മുംബൈ: തടവില്‍ കഴിയുന്നതിനിടെ അന്തരിച്ച ജെസ്യൂട്ട് പുരോഹിതനും ആദിവാസി അവകാശ പ്രവര്‍ത്തകനുമായ സ്റ്റാന്‍ സ്വാമി ഉത്കൃഷ്ടനായ വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളോട് വലിയ ബഹുമാനമുണ്ടെന്നും ബോംബെ ഹൈക്കോടതി. ഭീമ കൊറെഗാവ്-എല്‍ഗാര്‍ പരിഷത്ത് കേസില്‍ സ്റ്റാന്‍ സ്വാമിയുടെ ജാമ്യ ഹര്‍ജികള്‍ മരണാനന്തരം പരിഗണിക്കവെയാണ് കോടതിയുടെ ഈ വാക്കുകള്‍.
ജസ്റ്റിസുമാരായ എസ്എസ് ഷിന്‍ഡെയും എന്‍ജെ ജമദാറും ഉള്‍പ്പെട്ട ബഞ്ചാണ് ഈ പരാമര്‍ശം നടത്തിയത്. ഇതേ ബഞ്ച് ജൂലൈ അഞ്ചിന് സ്റ്റാന്‍ സ്വാമിയുടെ മെഡിക്കല്‍ ജാമ്യഹര്‍ജി പരിഗണിക്കവെയാണ് അദ്ദേഹം ഹൃദയസ്തംഭനം മൂലം മരിച്ചതായി അഭിഭാഷകന്‍ അറിയിച്ചത്. ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിലായിരുന്നു എണ്‍പത്തി നാലുകാരനായ സ്വാമിയുടെ അന്ത്യം.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിനാണു സ്റ്റാന്‍ സ്വാമിയെ ഭീമ കൊറെഗാവ്-എല്‍ഗാര്‍ പരിഷത്ത് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തത്. ആരോഗ്യനില വഷളായതോടെ ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് മേയ് 28നാണ് സ്വാമിയെ തലോജ ജയിലില്‍നിന്ന് ആശുപ്രതിയിലേക്കു മാറ്റിയത്.
സ്വാമിയുടെ പ്രവര്‍ത്തനങ്ങളോട് കോടതിക്ക് വലിയ ബഹുമാനമുണ്ടെന്നു പറഞ്ഞ കോടതി, അദ്ദേഹത്തിനെതിരെ നിയമപരമായുള്ള കാര്യങ്ങള്‍ വ്യത്യസ്തമാണെന്നും പരാമര്‍ശിച്ചു.
Also Read: ഞാന്‍ മിക്കവാറും മരിക്കും
”സാധാരണഗതിയില്‍ ഞങ്ങള്‍ക്ക് സമയം ലഭിക്കാറില്ല, പക്ഷേ സ്വാമിയുടെ സംസ്‌കാര ശുശ്രൂഷ ഞാന്‍ കണ്ടു. അത് വളരെ കൃപയുള്ളതായിരുന്നു. ഉത്കൃഷ്ടനായൊരു വ്യക്തി. അദ്ദേഹം സമൂഹത്തിന് കരുണാര്‍ദ്രമായ സേവനം നല്‍കി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളോട് ഞങ്ങള്‍ക്ക് വലിയ ബഹുമാനമുണ്ട്. അദ്ദേഹത്തിനെതിരായ നിയമപരമായ നടപടികള്‍ വേറൊരു കാര്യമാണ്,” ജസ്്റ്റിസ് ഷിന്‍ഡെപറഞ്ഞു.
സ്വാമിയുടെ മരണത്തെത്തുടര്‍ന്ന് എന്‍ഐഎക്കും ജുഡീഷ്യറിക്കുമെതിരെ ഉയര്‍ന്ന വിമര്‍ശനത്തെക്കുറിച്ചും ബെഞ്ച് പരാമര്‍ശിച്ചു. നിരവധി കേസുകളില്‍, വിചാരണ കാത്ത് ജയിലുകളില്‍ കഴിയുന്നവര്‍ തളരുന്നുണ്ടെന്നു പറഞ്ഞ കോടതി അതില്‍ ഖേദം പ്രകടിപ്പിച്ചു.
അതേസമയം, സ്വാമിയുടെ മെഡിക്കല്‍ ജാമ്യാപേക്ഷയിലും എല്‍ഗാര്‍ പരിഷത്ത് കേസില്‍ അദ്ദേഹത്തിനൊപ്പം കുറ്റം ആരോപിക്കപ്പെട്ടവര്‍ സമര്‍പ്പിച്ച ഹര്‍ജികളിലും ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍ ശരിയായ നടപടികളുണ്ടാവുന്നുണ്ടെന്ന് ഉറപ്പുവരുത്തിയതായി ബെഞ്ച് വ്യക്തമാക്കി.
”മേയ് 28 ന് നിങ്ങള്‍ അദ്ദേഹത്തിന്റെ മെഡിക്കല്‍ ജാമ്യാപേക്ഷയുമായി ഞങ്ങളെ സമീപിച്ചു, എല്ലാ അപേക്ഷയും എല്ലാ സമയത്തും ഞങ്ങള്‍ അംഗീകരിച്ചു. ഞങ്ങള്‍ പുറത്ത് സംസാരിക്കാന്‍ കഴിയാത്തവരാണ്. നിങ്ങള്‍ക്ക് (ദേശായി) മാത്രമേ ഇത് വ്യക്തമാക്കാന്‍ കഴിയൂ. ഇക്കാര്യത്തില്‍ കോടതിയോട് നിങ്ങള്‍ക്ക് പരാതിയില്ലെന്ന് നിങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്,” സ്വാമിയുടെ അഭിഭാഷകനായ മിഹിര്‍ ദേശായിയോട് കോടതി പറഞ്ഞു.
Also Read: ‘സ്റ്റാൻ സ്വാമി നേരിട്ടത് മനുഷ്യത്വരഹിതമായ സമീപനം, നടപടി വേണം;’ പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിക്ക് കത്തയച്ചു
കസ്റ്റഡിയിലുള്ള സ്റ്റാന്‍ സ്വാമിയുടെ മരണം കോടതി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോടതി പറഞ്ഞു. ”ഞങ്ങളുടെ മനസ്സില്‍ എന്തായിരുന്നുവെന്ന് ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയാത്തതിനാല്‍ ഇപ്പോള്‍ പറയാനാവുന്നില്ല,” സ്വാമിയുടെ മെഡിക്കല്‍ ജാമ്യാപേക്ഷ സംബന്ധിച്ച് കോടതി വ്യക്തമാക്കി. സ്റ്റാന്‍ സ്വാമിക്കൊപ്പം കുറ്റം ആരോപിക്കപ്പെട്ട വരവര റാവുവിനു കടുത്ത എതിര്‍പ്പ് അവഗണിച്ച് ജാമ്യം അനുവദിച്ച കോടതിയാണിതെന്ന് ആരും പരാമര്‍ശിക്കുന്നില്ലെന്നും ബഞ്ച് അഭിപ്രായപ്പെട്ടു.
”മനുഷ്യത്വ കോണില്‍ കാണണമെന്ന് ഞങ്ങള്‍ ചിന്തിച്ചതുപോലെ (റാവുവിന്റെ) കുടുംബത്തെ കണ്ടുമുട്ടാന്‍ ഞങ്ങള്‍ അനുവദിച്ചു. മറ്റൊരു കേസില്‍ (ഹാനി ബാബു) അദ്ദേഹത്തിന്റെ ഇഷ്ടമനുസരിച്ചുള്ള ആശുപത്രിയിലേക്ക് (ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റല്‍) അയച്ചു,” കോടതി പറഞ്ഞു. കേസില്‍ വാദം കേള്‍ക്കല്‍ 23 നു തുടരും.
ഒരു ദിവസത്തെ കസ്റ്റഡി പോലും എന്‍ഐഎ ആവശ്യപ്പെടാത്തതിനാല്‍ സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്യേണ്ടതിന്റെ ആവശ്യകത എന്തായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മരണം അറിയിച്ചുകൊണ്ട് ജൂലൈ അഞ്ചിന് അഭിഭാഷന്‍ മിഹിര്‍ ദേശായി ഹൈക്കോടതിയില്‍ ചോദിച്ചിരുന്നു. കോടതിക്കും ആശുപത്രിക്കുതിമെതിരെ പരാതികളില്ലെങ്കിലും എന്‍ഐഎയെയും ജയില്‍ അധികൃതരെയും കുറിച്ച് തനിക്ക് ഇതൊന്നും പറയാനാവില്ലെന്ന് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ദേശായി പറഞ്ഞിരുന്നു.
സ്റ്റാന്‍ സ്വാമിയുടെ മരണത്തെ അധികാര കൊലയെന്നു വിശേഷിപ്പിച്ച ഭീമ കൊറെഗാവ്-എല്‍ഗാര്‍ പരിഷത്ത് കേസിലെ കുറ്റാരോപിതരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ജയിലില്‍ കഴിയുന്നവരുടെ ആരോഗ്യവും ജീവനും സംബന്ധിച്ച് ഭയമുണ്ടെന്നും പറഞ്ഞിരുന്നു.