കൊല്‍ക്കത്ത: മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ പൊട്ടിത്തെറിച്ച് മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍. താരത്തിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങളും തുടര്‍ന്നുണ്ടായ വിവാദങ്ങളേയും കുറിച്ച് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോടാണ് ഹസിന്‍ പൊട്ടിത്തെറിച്ചത്.

കൊല്‍ക്കത്തയിലെ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിന് അടുത്ത് വച്ചായിരുന്നു സംഭവം. മാധ്യമ പ്രവര്‍ത്തകരോട് കയര്‍ക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്ത ഹസിന്‍ ക്യാമറ നശിപ്പിച്ചതായും ആരോപണമുണ്ട്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

അതേസമയം, ഹസിനോട് മോശമായി സംസാരിക്കുകയും വ്യക്തിജീവിതത്തെ കുറിച്ച് ചോദ്യം ചെയ്തതുമാണ് അവരെ ദേഷ്യം പിടിപ്പിച്ചതെന്ന് വക്കീല്‍ പറഞ്ഞു. നേരത്തേയും ഹസിന്‍ മാധ്യമങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. താന്‍ തെളിവുകള്‍ നല്‍കിയിട്ടും എന്തുകൊണ്ട് മാധ്യമങ്ങള്‍ അന്വേഷിക്കുന്നില്ലെന്ന് ഹസിന്‍ ചോദിച്ചിരുന്നു.

അതേസമയം, ഷമിയ്‌ക്കെതിരായുള്ള അന്വേഷണം പൊലീസ് ശക്തമാക്കിയിരിക്കുകയാണ്. താരത്തിന്റെ ഫോണ്‍ പൊലീസ് കണ്ടുകെട്ടി. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം താരം നടത്തിയ യാത്രയുടെ വിവരങ്ങള്‍ നല്‍കാന്‍ ബിസിസിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹസിന്‍ ജഹാന്റെ പക്കലുണ്ടായിരുന്ന ഫോണാണ് പൊലീസ് കണ്ടുകെട്ടിയത്.

എന്നാല്‍ കേസ് കോടതിയ്ക്ക് പുറത്ത് വെച്ച് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയാണ് കുടുംബങ്ങള്‍. ഷമിയുടെ കുടുംബാംഗങ്ങള്‍ ഇതിനായി ഹസിന്റെ വക്കീലുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അതേസമയം ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഹസിന്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ