/indian-express-malayalam/media/media_files/uploads/2020/08/BJP-congress-Facebook.jpg)
ന്യൂഡൽഹി: ഫെയ്‌സ്‌ബുക്ക് ഇന്ത്യയിൽ ബിജെപിക്ക് അനുകൂലമായി പ്രവർത്തിക്കുന്നു എന്ന ആരോപണത്തിനു മറുപടി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി ഫെയ്‌ബുക്കിന് അയച്ച കത്തിനാണ് ഇപ്പോൾ മറുപടി ലഭിച്ചിരിക്കുന്നത്. തങ്ങൾക്ക് ആരോടും പക്ഷപാതമില്ലെന്ന് കോൺഗ്രസിനുള്ള മറുപടിയിൽ ഫെയ്‌സ്‌ബുക്ക് പറയുന്നു.
ഫെയ്‌സ്‌ബുക്ക് സിഇഒ മാർക് സുക്കർബർഗിന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ നേരത്തെ കത്തയച്ചിരുന്നു. ഫെയ്‌സ്‌ബുക്കിന്റെ ഇന്ത്യയിലെ അധികാരികൾ ബിജെപി പക്ഷം പിടിച്ചാണ് പ്രവർത്തിക്കുന്നതെന്ന് കത്തിൽ ആരോപിച്ചിട്ടുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉന്നയിച്ച പ്രശ്‌നങ്ങളെ വളരെ ഗൗരവമായി കാണുന്നതായും ഫെയ്‌സ്‌ബുക്ക് പബ്ലിക് പോളിസി ഡയറക്‌ടർ നെയിൽ പോട്‌സ് പറഞ്ഞു.
Read Also: വിദ്വേഷപ്രചാരണം: ബിജെപി എംഎല്‍എ രാജാ സിങ്ങിനു വിലക്കേർപ്പെടുത്തി ഫെയ്‌സ്ബുക്ക്
ഇന്ത്യയിലെ ഫെയ്‌സ്‌ബുക്ക് മേധാവികൾക്കെതിരെ ഉന്നതതല അന്വേഷണം വേണമെന്ന് കോൺഗ്രസ് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഫെയ്‌സ്‌ബുക്കിന്റെ ഇന്ത്യയിലെ പബ്ലിക് പോളിസി ഡയറക്‌ടർ അംഖി ദാസിനെതിരെ വാൾ സ്‌ട്രീറ്റ് ജേണലിൽ വന്ന പരാമർശവും കോൺഗ്രസിന്റെ കത്തിൽ പരാമർശിച്ചിരുന്നു. എന്നാൽ, ഈ രണ്ട് കാര്യങ്ങളെ കുറിച്ചും ഫെയ്‌സ്‌ബുക്ക് ഒന്നും മിണ്ടിയിട്ടില്ല.
ഫെയ്‌സ്‌ബുക്കിന് ആരോടും പക്ഷപാതമില്ല. എല്ലാവിധ വിദ്വേഷ പ്രചരണങ്ങളെയും മതഭ്രാന്തിനെയും ഒരുപോലെ അപലപിക്കുന്നു. എല്ലാവർക്കും ഒരേപോലെ സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാനുള്ള ഇടമാണ് ഫെയ്‌സ്‌ബുക്കെന്നും മറുപടി കത്തിൽ വ്യക്തമാക്കിയിരിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.