ന്യൂഡൽഹി: ഹാഥ്‌റസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയുടെ മൃതദേഹം രഹസ്യമായി സംസ്കരിച്ചതിൽ വീണ്ടും ന്യായീകരണവുമായി യോഗി ആദിത്യനാഥ് സർക്കാർ. അസാധാരണമായ സാഹചര്യങ്ങള്‍ ഉണ്ടായതുകൊണ്ടും സംഘർഷ സാധ്യത കണക്കിലെടുത്തുമാണ് പെൺകുട്ടിയുടെ മൃതദേഹം രാത്രി തന്നെ സംസ്കരിച്ചതെന്ന് സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചു.

കലാപം ഒഴിവാക്കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ച ശേഷം ആണ് രാത്രി മൃതദേഹം സംസ്‌കരിച്ചതെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ സർക്കാർ പറഞ്ഞു. കേസില്‍ കോടതി മേല്‍നോട്ടത്തിലുള്ള സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് സത്യവാങ്മൂലത്തിനൊപ്പം ആവശ്യപ്പെട്ടു.

മകളുടെ മൃതദേഹം തങ്ങളെ കാണിക്കുക പോലും ചെയ്യാതെയാണ് സംസ്‌ക്കരിച്ചതെന്നും ദഹിപ്പിച്ച മൃതദേഹം തങ്ങളുടെ മകളുടേത് തന്നെയാണോ എന്ന് പോലും ഉറപ്പില്ലെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു. അലിഗഢ്‌ സര്‍വ്വകലാശാലയിലെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് റിപ്പോര്‍ട്ട് ആണ് ഹാഥ്‌റസിലെ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടില്ല എന്ന് സ്ഥാപിക്കാന്‍ ഉത്തര്‍പ്രദേശ് പോലീസ് സുപ്രീം കോടതിയില്‍ ഹാജരാക്കിയത്. ഒക്ടോബര്‍ മൂന്നിന് ഫോറന്‍സിക് വിഭാഗം പോലീസിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ബലാത്സംഗം നടന്നിട്ടില്ലെന്ന് പറയുന്നത്.

Read More: ഹാഥ്‌റസ് ബലാത്സംഗ കേസ്: യോഗി സർക്കാരിനെതിരെ അന്താരാഷ്‌ട്ര തലത്തിൽ ഗൂഢാലോചനയെന്ന് എഫ്‌ഐആർ

ജാതി സംഘര്‍ഷം വ്യാപിപ്പിക്കാനുള്ള ഉദ്ദേശത്തോടെ നടത്തിയെന്ന് പൊലീസ് അവകാശപ്പെടുന്ന കേസില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ കൈമാറാന്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും യുപി സര്‍ക്കാര്‍ പറഞ്ഞു. സംഭവത്തില്‍ ബിജെപി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനും അപമാനിക്കാനുമായി രാഷ്ട്രീയ എതിരാളികള്‍ ഗൂഢാലോചന നടത്തിയെന്നും സംസ്ഥാനത്ത് ജാതി-വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്നും യുപി ഭരണകൂടത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കാനുള്ള ശ്രമമാണ് ഇതിനുപിന്നിലെന്നുമാണ് സര്‍ക്കാരിന്റെ വാദം.

രാജ്യദ്രോഹക്കുറ്റം അടക്കം ചുമത്തിയാണ് പുതിയ എഫ്ഐആർ. ബലാത്സംഗത്തിനു ഇരയായ പെൺകുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ആരംഭിച്ച ഒരു വെബ് സൈറ്റിന്‌ ഈ ഗൂഢാലോചനയിൽ പങ്കുണ്ടെന്നും എഫ്ഐആറിൽ പറയുന്നു. ഗൂഢാലോചനയ്‌ക്ക് അന്താരാഷ്‌ട്ര മാനങ്ങളുണ്ടെന്നാണ് പൊലീസ് അവകാശവാദം.

പെണ്‍കുട്ടിയുടെ മൃതദേഹം രാത്രി സംസ്‌കരിച്ചതിനെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ന്യായീകരിച്ചിട്ടുണ്ട്. പകല്‍ ആണ് സംസ്‌കാര ചടങ്ങ് നടന്നിരുന്നത് എങ്കില്‍ അക്രമവും കലാപവും ഉണ്ടാകാന്‍ ഇടയുണ്ടാകുമായിരുന്നു എന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ചില സ്ഥാപിത താത്പര്യക്കാര്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നവെന്നും ഉത്തർപ്രദേശ് സര്‍ക്കാര്‍ ആരോപിക്കുന്നു. തെറ്റായ വ്യഖ്യാനങ്ങള്‍ അന്വേഷണത്തെ ബാധിക്കാതിരിക്കാന്‍ ഇടപെടണമെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയോടു ആവശ്യപ്പെട്ടു.

ഹാഥ്‌റസ് ബലാത്സംഗ കേസില്‍ കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ്‌ യു പി സര്‍ക്കാര്‍ കോടതിയെ നിലപാടറിയിച്ചത്.

Read More in English: Hathras rape case: Cremation at night due to extraordinary circumstances, UP govt tells SC

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook