.