ലക്നോ: ഉത്തർപ്രദേശിലെ ഹാഥ്റസിൽ 19 കാരിയായ ദലിത് യുവതിയെ മേൽജാതിക്കാരായ നാലുപേർ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ സിബിഐ സംഘം അന്വേഷണം ആരംഭിച്ചു.

ഫോറൻസിക് വിദഗ്ധരുൾപ്പെടെ 15 അംഗ സംഘം ചൊവ്വാഴ്ച രാവിലെ 11.30 ഓടെ ഹാഥ്റസിലെത്തിയതായാണ് വിവരം. ആദ്യം സംഭവസ്ഥലത്തേക്ക് പോയ സംഘം, അവിടെ സംഭവം പുനസൃഷ്ടിക്കുകയും അതിന്റെ വീഡിയോ റെക്കോർഡുചെയ്യുകയും ചെയ്തു. ഫോറൻസിക് സംഘം സ്ഥലത്തെക്കുറിച്ച് വിശദമായ പരിശോധന നടത്തിയതായി സിബിഐയുമായി ബന്ധപ്പെട്ടവർ അറിയിച്ചു. മരിച്ച യുവതിയുടെ സഹോദരനെയും സംഭവസ്ഥലത്തേക്ക് വിളിപ്പിച്ചിരുന്നു.

Read More: മൃതദേഹം സംസ്കരിച്ചത് തങ്ങളുടെ അനുവാദമില്ലാതെ; ഹാഥ്‌റസ് പെൺകുട്ടിയുടെ കുടുംബം കോടതിയിൽ

മൂന്ന് മണിക്കൂറോളം സിബിഐ സംഘം സംഭവ സ്ഥലത്ത് ചെലവഴിച്ചു. കൊല്ലപ്പെട്ട യുവതിയുടെ വീട്ടിലേക്കും തുടർന്ന് സംഘം തെളിവെടുപ്പിനായി പോയി. യുവതിയുടെ സഹോദരനെ ചോദ്യം ചെയ്തു. യുവതിയുടെ അമ്മയെയും സിബിഐ ഉദ്യോഗസ്ഥർ സന്ദർശിച്ചു.

സഹോദരനെയും അമ്മയെയും വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയിട്ടുണ്ടെന്നും വീണ്ടും ചോദ്യം ചെയ്യലിനായി വിളിച്ചുവെന്നുമാണ് സിബിഐയുമായി ബന്ധപ്പെട്ടവർ പറഞ്ഞത്. “സഹോദരന്റെ പ്രസ്താവനകളിൽ പൊരുത്തക്കേടുകൾ ആരോപിക്കപ്പെട്ടിട്ടുണ്ട്, അതിനാൽ അദ്ദേഹത്തെ ചോദ്യം ചെയ്യുന്നു. സംഭവങ്ങളുടെ മുഴുവൻ ക്രമവും മനസിലാക്കാൻ കുടുംബത്തെ ചോദ്യം ചെയ്യുന്നു,” എന്നാണ് അന്വേഷണ വിശദാംശങ്ങളെക്കുറിച്ച് അറിയുന്ന സോഴ്സുകൾ പറഞ്ഞത്.

Read More: ഹാഥ്റസ്: അന്വേഷണം സിബിഐക്ക് കൈമാറി; കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു

യുവതിയുടെ കുടുംബാംഗങ്ങളുടെ സമ്മതമില്ലാതെ മൃതദേഹം സംസ്‌കരിച്ച സ്ഥലവും സിബിഐ സംഘം സന്ദർശിച്ചു. 45 മിനിറ്റോളം സംഭവസ്ഥലത്ത് ചിലവഴിച്ചതായും വീഡിയോ റെക്കോർഡിംഗുകൾ നടത്തിയതായും സിബിഐ സംഘം അറിയിച്ചു. “നിർബന്ധിത ശവസംസ്കാരവും അതിലേക്ക് നയിച്ച സാഹചര്യങ്ങളും അന്വേഷണ വിഷയമാണ്,” ഉദ്യോഗസ്ഥർ പറഞ്ഞു.

അന്വേഷണം നടത്താനും തെളിവുകൾ ശേഖരിക്കാനും കേസുമായി ബന്ധപ്പെട്ട ആളുകളെ ചോദ്യം ചെയ്യാനും സിബിഐ സംഘം അടുത്ത കുറച്ച് ദിവസങ്ങളിൽ ഹാത്രാസിൽ തുടരുമെന്നാണ് വിവരം.

കേസിൽ അറസ്റ്റിലായ നാല് പ്രതികളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യും. അന്വേഷണത്തിൽ ഉൾപ്പെട്ട യുപി പോലീസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും.

സെപ്റ്റംബർ 14 നാണ് യുവതി ബലാത്സംഗത്തിനിരയായത്. തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി രണ്ടാഴ്ചയോളം ചികിത്സയിൽ തുടർന്ന ശേഷമാണ് മരിച്ചത്.

Read More: Hathras case: CBI begins investigation, victim’s family questioned

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook