ഉത്തർപ്രദേശിലെ ഹത്രാസിൽ കൊല്ലപ്പെട്ട ദലിത് യുവതി ബലാത്സംഗം ചെയ്യപ്പെട്ടട്ടില്ലെന്ന് യുപി പൊലിസ്. ഫൊറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുതിർന്ന പൊലിസ് ഉദ്യോഗസ്ഥൻ ഇക്കാര്യം അറിയിച്ചത്. കഴുത്തിന്റെ ഭാഗത്ത് നട്ടെലിന് ഏറ്റ പരുക്കിനെത്തുടർന്നാണ് പെൺകുട്ടി മരിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
“എഫ്എസ്എല്ലിന്റെ റിപ്പോർട്ട് വന്നു. സാമ്പിളുകളിൽ ബീജത്തിന്റെ സാനിധ്യം ഇല്ലായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ബലാത്സംഗമോ കൂട്ട ബലാത്സംഗമോ നടന്നട്ടില്ലെന്ന് ഇത് വ്യക്തമാക്കുന്നു,” എഡിജി പ്രശാന്ത് കുമാർ പറഞ്ഞു.
പൊലീസിന് നൽകിയ മൊഴിയിലും പെൺകുട്ടി ബലാത്സംഗത്തെക്കുറിച്ച് പരാമർശിച്ചട്ടില്ല. എന്നാൽ ഉപദ്രവിച്ചതിനെക്കുറിച്ച് മാത്രമാണ് സംസാരിച്ചത്. സാമൂഹിക ഐക്യം തകർക്കുന്നതിനും തി അക്രമങ്ങൾ സൃഷ്ടിക്കുന്നതിനും ചില വ്യക്തികൾ വസ്തുതകൾ തെറ്റായി അവതരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതിന് ശ്രമിച്ചവരെ തിരിച്ചറിഞ്ഞതായും പ്രശാന്ത് കുമാർ കൂട്ടിച്ചേർത്തു.
അതേസമയം സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാർ പ്രതിരോധത്തിൽ. ദേശീയ വനിത കമ്മിഷനും മനുഷ്യാവകാശ കമ്മിഷനും വിഷയത്തിൽ റിപ്പോർട്ട് തേടി. പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ മൃതദേഹം വീട്ടിൽ കയറ്റാതെ പുലർച്ചെ ദഹിപ്പിച്ച പൊലീസ് നടപടിക്കെതിരെ വിമർശനമുയർന്നിരുന്നു. ഇതിനു പിന്നാലെയാണ് വനിത കമ്മിഷനും മനുഷ്യാവകാശ കമ്മിഷനും വിഷയത്തിൽ ഇടപെട്ടത്.
പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകാത്തതിൽ നേരത്തെ ഉത്തർപ്രദേശ് പൊലീസിനെതിരെ ആരോപണമുയർന്നിരുന്നു. നാടകീയ രംഗങ്ങൾക്ക് ശേഷമാണ് പെൺകുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചത്. മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകാത്ത പൊലീസ് നടപടിയിൽ പ്രതിഷേധമുണ്ടായി. പെൺകുട്ടിയുടെ വീട്ടുകാർ അടക്കം ഇതിനെതിരെ രംഗത്തെത്തി.
ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് പെൺകുട്ടിയെ സംസ്‌കരിച്ചത്. മൃതദേഹം സംസ്‌കരിക്കാൻ പൊലീസ് തങ്ങളെ നിർബന്ധിക്കുകയായിരുന്നെന്നും മൃതദേഹം വീട്ടിൽവയ്‌ക്കാൻ പോലും പൊലീസ് സമ്മതിച്ചില്ലെന്നും പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.