കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായ പത്തൊന്‍പത് വയസുള്ള ദളിത് പെണ്‍കുട്ടി മരിച്ചു. രണ്ടാഴ്ച മുന്‍പാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഹത്രാസ് ജില്ലക്കാരിയായ പെണ്‍കുട്ടിയെ ഉയര്‍ന്ന ജാതിക്കാരായ നാലുപേര്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുയായിരുന്നു. സെപ്റ്റംബര്‍ 14 നായിരുന്നു സംഭവം. അമ്മയ്ക്കൊപ്പം പുല്ലുവെട്ടാന്‍ പോയപ്പോഴാണു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിയില്‍നിന്ന് 100 മീറ്റര്‍ അകലെയായിരുന്നു അമ്മ.
യുവതിയെ വയലിലേക്കു വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ അവളുടെ ദുപ്പട്ട ഉപയോഗിച്ച് കഴുത്തുമുറുക്കി കൊലപ്പെടുത്താനും അക്രമികള്‍ ശ്രമിച്ചു.
നാവ് മുറിച്ചുമാറ്റിയ നിലയിലാണ് പെണ്‍കുട്ടിയെ കാണ്‍പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിച്ചത്. സ്പൈനല്‍ കോഡിന് ഉള്‍പ്പെടെ ശരീരത്തില്‍ ഗുരുതര പരുക്കുകളുണ്ടായിരുന്നു. നില ഗുരുതരമായതിനാല്‍ അലിഗഡിലെ ആശുപത്രിയിലേക്കും തുടര്‍ന്ന് ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
Also Read: ഇടുക്കിയിൽ വിഷമദ്യം കഴിച്ച് മൂന്ന് പേർ ആശുപത്രിയിൽ
സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബോധം വീണ്ടെടുത്തതിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ 23 ന് പെണ്‍കുട്ടി നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇവര്‍ക്കെതിരെ കൂട്ടബലാത്സംഗം, കൊലപാതകശ്രമം എന്നീ കുറ്റങ്ങള്‍ക്കൊപ്പം പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരമുള്ള വിവിധ വകുപ്പുകളും ചുമത്തി.
സന്ദീപ്, അമ്മാവന് രവി, ഇവരുടെ സുഹൃത്ത് ലവ് കുശ് എന്നിവരുടെ പേരാണു പെണ്‍കുട്ടി വെളിപ്പെടുത്തിയത്. പ്രധാന പ്രതി സന്ദീപും കുടുംബവും തങ്ങളുടെ പ്രദേശത്തെ ദലിതരെ എപ്പോഴും ഉപദ്രവിച്ചിരുന്നതായി പെണ്‍കുട്ടിയെ കുടുംബം ആരോപിച്ചു.
19 വര്‍ഷം മുന്‍പ് സന്ദീപിന്റെ മുത്തച്ഛനെ എസ്സി / എസ്ടി നിയമപ്രകാരം മൂന്ന് മാസം തടവിന് ശിക്ഷിച്ചിരുന്നു. പെണ്‍കുട്ടിയുടെ മുത്തച്ഛനെ നിസാരപ്രശ്നത്തിന്റെ പേരില്‍ മര്‍ദിച്ചതിനായിരുന്നു ഇത്. സംഭവം കുടുംബങ്ങള്‍ക്കിടയില്‍ വിദ്വേഷം നിലനിര്‍ത്തിയിരുന്നുവെന്നും മദ്യപാനിയായ സന്ദീപ് സ്ത്രീകളെ ഉപദ്രവിക്കാറുണ്ടെന്നും പെണ്‍കുട്ടിയുടെ സഹോദരന് പറഞ്ഞു.