ന്യൂഡല്‍ഹി: നിങ്ങളുടെ വീട്ടില്‍ 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള ഡീസല്‍ വാഹനങ്ങളുണ്ടോ? എങ്കില്‍ ഗതാഗത വകുപ്പിന്റെയോ ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയോ വരവ് പ്രതീക്ഷിച്ചോളു.മലിനീകരണം കുറയ്ക്കാനായി 15 വര്‍ഷം പഴക്കമുളള ഡീസല്‍ വാഹനങ്ങള്‍ സര്‍ക്കാര്‍ പിടിച്ചെടുത്ത് ജപ്തി ചെയ്യാന്‍ പദ്ധതി
തയ്യാറാക്കുന്നതായാണ് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡല്‍ഹിയില്‍ നിന്നായിരിക്കും നടപടിക്ക് തുടക്കം കുറിക്കുക. പഴയ ഡീസല്‍ വാഹനങ്ങള്‍ അന്തരീക്ഷ മലിനീകരണത്തിന് ആക്കംകൂട്ടുന്നതിനാലാണ് നടപടി.
നിലവില്‍ ഡല്‍ഹിയില്‍ മാത്രം രണ്ട് ലക്ഷത്തോളം ഡീസല്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ ഗതാഗത വകുപ്പ് റദ്ദാക്കിയിട്ടുണ്ട്. ‘ഇത്തരം പഴയ വാഹനങ്ങള്‍ നിരത്തില്‍ ഇറക്കിയതായോ പൊതുവിടത്ത് പാര്‍ക്ക് ചെയ്തതായോ ശ്രദ്ധയില്‍ പെട്ടാല്‍ ജപ്തി ചെയ്യുന്നതായിരിക്കും. ഇത്തരം വാഹനങ്ങളുടെ ഉടമകളേയും പോയി കാണും. ഞങ്ങള്‍ക്ക് ഇപ്പോള്‍ ജീവനക്കാരുടെ കുറവ് ഉണ്ടെങ്കിലും രണ്ട് സംഘത്തെ ഇതിനായി നിയോഗിക്കും. ഇത്തരം വാഹനങ്ങളുടെ ഉടമകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. നിലവില്‍ രജിസ്ട്രേഷന്‍ റദ്ദാക്കിയ വാഹനങ്ങളും പിടിച്ചെടുക്കും,’ ട്രാന്‍സ്പോര്‍ട്ട് സ്പെഷ്യല്‍ കമ്മീഷണര്‍ കെകെ ധാഹിയ വ്യക്തമാക്കി.
‘ഇങ്ങനെ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഉടകള്‍ക്ക് തിരികെ നല്‍കില്ല. കഴിഞ്ഞ മാസം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ ഇതും വ്യക്തമാക്കുന്നുണ്ട്. പിടികൂടുന്ന വാഹനങ്ങള്‍ നശിപ്പിക്കാനുളള നടപടികള്‍ പിന്നീട് കൈക്കൊളളും,’ ധാഹിയ കൂട്ടിച്ചേര്‍ത്തു. അതേസമയം അന്തരീക്ഷ മലിനീകരണത്തില്‍ കുപ്രസിദ്ധിയാര്‍ജിച്ച ഡല്‍ഹിയിലാണ് ആദ്യഘട്ടത്തില്‍ ഈ നടപടികള്‍ സ്വീകരിക്കുന്നത്.