ലഖ്‌നൗ: ഹാഥ്‌റസ് ബലാത്സംഗവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങളെ പൂർണമായി തള്ളി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തന്റെ സർക്കാരിനെ മോശമായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നതായി യോഗി ആദിത്യനാഥ് ആരോപിച്ചു. പ്രതിഷേധിക്കാൻ മറ്റൊന്നും ഇല്ലാത്തതുകാരണമാണ് പ്രതിപക്ഷം ഹാഥ്‌റസ് ബലാത്സംഗത്തെ ഉയർത്തികാണിക്കുന്നതെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു.

ദേശീയ പൗരത്വ നിയമവുമായി ബന്ധപ്പെട്ട് രാജ്യത്ത് നടന്ന പ്രതിഷേധങ്ങളുമായി ഹാഥ്‌റസ് പ്രതിഷേധങ്ങളെ യോഗി താരതമ്യം ചെയ്തു. “സിഎഎക്കെതിരായ പ്രതിഷേധിച്ചവരുടെ മുഖം നിങ്ങൾ കണ്ടുകാണും, കോവിഡ് മഹാമാരിയുടെ സമയത്ത് തബ്‌ലീഗ് ജമാ അത്തെയിൽ അഭയം തേടി രോഗവ്യാപനമുണ്ടാക്കിയവരെയും രാജ്യത്ത് അരാജകത്തം സൃഷ്ടിക്കാൻ ശ്രമിച്ചവരുടെയും മുഖം നിങ്ങൾ കണ്ടുകാണും. അത്തരക്കാരുടെ മുഖംമൂടി അഴിച്ചുമാറ്റി പുറത്തുകൊണ്ടുവരിക മാത്രമല്ല സർക്കാർ അന്ന് ചെയ്‌തത്, ഇത്തരക്കാരെ പ്രതിരോധിക്കാനുള്ള ശക്തമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു,” യോഗി ആദിത്യനാഥ് പറഞ്ഞു.

Read Also: ഹാഥ്‌റസ് ബലാത്സംഗ കേസ്: യോഗി സർക്കാരിനെതിരെ അന്താരാഷ്‌ട്ര തലത്തിൽ ഗൂഢാലോചനയെന്ന് എഫ്‌ഐആർ

“സർക്കാരിനെ അപകീർത്തിപ്പെടുത്താനാണ് പ്രതിഷേധക്കാർ ശ്രമിക്കുന്നത്. സമൂഹത്തിൽ ശത്രുതയും വേർതിരിവുമുണ്ടെന്ന് കാണിക്കാനാണ് അവരുടെ ശ്രമം. പ്രതിപക്ഷത്തിനു ഉയർത്തികാണിക്കാൻ മറ്റു പ്രശ്‌നങ്ങളൊന്നും ഇല്ലാത്തതിനാലാണ് അവർ ഇതു ചെയ്യുന്നത്. സമൂഹത്തിൽ വിഭജനങ്ങളുണ്ടാക്കാനും തടസങ്ങൾ സൃഷ്‌ടിക്കാനുമാണ് പ്രതിപക്ഷം എപ്പോഴും ശ്രമിക്കുന്നത്,” യോഗി കുറ്റപ്പെടുത്തി.

നേരത്തെ ഹാഥ്‌റസ് ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങൾ യോഗി ആദിത്യനാഥ് സർക്കാരിനെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് യുപി പൊലീസ് പറഞ്ഞിരുന്നു. ബലാത്സംഗ കേസുമായി ബന്ധപ്പെട്ടുള്ള യുപി പൊലീസിന്റെ എഫ്ഐആറിലാണ് ഇങ്ങനെയൊരു വിചിത്രവാദം. കലാപത്തിനു നീക്കം നടന്നെന്നും യോഗി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടന്നെന്നും പുതിയ എഫ്‌ഐആറിൽ പറയുന്നു.

കലാപങ്ങൾ സൃഷ്‌ടിക്കാനും യോഗി ആദിത്യനാഥ് സർക്കാരിനെ അപകീർത്തിപ്പെടുത്താനും അന്താരാഷ്‌ട്ര തലത്തിൽ ഗൂഢാലോചന നടന്നതായാണ് എഫ്ഐആറിൽ യുപി പൊലീസ് അവകാശപ്പെടുന്നത്. രാജ്യദ്രോഹക്കുറ്റം അടക്കം ചുമത്തിയാണ് പുതിയ എഫ്ഐആർ. ബലാത്സംഗത്തിനു ഇരയായ പെൺകുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ആരംഭിച്ച ഒരു വെബ് സൈറ്റിന്‌ ഈ ഗൂഢാലോചനയിൽ പങ്കുണ്ടെന്നും എഫ്ഐആറിൽ പറയുന്നു. ഗൂഢാലോചനയ്‌ക്ക് അന്താരാഷ്‌ട്ര മാനങ്ങളുണ്ടെന്നാണ് പൊലീസ് അവകാശവാദം.

Read Also: ഡൽഹി കലാപം: വാട്സ്ആപ്പ് ഗ്രൂപ്പിൽ മതത്തിന്റെ അടിസ്ഥാനത്തിൽ ശത്രുത പ്രചരിപ്പിച്ചതായി കുറ്റപത്രം

‘justiceforhathrasvictim.carrd.co’ എന്ന വെബ് സൈറ്റിനെതിരെയാണ് എഫ്ഐആറിൽ ആരോപണമുള്ളത്. ഈ വെബ് സൈറ്റ് ഇപ്പോൾ അപ്രത്യക്ഷമാണ്. ഗൂഢാലോചനയിൽ ഈ സൈറ്റിന് പങ്കുണ്ടെന്ന് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നു. കലാപങ്ങളുടെ സമയത്ത് എങ്ങനെ സുരക്ഷിതരായിരിക്കണം, പൊലീസ് കണ്ണീവാതകം പ്രയോഗിക്കുമ്പോൾ എങ്ങനെ പ്രതികരിക്കണം, പൊലീസ് നടപടികളുടെ സമയത്ത് എന്തെല്ലാം ചെയ്യണം, എന്തെല്ലാം ചെയ്യരുത് തുടങ്ങിയ കാര്യങ്ങളെല്ലാം ഈ സൈറ്റിൽ പ്രതിപാദിച്ചിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് യോഗി സർക്കാരിനെതിരെയുള്ള ഗൂഢാലോചനയായി എഫ്ഐഐആർ സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ഈ വെബ് സൈറ്റിന് അമേരിക്കയുമായി ബന്ധമുണ്ട്. അമേരിക്കയിലെ ‘Black Lives Matters’ ക്യാംപയ്‌ൻ നടന്ന ഉറവിടങ്ങളിൽ നിന്നുള്ള എഴുത്തുകൾ ഈ സൈറ്റിൽ ഉണ്ടെന്ന് പൊലീസ് പറയുന്നു. ഹാഥ്‌റസിലെ ചാന്ദ്‌പ പൊലീസാണ് പുതിയ എഫ്‌ഐആർ നൽകിയത്.

ക്രിമിനൽ ഗൂഢാലോചന, രാജ്യദ്രോഹം, മതത്തിന്റെയും ജാതിയുടെയും വംശത്തിന്റെയും പേരിൽ ജനങ്ങൾക്കിടയിൽ സ്‌പർദ്ധ ഉണ്ടാക്കാൻ ശ്രമിക്കൽ, സമാധാനം തകർക്കാനുള്ള ഗൂഢപദ്ധതി എന്നിവയെല്ലാം ചേർത്ത് 109, 120 ബി, 124 എ, 153 എ, 153 ബി, 420 എന്നീ വകുപ്പുകൾ പ്രകാരമാണ് പുതിയ എഫ്ഐആർ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook