ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിൽ ഉയർന്ന ജാതിക്കാരായ നാല് പേരുടെ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ വീട് സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിക്ക് പൊലീസ് കെെയേറ്റം. യമുന എക്‌സ്‌പ്രസ് റോഡിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ വീട് സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ അറസ്റ്റ് ചെയ്‌തു. പകർച്ചവ്യാധി നിയമപ്രകാരമാണ് അറസ്റ്റ്. പൊലീസ് കെെയേറ്റത്തിനിടെ രാഹുൽ ഗാന്ധി മറിഞ്ഞുവീണു.


നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് രാഹുലിനോടും പ്രിയങ്കയോടും പൊലീസ് പറഞ്ഞു. പൊലീസ് തടഞ്ഞെങ്കിലും തിരിച്ചുപോകാൻ തയ്യാറല്ലായിരുന്നു രാഹുലും പ്രിയങ്കയും. “അഞ്ച് പേരിൽ കൂടുതൽ ഉണ്ടെങ്കിലാണ് നിരോധനാജ്ഞ ലംഘനമാകുക, ഞാൻ നടക്കുന്നത് തനിച്ചാണ്. ഇനി ഏത് വകുപ്പിലാണ് നിങ്ങൾ എന്നെ അറസ്റ്റ് ചെയ്യാൻ പോകുന്നത്?” രാഹുൽ ഗാന്ധി ചോദിച്ചു. പകർച്ചവ്യാധി നിയമപ്രകാരം സെക്ഷൻ 188 ചുമത്തിയാണ് രാഹുലിനെ അറസ്റ്റ് ചെയ്യുന്നതെന്ന് യുപി പൊലീസ് മറുപടി നൽകി.

ഇതിനു പിന്നാലെ സ്ഥലത്ത് ഉന്തും തള്ളുമായി. പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ രാഹുൽ ഗാന്ധിയെ തള്ളിമാറ്റാൻ നോക്കി. ഇതിനിടെ രാഹുൽ നിലത്തുവീണു. എത്ര എതിർപ്പുണ്ടെങ്കിലും താൻ മുന്നോട്ട് പോകുമെന്ന നിലപാടായിരുന്നു രാഹുലിന്. പൊലീസ് കെെയേറ്റത്തിൽ അതിരൂക്ഷമായാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്.

“പൊലീസ് എന്നെ തള്ളിമാറ്റി, അവർ ലാത്തി ഉപയോഗിച്ചു, ഞാൻ നിലത്ത് വീണു. എനിക്ക് ഒരു കാര്യമേ ചോദിക്കാനുള്ളൂ, ഈ രാജ്യത്ത് മോദിക്ക് മാത്രം നടന്നാൽ മതിയോ? ഒരു സാധാരണക്കാരന് ഈ രാജ്യത്ത് നടക്കാനാവില്ലേ? ഞങ്ങളുടെ വാഹനം വഴിയിൽ തടയുകയായിരുന്നു, അതുകൊണ്ടാണ് ഞങ്ങൾ നടന്നത്,” രാഹുൽ ഗാന്ധി പറഞ്ഞു. കസ്റ്റഡിയിലെടുത്ത രാഹുലിനെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്ത ശേഷം പൊലീസ് വിട്ടയച്ചു. ഇരുവരും ഡൽഹിയിലേക്ക് പുറപ്പെട്ടതായാണ് റിപ്പോർട്ട്.

രാഹുൽ ഗാന്ധിക്കെതിരായ പൊലീസ് കെെയേറ്റം, പിണറായി വിജയൻ അപലപിച്ചു

രാഹുൽ ഗാന്ധിയെ കെെയേറ്റം ചെയ്‌ത നടപടിയെ മുഖ്യമന്ത്രി പിണറായി വിജയൻ അപലപിച്ചു.

“ഉത്തർപ്രദേശിലെ ഹത്രാസിൽ ക്രൂരമായ പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ പോകവെയാണ് രാഹുൽഗാന്ധിയെ ഉത്തർപ്രദേശിൽ അവിടത്തെ പോലീസും ഭരണകക്ഷിക്കാരും കെെയേറ്റം ചെയ്‌തത്. രാഹുൽ ഗാന്ധിക്ക് ഹത്രാസിലേക്ക് പോകാൻ എല്ലാ ജനാധിപത്യ അവകാശങ്ങളുമുണ്ട്. ഭരണഘടനാപരമായ സ്വാതന്ത്ര്യവുമുണ്ട്. അതിനെയൊക്കെ ഇല്ലായ്‌മ ചെയ്യുന്ന നീക്കം ആത്യന്തികമായി ജനാധിപത്യത്തിന് വിരുദ്ധമാണ്. ഇത് ജനാധിപത്യ സമൂഹത്തിന് അനുവദിച്ചു കൊടുക്കാനാവില്ല. പ്രതിഷേധാർഹവും അപലപനീയവുമാണ് രാഹുൽ ഗാന്ധിയെ വിലക്കിയതും കെെയേറ്റം ചെയ്‌തതും.” പിണറായി വിജയൻ പറഞ്ഞു.

പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം

“സ്‌ത്രീ സുരക്ഷയുടെ ഉത്തരവാദിത്തം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏറ്റെടുക്കണം. സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയണം. എന്നാൽ, സ്‌ത്രീ സുരക്ഷയ്‌ക്ക് വേണ്ടി യോഗി സർക്കാർ ഒന്നും ചെയ്യുന്നില്ല. ഹത്രാസ് പീഡനക്കേസിൽ തികഞ്ഞ നീതി നിഷേധമാണ് ഉണ്ടായിരിക്കുന്നത്. പെൺകുട്ടിയുടെ മൃതദേഹം ദഹിപ്പിച്ച രീതി പോലും വലിയ അവഹേളനമാണ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഉന്നാവോയിലെ പെൺകുട്ടിക്ക് വേണ്ടി നമ്മൾ പ്രതിഷേധിക്കുകയായിരുന്നു. സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ കാര്യത്തിൽ യുപിയിൽ ഒരു മാറ്റവും കഴിഞ്ഞ ഒരു വർഷത്തിനിടെ സംഭവിച്ചിട്ടില്ല,”

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook