മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുമായി അകന്ന് കഴിയുന്ന ഭാര്യ ഹസിന്‍ ജഹാന്‍ വീണ്ടും മോഡലിങ് രംഗത്തേക്ക് തിരിച്ചുവന്നു. ഷമിയും കുടുംബവും പീഡനത്തിന് ഇരയാക്കിയെന്ന് കാണിച്ചും, ഷമിക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നും പരാതിപ്പെട്ടായിരുന്നു നാല് മാസങ്ങള്‍ക്ക് മുമ്പ് ഹസിന്‍ രംഗത്തെത്തിയത്.

ഭര്‍ത്താവുമായി തര്‍ക്കത്തിലായതോടെ മൂന്ന് വയസുകാരിയായ മകളും ഹസിനും ഒറ്റപ്പെട്ടു. കൂടാതെ വരുമാനവും ഇല്ലാതായതോടെയാണ് മോഡലിങ് കരിയര്‍ തുടരാന്‍ ഹസിന്‍ തീരുമാനിച്ചത്. ഷമിയില്‍ നിന്നും പ്രതിമാസം 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭാര്യ ഹസിന്‍ ജഹാന്‍ കോടതിയെ സമീപിച്ചിരുന്നു. കേസ് നടക്കുന്ന കാലയളവില്‍ കുടുംബത്തിന്റെ ചെലവിനായാണ് 10 ലക്ഷം രൂപ ആവശ്യപ്പെട്ടത്. കുടുംബ ചെലവിനായി 7 ലക്ഷവും കുട്ടിയുടെ ചെലവിനായി 3 ലക്ഷം രൂപയുമാണ് ഹസിന്‍ ജഹാന്‍ ആവശ്യപ്പെട്ടത്. ഈ കേസ് ഇപ്പോള്‍ പരിഗണനയിലാണ്.

സാമ്പത്തികമായി തകര്‍ന്നതോടെയാണ് ഹസിന്‍ മോഡലിങ്ങിലേക്ക് തന്നെ തിരിഞ്ഞത്. 2014ല്‍ മുഹമ്മദ് ഷമിയെ വിവാഹം ചെയ്യുന്നത് വരെ പ്രൊഫഷണല്‍ മോഡലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ചിയര്‍ലീഡറും ആയിരുന്നു ഹസിന്‍ ജഹാന്‍. ‘ഷമിക്ക് എന്റെ പ്രൊഫഷന്‍ ഇഷ്ടമില്ലാത്തത് കൊണ്ട് എന്റെ കരിയറും ഇഷ്ടങ്ങളും ഞാന്‍ ഉപേക്ഷിച്ചു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം എന്നെ ഉപേക്ഷിച്ചു. അദ്ദേഹം ഇല്ലെങ്കിലും എനിക്ക് ജീവിക്കണം. എന്റെ മകളെ വളര്‍ത്തണം. ഞാനൊരിക്കല്‍ നേടിയ പേരും പ്രശസ്തിയും തിരികെ പിടിക്കാനാണ് എന്റെ പരിശ്രമം’, ഹസിന്‍ ജഹാന്‍ പറഞ്ഞു.

തന്റെ പഴയകാല സുഹൃത്തുക്കളെ ബന്ധപ്പെട്ടാണ് ഹസിന്‍ മോഡലിങ്ങിലേക്ക് വീണ്ടും ചുവടുവച്ചത്. ‘പഴയ സുഹൃത്തുക്കളെ വിളിക്കാന്‍ ആദ്യം എനിക്ക് മടിയായിരുന്നു. അവരുമായി വിവാഹത്തിന് ശേഷം കൂടുതല്‍ ബന്ധമുണ്ടായിരുന്നില്ല. എന്നാല്‍ എന്റെ മകള്‍ക്കും എനിക്കും നല്ലൊരു ഭാവിക്കായി എനിക്ക് മുന്നോട്ട് വരണമായിരുന്നു. ഇപ്പോള്‍ ഒരു സുഹൃത്തിന്റെ കൂടെ ജോലി ചെയ്യുന്നു’, ഹസിന്‍ പറഞ്ഞു.

മോഡലിങ്ങിന് പുറമെ അഭിനയത്തിലും ഹസിന്‍ ഒരു കൈ നോക്കുന്നുണ്ട്. ചില ഷോർട് ഫിലിമുകളില്‍ ഇപ്പോള്‍ അഭിനയിച്ച് കഴിഞ്ഞു. ഇപ്പോള്‍ ജഹാന്‍ ജിമ്മില്‍ പോയി തുടങ്ങിയിട്ടുണ്ട്. ‘ഞാന്‍ ഇപ്പോള്‍ 15 കി.ഗ്രാം ശരീരഭാരം കുറച്ചു. ഇനിയും പരിശ്രമിക്കണം. പക്ഷെ അതത്ര എളുപ്പമല്ല’, ഹസിന്‍ ​ജഹാന്‍ പറഞ്ഞു.

ഷമി, അദ്ദേഹത്തിന്റെ മാതാവ്, മൂത്ത സഹോദരന്‍, സഹോദരി, സഹോദരന്റെ ഭാര്യ എന്നിവര്‍ക്കെതിരെയാണ് ഗാര്‍ഹിക പീഡനത്തിന് ഹസിന്‍ ജഹാന്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഷമിയുടെ കുടുംബാംഗങ്ങള്‍ക്കെതിരേയും ഹസിന്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഷമിയും കുടുംബവും ചേര്‍ന്ന് തന്നെ കൊല്ലാന്‍ ശ്രമിച്ചെന്നും ഷമിയുടെ സഹോദരനൊപ്പം ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെട്ടെന്നും ഹസിന്‍ പറയുന്നു. വിവാദം ഇന്ത്യന്‍ ക്രിക്കറ്റിനെ തന്നെ പിടിച്ചു കുലുക്കുകയാണ്. താരത്തിനെതിരെ കൊല്‍ക്കത്ത പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

ഒരു സ്ത്രീയുമായുള്ള ഷമിയുടെ വാട്‌സ്ആപ്പ് ചാറ്റ് ഹസിന്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടതോടെയായിരുന്നു വിവാദത്തിന് തുടക്കമായത്. താരത്തിന്റെ വൃത്തികെട്ട മുഖത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ പുറത്തു വന്നിട്ടുള്ളൂവെന്നും ഹസിന്‍ പറഞ്ഞിരുന്നു. അതേസമയം, കേസ് കോടതിയ്ക്ക് പുറത്ത് വച്ചു തന്നെ ഒത്തു തീര്‍പ്പാക്കാനുള്ള ശ്രമങ്ങളുമായി ഷമിയുടെ കുടുംബം മുന്നോട്ട് പോവുകയാണ്. ഇതിനിടെ തന്നെ മറ്റ് നമ്പറുകളില്‍ നിന്നും വാട്‌സ്ആപ്പ് സന്ദേശത്തിലൂടെ ഷമി ഭീഷണിപ്പെടുത്തുന്നതായും ഹസിന്‍ ആരോപണമുന്നയിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook