രാഹുൽ വീണു; പൊലീസ് കൈയേറ്റത്തിലും തളരാതെ മുന്നോട്ട്, ഒടുവിൽ അറസ്റ്റ്

നിരോധനാജ്ഞ നിലനിൽക്കുന്ന സ്ഥലമായതിനാൽ രാഹുലും പ്രിയങ്കയും തിരിച്ചുപോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടു

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിൽ ഉയർന്ന ജാതിക്കാരായ നാല് പേരുടെ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ വീട് സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ അറസ്റ്റ് ചെയ്‌തു. പകർച്ചവ്യാധി നിയമപ്രകാരമാണ് അറസ്റ്റ്. പൊലീസ് കെെയേറ്റത്തിനിടെ രാഹുൽ ഗാന്ധി മറിഞ്ഞുവീണു. നാടകീയ രംഗങ്ങളാണ് യമുന എക്‌സ്‌പ്രസ് റോഡിൽ അരങ്ങേറിയത്.

കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് ഉച്ചയ്‌ക്ക് ശേഷമാണ് പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ ഹത്രാസിലെത്തിയത്. എന്നാൽ, ഇരുവരെയും യാത്രാ മധ്യേ പൊലീസ് തടഞ്ഞു. വിലക്ക് ലംഘിച്ചും ഇവർ യാത്ര തുടർന്നു. രാഹുൽ, പ്രിയങ്ക എന്നിവർക്കൊപ്പം ഏതാനും കോൺഗ്രസ് പ്രവർത്തകരുമുണ്ടായിരുന്നു.

നിരോധനാജ്ഞ നിലനിൽക്കുന്ന സ്ഥലമായതിനാൽ രാഹുലും പ്രിയങ്കയും തിരിച്ചുപോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ, രാഹുലും പ്രിയങ്കയും തയ്യാറായില്ല. ഇവർ യാത്ര തുടർന്നു. നിരോധനാജ്ഞ ലംഘിച്ചിട്ടില്ലെന്ന് രാഹുൽ പറഞ്ഞു. “അഞ്ച് പേരിൽ കൂടുതൽ ഉണ്ടെങ്കിലാണ് നിരോധനാജ്ഞ ലംഘനമാകുക, ഞാൻ നടക്കുന്നത് തനിച്ചാണ്. ഇനി ഏത് വകുപ്പിലാണ് നിങ്ങൾ എന്നെ അറസ്റ്റ് ചെയ്യാൻ പോകുന്നത്?” രാഹുൽ ഗാന്ധി ചോദിച്ചു. പകർച്ചവ്യാധി നിയമപ്രകാരം സെക്ഷൻ 188 ചുമത്തിയാണ് രാഹുലിനെ അറസ്റ്റ് ചെയ്യുന്നതെന്ന് യുപി പൊലീസ് മറുപടി നൽകി.

ഹത്രാസ് പീഡനക്കേസുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഉത്തർപ്രദേശ് സർക്കാരിനും സംസ്ഥാന പൊലീസ് മേധാവിക്കും നോട്ടീസ് നൽകിയിട്ടുണ്ട്.

അതേസമയം, പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകാത്തതിൽ നേരത്തെ ഉത്തർപ്രദേശ് പൊലീസിനെതിരെ ആരോപണമുയർന്നിരുന്നു. നാടകീയ രംഗങ്ങൾക്ക് ശേഷമാണ് പെൺകുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചത്. മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകാത്ത പൊലീസ് നടപടിയിൽ പ്രതിഷേധമുണ്ടായി. പെൺകുട്ടിയുടെ വീട്ടുകാർ അടക്കം ഇതിനെതിരെ രംഗത്തെത്തി.

Read Also: ദലിത് പെൺകുട്ടിയുടെ പീഡനം: മൃതദേഹം വീട്ടുകാർക്ക് കൊടുത്തില്ല, തിടുക്കത്തിൽ സംസ്‌കരിച്ച് യുപി പൊലീസ്

ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് പെൺകുട്ടിയെ സംസ്‌കരിച്ചത്. മൃതദേഹം സംസ്‌കരിക്കാൻ പൊലീസ് തങ്ങളെ നിർബന്ധിക്കുകയായിരുന്നെന്നും മൃതദേഹം വീട്ടിൽവയ്‌ക്കാൻ പോലും പൊലീസ് സമ്മതിച്ചില്ലെന്നും പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.

“ഞങ്ങളോട് ഒന്നും പറയാതെ എന്റെ സഹോദരിയുടെ മൃതദേഹം പൊലീസ് സംസ്‌കരിച്ചു. അവസാനമായി അവളുടെ മൃതദേഹം വീട്ടിൽ കയറ്റണമെന്ന് പൊലീസിനോട് കെഞ്ചി പറഞ്ഞു. എന്നാൽ, ഞങ്ങൾ പറയുന്നത് കേൾക്കാൻ പൊലീസ് തയ്യാറല്ലായിരുന്നു,” പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു.

“മൃതദേഹം വീടിനുള്ളിലേക്ക് എടുക്കാൻ പൊലീസ് അനുവദിച്ചില്ല. ആംബുലൻസിൽ മൃതദേഹം എത്തിച്ച ഉടനെ സംസ്‌കാരം നടത്താൻ തിരക്ക് കൂട്ടുകയായിരുന്നു പൊലീസ്. ഇപ്പോൾ സംസ്‌കരിക്കരുതെന്ന് ഞങ്ങൾ ആവശ്യപ്പെട്ടപ്പോൾ പൊലീസ് ഞങ്ങളോട് ദേഷ്യപ്പെട്ടു. പൊലീസ് ഞങ്ങളുടെ ബന്ധുക്കളെ ഉപദ്രവിച്ചു. ഭയംമൂലം ഞങ്ങൾ വീടിനകത്ത് കയറി വാതിൽ അടച്ചു. പൊലീസ് എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഞങ്ങൾക്ക് അറിയില്ല. അവളുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാൻ ഞങ്ങൾ ആഗ്രഹിച്ചു. രാത്രിയിൽ അവളെ സംസ്‌കരിക്കുന്നതിനോട് ഞങ്ങൾക്ക് യോജിപ്പില്ലായിരുന്നു,” പെൺകുട്ടിയുടെ സഹോദരൻ വലിയ വേദനയോടെ പറഞ്ഞു.

ഹത്രാസ് ജില്ലക്കാരിയായ പെണ്‍കുട്ടിയെ ഉയര്‍ന്ന ജാതിക്കാരായ നാലുപേര്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുയായിരുന്നു. സെപ്റ്റംബര്‍ 14 നായിരുന്നു സംഭവം. അമ്മയ്‌ക്കൊപ്പം പുല്ലുവെട്ടാന്‍ പോയപ്പോഴാണു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിയില്‍നിന്ന് 100 മീറ്റര്‍ അകലെയായിരുന്നു അമ്മ.

യുവതിയെ വയലിലേക്കു വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ അവളുടെ ദുപ്പട്ട ഉപയോഗിച്ച് കഴുത്തുമുറുക്കി കൊലപ്പെടുത്താനും അക്രമികള്‍ ശ്രമിച്ചു. നാവ് മുറിച്ചുമാറ്റിയ നിലയിലാണ് പെണ്‍കുട്ടിയെ കാണ്‍പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിച്ചത്. സ്‌പൈനല്‍ കോഡിന് ഉള്‍പ്പെടെ ശരീരത്തില്‍ ഗുരുതര പരുക്കുകളുണ്ടായിരുന്നു. നില ഗുരുതരമായതിനാല്‍ അലിഗഡിലെ ആശുപത്രിയിലേക്കും തുടര്‍ന്ന് ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

Read Also: യുപിയിൽ വീണ്ടും കൂട്ടബലാത്സംഗം; ദലിത് വിദ്യാർഥിനി കൊല്ലപ്പെട്ടു

സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബോധം വീണ്ടെടുത്തതിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ 23 ന് പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇവര്‍ക്കെതിരെ കൂട്ടബലാത്സംഗം, കൊലപാതകശ്രമം എന്നീ കുറ്റങ്ങള്‍ക്കൊപ്പം പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരമുള്ള വിവിധ വകുപ്പുകളും ചുമത്തി. സന്ദീപ്, അമ്മാവന്‍ രവി, ഇവരുടെ സുഹൃത്ത് ലവ് കുശ് എന്നിവരുടെ പേരാണു പെണ്‍കുട്ടി വെളിപ്പെടുത്തിയത്. പ്രധാന പ്രതി സന്ദീപും കുടുംബവും തങ്ങളുടെ പ്രദേശത്തെ ദലിതരെ എപ്പോഴും ഉപദ്രവിച്ചിരുന്നതായി പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു.

19 വര്‍ഷം മുന്‍പ് സന്ദീപിന്റെ മുത്തച്ഛനെ എസ്‌സി / എസ്‌ടി നിയമപ്രകാരം മൂന്ന് മാസം തടവിന് ശിക്ഷിച്ചിരുന്നു. പെണ്‍കുട്ടിയുടെ മുത്തച്ഛനെ നിസാരപ്രശ്‌നത്തിന്റെ പേരില്‍ മര്‍ദിച്ചതിനായിരുന്നു ഇത്. സംഭവം കുടുംബങ്ങള്‍ക്കിടയില്‍ വിദ്വേഷം നിലനിര്‍ത്തിയിരുന്നുവെന്നും മദ്യപാനിയായ സന്ദീപ് സ്ത്രീകളെ ഉപദ്രവിക്കാറുണ്ടെന്നും പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Hathras rape case rahul priyanka march to meet victims family

Next Story
ഈ കുഞ്ഞുകൈകളിൽ നിളപോലെ ചായങ്ങൾnila
The moderation of comments is automated and not cleared manually by malayalam.indianexpress.com