ബിഹാറിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി താൻ അവകാശവാദമൊന്നും ഉന്നയിച്ചിട്ടില്ലെന്നും അന്തിമ തീരുമാനം എൻഡിഎ എടുക്കുമെന്നും ജെഡിയു നേതാവ് നിതീഷ് കുമാർ. നാലാം തവണയും ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ നവംബർ 16 ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ജെഡിയു നേതാവ് ഇക്കാര്യം പറഞ്ഞത്. അതേസമയം ബിഹാർ മുഖ്യമന്ത്രി ആരെന്ന കാര്യം തീരുമാനിക്കാൻ എൻഡിഎ ഘടകകക്ഷികൾ നവംബർ 15ന് നിർണായക യോഗം ചേരുമെന്നും നിതീഷ് അറിയിച്ചു.
മുഖ്യമന്ത്രി കസേരയ്ക്കായി ഞാൻ ഒരു അവകാശവാദവും ഉന്നയിച്ചിട്ടില്ല, തീരുമാനം എൻഡിഎ എടുക്കും. ദീപാവലിക്ക് ശേഷമോ പിന്നീടോ, സത്യപ്രതിജ്ഞാ ചടങ്ങ് എപ്പോൾ നടക്കുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഈ തിരഞ്ഞെടുപ്പ് ഫലങ്ങൾ ഞങ്ങൾ വിശകലനം ചെയ്യുകയാണ്. നാല് പാർട്ടികളിലെയും അംഗങ്ങൾ നാളെ കൂടിക്കാഴ്ച നടത്തും, ”നിതീൽ കുമാറിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.
Read More: വീണ്ടും വോട്ടെണ്ണണം; തിരഞ്ഞെടുപ്പ് കമ്മീഷൻറെ ഫലമാണ് എൻഡിഎക്ക് അനുകൂലമായതെന്ന് തേജസ്വി
ബീഹാർ തെരഞ്ഞെടുപ്പിൽ എൻഡിഎ വിജയിച്ചെങ്കിലും, ജെഡിയു വെറും 43 സീറ്റുകളായി ചുരുങ്ങിയിരുന്നു. 73 സീറ്റ് നേടിയ ബിജെപി മുന്നണിയിലെ വലിയ കക്ഷിയായി മാറുകയും ചെയ്തു. 2005 ന് ശേഷം ആർജെഡിക്ക് ലഭിക്കുന്ന മോശം സീറ്റ് നിലയാണിത്. ആർജെഡിക്ക് സീറ്റ് കുറഞ്ഞതോടെ ബിഹാർ എൻഡിഎ സഖ്യത്തിലെ മുതിർന്ന പങ്കാളിയായി ബിജെപി ഇത്തവണ മാറുകയും ചെയ്തു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിതീഷിനെത്തന്നെയാണ് എൻഡിഎ ഉയർത്തിക്കാട്ടുന്നതെന്ന് ബിജെപി തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുൻപ് തന്നെ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയുടെ മോശം പ്രകടനത്തെത്തുടർന്ന് നിതീഷ് മുഖ്യമന്ത്രിസ്ഥാനം സ്വീകരിക്കാൻ വിസ്സമതിച്ചതായി കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത പുറത്തു വന്നിരുന്നു.
മുതിർന്ന ബിജെപി നേതാക്കൾ നിതീഷിനെ മുഖ്യമന്ത്രിയായി തുടരാൻ പ്രേരിപ്പിക്കുകയാണെന്നും സർക്കാർ നടത്തുന്നതിൽ തനിക്ക് “മുമ്പത്തെപ്പോലെ പൂർണ സ്വാതന്ത്ര്യം” ലഭിക്കുമെന്ന് ഉറപ്പ് നിതീഷിന് നൽകിയിട്ടുണ്ടെന്നുമാണ് അറിയാൻ കഴിയുന്നത്.
Read More: വോട്ടെണ്ണൽ അട്ടിമറിക്കാൻ ശ്രമിച്ചു; നിതീഷ് സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ആർജെഡി
ചിരാഗ് പാസ്വനും എൽജെപിയും ജെഡിയുവിനെതിരെ രംഗത്തെത്തിയതിൽ നിതീഷിന് വലിയ അസ്വസ്ഥതയുണ്ടെന്ന് എൻഡിഎ വൃത്തങ്ങൾ അറിയിച്ചു. ഒ“25-30 സീറ്റുകളിലെങ്കിലും ജെഡിയുവിന്റെ അവസരങ്ങൾ ചിരാഗ് നശിപ്പിച്ചതിൽ അദ്ദേഹം അസ്വസ്ഥനായിരുന്നു. സഖ്യത്തിൽ ബിജെപി ഇപ്പോൾ മുതിർന്ന പങ്കാളിയാണെങ്കിലും മുഖ്യമന്ത്രിയായി തുടരാൻ ഞങ്ങൾ അദ്ദേഹത്തെ പ്രേരിപ്പിച്ചു,” എന്ന് ഒരു മുതിർന്ന ബിജെപി നേതാവ് പറഞ്ഞു
പാസ്വാന്റെ പാർട്ടിയെക്കുറിച്ച് ചോദിച്ചപ്പോൾ “എൻഡിഎയിൽ എൽജെപി നിലനിർത്തണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ബിജെപിയാണ്,” എന്നാണ് നിതീഷ് പറഞ്ഞത്.
Read More: ബിഹാറിലെ വിജയം കോവിഡ് പ്രതിസന്ധിയെ കൈകാര്യം ചെയ്ത രീതിക്കുള്ള അംഗീകാരമെന്ന് പ്രധാനമന്ത്രി
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ചിരാഗ് പാസ്വാനുമായുള്ള പ്രശ്നത്തിൽ ബിജെപി കാര്യക്ഷമമായി ഇടപെട്ടിട്ടില്ലെന്ന് ഒരു പൊതുവായ തോന്നലുണ്ടെന്ന് മുതിർന്ന ഒരു ജെഡി(യു) നേതാവ് പറഞ്ഞു. ബിജെപിയും ജെഡിയു പ്രവർത്തകരും തമ്മിലുള്ള ഏകോപനത്തിലും പ്രശ്നങ്ങളുണ്ടെന്നും ഈ നേതാവ് പറഞ്ഞു.
ബിഹാർ നിയമസഭയിൽ എൻഡിഎയ്ക്ക് നേരിയ ഭൂരിപക്ഷം ലഭിച്ചിരുന്നു. ബിജെപി 74 സീറ്റുകളും ജെഡിയു 43 സീറ്റുകളും സഖ്യകക്ഷികളായ വിഐപി, എച്ച്‌എം (എസ്) എന്നിവ നാല് വീതം സീറ്റുകളുമാണ് നേടിയത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook