ലഖ്നൗ: ഹത്രാസ് പീഡനക്കേസിൽ ഉത്തർപ്രദേശ് സർക്കാർ പ്രതിരോധത്തിൽ. ദേശീയ വനിത കമ്മിഷനും മനുഷ്യാവകാശ കമ്മിഷനും വിഷയത്തിൽ റിപ്പോർട്ട് തേടി. പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ മൃതദേഹം വീട്ടിൽ കയറ്റാതെ പുലർച്ചെ ദഹിപ്പിച്ച പൊലീസ് നടപടിക്കെതിരെ വിമർശനമുയർന്നിരുന്നു. ഇതിനു പിന്നാലെയാണ് വനിത കമ്മിഷനും മനുഷ്യാവകാശ കമ്മിഷനും വിഷയത്തിൽ ഇടപെട്ടത്.
കുടുംബാംഗങ്ങളുടെ സാന്നിധ്യമില്ലാതെ തിടുക്കത്തിൽ പെൺകുട്ടിയുടെ മൃതദേഹം ദഹിപ്പിച്ച പൊലീസ് നടപടിയെ ചോദ്യംചെയ്ത് ദേശീയ വനിത കമ്മിഷൻ ഉത്തർപ്രദേശ് ഡിജിപിക്ക് നോട്ടീസ് നൽകി. പൊലീസ് മേധാവി വിശദീകരണം നൽകണം. ഹത്രാസ് പീഡനക്കേസുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഉത്തർപ്രദേശ് സർക്കാരിനും സംസ്ഥാന പൊലീസ് മേധാവിക്കും നോട്ടീസ് നൽകിയിട്ടുണ്ട്.
പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകാത്തതിൽ നേരത്തെ ഉത്തർപ്രദേശ് പൊലീസിനെതിരെ ആരോപണമുയർന്നിരുന്നു. നാടകീയ രംഗങ്ങൾക്ക് ശേഷമാണ് പെൺകുട്ടിയുടെ മൃതദേഹം സംസ്കരിച്ചത്. മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകാത്ത പൊലീസ് നടപടിയിൽ പ്രതിഷേധമുണ്ടായി. പെൺകുട്ടിയുടെ വീട്ടുകാർ അടക്കം ഇതിനെതിരെ രംഗത്തെത്തി.
Read Also: രാഹുൽ വീണു; പൊലീസ് കൈയേറ്റത്തിലും തളരാതെ മുന്നോട്ട്, ഒടുവിൽ അറസ്റ്റ്
ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് പെൺകുട്ടിയെ സംസ്കരിച്ചത്. മൃതദേഹം സംസ്കരിക്കാൻ പൊലീസ് തങ്ങളെ നിർബന്ധിക്കുകയായിരുന്നെന്നും മൃതദേഹം വീട്ടിൽവയ്ക്കാൻ പോലും പൊലീസ് സമ്മതിച്ചില്ലെന്നും പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
“ഞങ്ങളോട് ഒന്നും പറയാതെ എന്റെ സഹോദരിയുടെ മൃതദേഹം പൊലീസ് സംസ്കരിച്ചു. അവസാനമായി അവളുടെ മൃതദേഹം വീട്ടിൽ കയറ്റണമെന്ന് പൊലീസിനോട് കെഞ്ചി പറഞ്ഞു. എന്നാൽ, ഞങ്ങൾ പറയുന്നത് കേൾക്കാൻ പൊലീസ് തയ്യാറല്ലായിരുന്നു,” പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു.
“മൃതദേഹം വീടിനുള്ളിലേക്ക് എടുക്കാൻ പൊലീസ് അനുവദിച്ചില്ല. ആംബുലൻസിൽ മൃതദേഹം എത്തിച്ച ഉടനെ സംസ്കാരം നടത്താൻ തിരക്ക് കൂട്ടുകയായിരുന്നു പൊലീസ്. ഇപ്പോൾ സംസ്കരിക്കരുതെന്ന് ഞങ്ങൾ ആവശ്യപ്പെട്ടപ്പോൾ പൊലീസ് ഞങ്ങളോട് ദേഷ്യപ്പെട്ടു. പൊലീസ് ഞങ്ങളുടെ ബന്ധുക്കളെ ഉപദ്രവിച്ചു. ഭയംമൂലം ഞങ്ങൾ വീടിനകത്ത് കയറി വാതിൽ അടച്ചു. പൊലീസ് എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഞങ്ങൾക്ക് അറിയില്ല. അവളുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാൻ ഞങ്ങൾ ആഗ്രഹിച്ചു. രാത്രിയിൽ അവളെ സംസ്കരിക്കുന്നതിനോട് ഞങ്ങൾക്ക് യോജിപ്പില്ലായിരുന്നു,” പെൺകുട്ടിയുടെ സഹോദരൻ വലിയ വേദനയോടെ പറഞ്ഞു.