തിരുവനന്തപുരം:ജാതിയുടെയും മതത്തിന്റെയും പേരില്‍ രാജ്യത്ത് വിദ്വേഷം പടര്‍ന്നുപിടിച്ചിട്ടുണ്ടെന്നും ഇതിനെ ഗൗരവമായി സമീപിച്ചില്ലെങ്കില്‍ ആഭ്യന്തരയുദ്ധത്തിലേക്ക് നയിക്കുമെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഭരണകക്ഷിയായ ബിജെപിയെ കടന്നാക്രമിച്ചായിരുന്നു ഗെലോട്ടിന്റെ പ്രസ്താവന.
കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 3,570 കിലോമീറ്റര്‍ ‘ഭാരത് ജോഡോ യാത്ര’ ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഗെഹ്ലോട്ട് പറഞ്ഞു. രാഹുല്‍ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനാകുന്നതില്‍ പാര്‍ട്ടി അണികള്‍ അനുകൂലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കും. രാജ്യത്തിന് മുന്നില്‍ വലിയ വെല്ലുവിളികളുണ്ട്, രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷനായാല്‍ അവയെ നേരിടാന്‍ എളുപ്പമാകുമെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി വിദ്വേഷവും സംഘര്‍ഷവും അക്രമവും നിലനില്‍ക്കുന്ന അന്തരീക്ഷം രാജ്യത്ത് സൃഷ്ടിക്കപ്പെട്ടതിനാല്‍ ‘ഭാരത് ജോഡോ’ എന്ന മുദ്രാവാക്യം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
”ജനങ്ങള്‍ക്കിടയില്‍ സ്‌നേഹവും സാഹോദര്യവും സൗഹാര്‍ദ്ദവും ഉണ്ടായിരിക്കണമെന്നും അക്രമം വെച്ചുപൊറുപ്പിക്കില്ലെന്നും അഭ്യര്‍ത്ഥിക്കണമെന്ന് ഞങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിക്കുന്നു. അദ്ദേഹം ഇതുവരെ അങ്ങനെ ചെയ്തിട്ടില്ല,” ഗെലോട്ട് ആരോപിച്ചു. ”ജാതിയുടെയും മതത്തിന്റെയും പേരില്‍ വിദ്വേഷം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ധ്രുവീകരണങ്ങള്‍ നടക്കുന്നു. ഇത് നിയന്ത്രിച്ചില്ലെങ്കില്‍ ആഭ്യന്തരയുദ്ധത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. നല്ല ബുദ്ധി ഉണ്ടാകട്ടെ,” പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും ലക്ഷ്യമിട്ട് അദ്ദേഹം പറഞ്ഞു.