മുംബൈ: 2018 ജനുവരിയിലെ ഭീമ കൊറെഗാവ് അക്രമവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി കോൺഗ്രസിന്റേയും എൻസിപിയുടേയും മുതിർന്ന നേതാക്കൾ.

“ഭീമ കൊറേഗാവ് അക്രമത്തിനുശേഷം ദലിത് വിഭാഗത്തിലുള്ളവർക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കേണ്ടതുണ്ടെന്ന് ഞങ്ങൾ​ കരുതുന്നു. ഈ കേസുകൾ പിൻവലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയോട് അഭ്യർത്ഥിച്ചു,” കോൺഗ്രസ് മുതിർന്ന മന്ത്രി നിതിൻ റാവത്ത് പറഞ്ഞു. “നിരപരാധികൾക്കെതിരായ കേസുകൾ പിൻവലിക്കണം. അവരിൽ ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. ഞാൻ വിശദാംശങ്ങൾ ചോദിച്ചിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

നിരവധി ബുദ്ധിജീവികൾ, ചിന്തകർ, സാമൂഹ്യ പ്രവർത്തകർ, നിരപരാധികളായ പൗരന്മാർ എന്നിവരെ നക്സലുകൾ എന്ന് മുദ്രകുത്തുകയും ഭീമ കൊറെഗാവ് കലാപ കേസിൽ അവർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. അവർക്കെതിരായ കേസുകൾ ഉടൻ പിൻവലിക്കണമെന്നാണ് എന്റെ അഭ്യർത്ഥന, ”മുതിർന്ന എൻ‌സി‌പി നേതാവും എം‌എൽ‌എയുമായ ധനഞ്ജയ് മുണ്ഡെ പറഞ്ഞു.

“മുൻ സർക്കാരിനെതിരെ ശബ്ദമുയർത്തിയവരെ മനഃപൂർവ്വം ലക്ഷ്യമിട്ടിരുന്നു. ബിജെപി സർക്കാരിന്റെ പീഡനം സഹിക്കേണ്ടി വന്ന ആ മനുഷ്യർക്ക് നീതി ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്,”മുണ്ഡെ പറഞ്ഞു.

ഭീമ കൊറെഗാവ്, എൽഗാർ പരിഷത്ത് കേസുകൾ തമ്മിൽ വ്യത്യാസമുണ്ടെന്ന് റാവത്ത് പറഞ്ഞു. “ഭീമ കൊറെഗാവിൽ, ഞങ്ങളുടെ ആളുകൾ പ്രക്ഷോഭം നടത്തിയിരുന്നു. തെരുവുകളിൽ പ്രക്ഷോഭം നടത്തിയതിന്റെ പേരിൽ നിരവധി ആളുകൾക്കെതിരെ കേസുകൾ ഉണ്ട്. ആ കേസുകൾ പിൻവലിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു, കാരണം അവർ നിരപരാധികളാണ്, ”അദ്ദേഹം പറഞ്ഞു.

“എൽഗാർ പരിഷത്ത് വ്യത്യസ്തമാണ്. ഭീമ കൊറെഗാവുമായി എൽഗാറിന് ഒരു ബന്ധവുമില്ല. എൽഗാർ പരിഷത്ത് കേസുകൾ പിൻവലിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് അവരെക്കുറിച്ച് കൂടുതൽ അറിയില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അസ്വസ്ഥതകൾ ഉണ്ടായതിനെത്തുടർന്ന് ദലിത് പുരുഷന്മാർക്കും സ്ത്രീകൾക്കും നേരെയുണ്ടായ പോലീസ് കേസുകൾ പിൻവലിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ”റാവത്ത് പറഞ്ഞു.

ഭീമ കൊറെഗാവ് കേസുകൾ പിൻവലിക്കണമെന്ന് എൻസിപി എം‌എൽ‌സി പ്രകാശ് ഗജ്ഭിയെയും പറഞ്ഞു. “ഭീമ കൊറെഗാവ് കലാപത്തിൽ ദലിത് പുരുഷന്മാർക്കും സ്ത്രീകൾക്കുമെതിരെ കഴിഞ്ഞ സർക്കാർ ഗുരുതരമായ കേസുകൾ ചുമത്തിയിരുന്നു. ഇന്ദു മിൽ പ്രക്ഷോഭത്തിലും സമാനമായ കേസുകൾ ഫയൽ ചെയ്തു. ഈ കേസുകൾ പിൻവലിക്കണമെന്നും ദലിത് സമുദായത്തിന് നീതി ലഭിക്കണമെന്നും ഞങ്ങൾ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.”

ഈ വിഷയത്തിൽ നേരത്തെ എൻ‌സി‌പി എം‌എൽ‌എ ജിതേന്ദ്ര അവാദ് ട്വീറ്റ് ചെയ്തിരുന്നു. “ആരേ പ്രക്ഷോഭകാരികൾക്കെതിരായ കേസുകൾ പിൻവലിച്ചു. ഇപ്പോൾ ഭീമ കൊറെഗാവ് വിഷയത്തിൽ വ്യാജ കേസുകളിൽ അറസ്റ്റിലായവരെ മോചിപ്പിക്കണം.”

200 വർഷം മുമ്പ് നടന്ന യുദ്ധത്തിന്റെ വാർഷികത്തോട് അനുബന്ധിച്ച് 2018 ജനുവരി ഒന്നിന് പൂനെയിലും മുംബൈയിലും അക്രമങ്ങൾ പൊട്ടിപ്പുറപ്പെടുകയായിരുന്നു. ഇതേ തുടർന്ന് ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അതിന് തൊട്ടു മുമ്പുള്ള വർഷം, 2017 ഡിസംബർ 31 ന് പൂനെയിൽ എൽഗാർ പരിഷത്ത് എന്നൊരു പരിപാടി സംഘടിപ്പിച്ചിരുന്നു. എൽഗാർ പരിഷത്തിൽ നടത്തിയ പ്രസംഗങ്ങൾ ഭാഗികമായി ഭീമ കൊറേഗാവ് അക്രമത്തിന് പ്രേരിപ്പിച്ചിട്ടുള്ളതായി പോലീസ് അവകാശപ്പെട്ടു. എൽഗാർ പരിഷത്ത് കേസിൽ യുഎപിഎ നിയമപ്രകാരം നിരവധി പ്രവർത്തകരെ അറസ്റ്റ് ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook