ലഖ്‌നൗ: ഉത്തർപ്രദേശ് ഹാഥ്‌റസിൽ ദലിത് യുവതി ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം അസാധരണവും വിചിത്രവുമെന്ന് സുപ്രീം കോടതി. ബലാത്സംഗ വാർത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് സുപ്രീം കോടതി പറഞ്ഞു.

കേസിലെ സാക്ഷികളെ യുപി സർക്കാർ എങ്ങനെയാണ് സംരക്ഷിക്കുന്നതെന്ന് സത്യവാങ്‌മൂലമായി അറിയിക്കാൻ ചീഫ് ജസ്റ്റിസ് എസ്.‌എ.ബോബ്‌ഡെ നിർദേശിച്ചു. പെൺകുട്ടിയുടെ കുടുംബത്തിനു അഭിഭാഷകനുണ്ടോ എന്ന് സത്യവാങ്‌മൂലത്തിൽ അറിയിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

ഹാഥ്‌റസ് ബലാത്സംഗ കേസ് സിബിഐയോ പ്രത്യേക അന്വേഷണ സംഘമോ വിരമിച്ച ജഡ്‌ജിമാരുടെ നേതൃത്വത്തിലോ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

Read Also: ദലിത് എംഎൽഎ ബ്രാഹ്മണ യുവതിയെ വിവാഹം കഴിച്ചു; പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ വിരമിച്ച ജഡ്‌ജിമാരുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. ഉത്തർപ്രദേശ് സർക്കാർ ഇതിനെ എതിർത്തില്ല. ഒരാഴ്‌ചയ്‌ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.

കേസ് യുപിയിൽ നിന്ന് മാറ്റണമെന്നും സാക്ഷികൾക്ക് കൂടുതൽ സംരക്ഷണം നൽകണമെന്നും മുതിർന്ന അഭിഭാഷകയായ ഇന്ദിര ജയ്‌സിങ് കോടതിയോട് ആവശ്യപ്പെട്ടു.

അതേസമയം, ഹാഥ്‌റസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയുടെ മൃതദേഹം രഹസ്യമായി സംസ്‌കരിച്ചതിൽ വീണ്ടും ന്യായീകരണവുമായി യോഗി ആദിത്യനാഥ് സർക്കാർ രംഗത്തെത്തി. അസാധാരണമായ സാഹചര്യങ്ങള്‍ ഉണ്ടായതുകൊണ്ടും സംഘർഷ സാധ്യത കണക്കിലെടുത്തുമാണ് പെൺകുട്ടിയുടെ മൃതദേഹം രാത്രി തന്നെ സംസ്കരിച്ചതെന്ന് സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചു.

കലാപം ഒഴിവാക്കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ച ശേഷം ആണ് രാത്രി മൃതദേഹം സംസ്‌കരിച്ചതെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ പറഞ്ഞു. കേസില്‍ കോടതി മേല്‍നോട്ടത്തിലുള്ള സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് സത്യവാങ്മൂലത്തിനൊപ്പം സംസ്ഥാന സർക്കാർ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook