ലക്നൗ: ഹാഥ്റസ് സംഭവത്തിൽ പ്രതിഷേധം ശക്തമാവുന്നതിനിടെ കേസിലെ പ്രതികളെ പിന്തുണച്ച് ബിജെപി മുൻ എംഎൽഎയുടെ വീട്ടുവളപ്പിൽ യോഗം. കൊല്ലപ്പെട്ട യുവതിയുടെ കുടുംബാംഗങ്ങൾക്കെതിരെ എഫ്ഐആർ രജിസ്ട്രർ ചെയ്യണമെന്നും ബിജെപി നേതാവിന്റെ വീട്ടുവളപ്പിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു.
യുവതിയുടെ ഗ്രാമത്തിൽ നിന്ന് ഒൻപത് കിലോമീറ്റർ അകലെ മുൻ ബിജെപി എംഎൽഎ രാജ്വീർ സിംഗ് പെഹൽവാന്റെ വസതിക്ക് സമീപമാണ് ഇവർ യോഗം ചേർന്നത്. പ്രദേശത്ത് കനത്ത പോലീസ് സേനയെ വിന്യസിച്ചിരുന്നു.
പെഹൽവാന്റെ മകൻ മൻവീർ സിങ് ഉൾപ്പെടെയുള്ളവരാണ് യോഗം സംഘടിപ്പിച്ചത്. സവർണ ജാതിക്കാർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തതെന്ന വാദം തെറ്റാണെന്നും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുള്ളവരും എത്തിയിട്ടുണ്ടെന്നും മൻവീർ സിങ് അവകാശപ്പെട്ടു.
Read More: ഹാഥ്റസ്: വിരമിച്ച ജഡ്ജ് അന്വേഷിക്കണമെന്ന് ചന്ദ്രശേഖർ ആസാദ്; യുവതിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു
”ഉത്തർപ്രദേശ് മുഖ്യമന്ത്രി ഉത്തരവിട്ട സിബിഐ അന്വേഷണത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. അന്വേഷണത്തിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്,” സിങ് പറഞ്ഞു. ഇരയുടെ കുടുംബാംഗങ്ങൾ അവരുടെ നിലപാട് മാറ്റുകയാണെന്ന് സിങ് ആരോപിച്ചു.
“സർക്കാരിനെ കുറ്റപ്പെടുത്തുന്നതിനാണ് ഈ കാര്യം മുഴുവൻ സൃഷ്ടിക്കപ്പെട്ടത്. പ്രതികൾ ഏത് തരത്തിലുള്ള അന്വേഷണത്തെയും അനുകൂലിക്കുന്നു. എന്നാൽ ഇരകൾ എല്ലായ്പ്പോഴും അവരുടെ നിലപാട് മാറ്റുകയാണ്. അവർക്ക് നാർക്കോ പരിശോധനയോ സിബിഐ അന്വേഷണമോ ആവശ്യമില്ല. ഇപ്പോൾ അവർക്ക് മറ്റ് തരത്തിലുള്ള അന്വേഷണങ്ങൾ വേണം,”സിങ് അവകാശപ്പെട്ടു.
കേസിൽ പരാതിക്കാർക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് മൻവീർ പറഞ്ഞു. “ആദ്യം കേസ് ഫയൽ ചെയ്തവർക്കെതിരെ കേസ് ഫയൽ ചെയ്യണമെന്നാണ് ഞങ്ങളുടെ ആവശ്യം,” മൻവീർ പറഞ്ഞു.
Read More: അവൾ എനിക്കൊപ്പം ഇരുന്നു, ഞങ്ങളുടെ കുഞ്ഞിനെ കുറിച്ച് തിരക്കി; ഹാഥ്റസ് യുവതിയുടെ അമ്മ
19 കാരിയായ ദലിത് യുവതിയെ സെപ്റ്റംബർ 14 ന് ഹാത്രാസിൽ നാല് ഉയർന്ന ജാതിക്കാർ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ആക്രമണത്തെത്തുടർന്ന് ചികിത്സയിലായിരുന്ന യുവതി സെപ്റ്റംബർ 29 നാണ് മരിച്ചത്.
ഇരയുടെ കുടുംബത്തെ സ്വാധീനിക്കാൻ കോൺഗ്രസും സമാജ്വാദി പാർട്ടിയും ശ്രമിക്കുന്നുണ്ടെന്ന് മൻവീർ സിങ് ആരോപിച്ചു. പ്രതികളെ അറസ്റ്റ് ചെയ്തത് അവരുടെ വീടുകളിൽ നിന്ന് തന്നെയാണെന്നത് അവർ നിരപരാധികളാണെന്നതിന്റെ തെളിവാണെന്നും അവർ കുറ്റക്കാരായിരുന്നെങ്കിൽ ഒളിവിൽ പോവുമായിരുന്നെന്നും സിങ് വാദിച്ചു.
Read More: ഹാഥ്റസ് യുവതിയുടെ കുടുംബത്തോടൊപ്പം പ്രിയങ്കയും രാഹുലും- ചിത്രങ്ങൾ
യുവതിയുടെ കുടുിംബാംഗങ്ങളെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സന്ദർശിക്കുകയും തൊട്ടുപിറകെ സംഭവത്തിൽ സിബിഐ അന്വേഷണത്തിന് യുപി സർക്കാർ ഉത്തരവിടുകയും ചെയ്തതിന്റെ അടുത്ത ദിവസം തന്നെയാണ് ബിജെപി മുൻ എംഎൽഎയുടെ മകൻ അടക്കമുള്ളവരുടെ നേതൃത്വത്തിൽ പ്രതികൾക്ക് അനുകൂലമായി യോഗം ചേരുന്നത്.
ഹാഥ്റസ് സംഭവത്തിൽ രാജ്യത്ത് പ്രതിഷേധം ശക്തമായി തുടരുന്നുണ്ട്. വിവിധ പ്രതിപക്ഷ കക്ഷികൾ യുപി സർക്കാരിനെതിരേ രംഗത്തെത്തുകയും ചെയ്തിരുന്നു.
Read More: Hathras case: Accused defended at meeting held at former BJP MLA’s residence