ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗങ്ങള്‍ക്ക് കാരണമാകുന്ന ഘടകങ്ങളെ ഒഴിവാക്കുകയും രാഷ്ട്രീയത്തില്‍ മതം കലര്‍ത്താതിരിക്കുകയും ചെയ്താല്‍ വിദ്വേഷപ്രസംഗങ്ങള്‍ ഇല്ലാതാകുമെന്ന് സുപ്രീം കോടതി. രാഷ്ട്രീയവും മതവും തമ്മില്‍ വേര്‍പെടുത്തുകയും മതത്തെ ഉപയോഗിച്ചുള്ള രാഷ്ട്രീയപ്രവര്‍ത്തനം ഉപേക്ഷിക്കുകയും ചെയ്യുന്ന നിമിഷം ഇത്തരം പ്രസംഗങ്ങള്‍ ഇല്ലാതാകുമെന്നും കോടതി പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിന് വിവിധ സംസ്ഥാന അധികാരികള്‍ക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
എന്തുകൊണ്ടാണ് ആളുകള്‍ക്ക് സ്വയം നിയന്ത്രിക്കാന്‍ കഴിയാത്തതെന്ന് ജസ്റ്റിസുമാരായ കെ.എം. ജോസഫും ബി.വി.നാഗരത്നയും അടങ്ങുന്ന ബെഞ്ച് ചോദിച്ചു. ”ഓരോ ദിവസവും, മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്താന്‍ ടി.വിയിലും പൊതുവേദിയിലും ഉള്‍പ്പെടെയുള്ള വിവാദ പ്രസംഗങ്ങള്‍ നടത്തുന്നു. എന്തുകൊണ്ടാണ് ഇന്ത്യയിലെ ജനങ്ങള്‍ക്ക് മറ്റ് പൗരന്മാരെയോ സമുദായങ്ങളെയോ അപകീര്‍ത്തിപ്പെടുത്തില്ലെന്ന് പ്രതിജ്ഞയെടുക്കാന്‍ കഴിയാത്തത്,” ജസ്റ്റിസ് കെ.എം.ജോസഫ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. എന്താണ് സഹിഷ്ണുത? സഹിഷ്ണുത എന്നത് ആരോടെങ്കിലും പൊറുക്കലല്ല, മറിച്ച് വൈവിധ്യങ്ങള്‍ അംഗീകരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്റു, അടല്‍ ബിഹാരി വാജ്പേയി എന്നിവരുടെ പ്രസംഗങ്ങളും ജസ്റ്റിസ് ബി.വി.നാഗരത്ന പരാമര്‍ശിച്ചു. ”നമ്മള്‍ എങ്ങോട്ടാണ് പോകുന്നത്? പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു, അടല്‍ ബിഹാരി വാജ്പേയി തുടങ്ങിയ പ്രഭാഷകരുണ്ടായിരുന്നു. ഗ്രാമപ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ വരുമായിരുന്നു. ഇപ്പോള്‍ എല്ലാ ഭാഗത്തു നിന്നുമുള്ള ഘടകകക്ഷികള്‍ ഈ പ്രസ്താവനകള്‍ നടത്തുന്നു, നമ്മള്‍ ഇപ്പോള്‍ എല്ലാ ഇന്ത്യക്കാര്‍ക്കെതിരെയും കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ പോകുകയാണോ? അറിവിന്റെയും വിദ്യാഭ്യാസത്തിന്റെയും അഭാവത്താലാണ് അസഹിഷ്ണുത ഉണ്ടാകുന്നത്.
അതിനിടെ, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും കേരളത്തില്‍ ഒരു പ്രത്യേക സമുദായത്തിനെതിരെ നടത്തിയ അപകീര്‍ത്തികരമായ പ്രസംഗം ചൂണ്ടിക്കാട്ടി, ഹര്‍ജിക്കാരനായ ഷഹീന്‍ അബ്ദുള്ള രാജ്യത്തെ വിദ്വേഷ പ്രസംഗങ്ങളുടെ സംഭവങ്ങള്‍ തിരഞ്ഞെടുത്ത് ചൂണ്ടിക്കാണിച്ചതിനെ ചോദ്യം ചെയ്തു. കേസ് ഏപ്രില്‍ 28ന് കോടതി വീണ്ടും പരിഗണിക്കും.